ഇന്ത്യയ്ക്കു ഭീഷണിയുയർത്തി മാലദ്വീപിലെ ചൈനീസ് നീക്കങ്ങൾ

മൂന്നു പതിറ്റാണ്ട് മാലദ്വീപ് ഭരിച്ച മൗമൂൻ അബ്ദുൽ ഗയൂമിനെക്കുറിച്ചു ഡൽഹിയിലെ നയതന്ത്രജ്ഞരുടെ ഇടയിൽ ഒരു തമാശയുണ്ടായിരുന്നു. എല്ലാ കൊല്ലവും ജനുവരി അവസാനവാരത്തിൽ ഗയൂമിന്റെ ഡയറിയിൽ ഒരു പരിപാടിയും കുറിച്ചിട്ടുണ്ടാവില്ല. കാര്യമിതാണ്. ജനുവരി 26ലെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി ആയി ഇന്ത്യയ്ക്കു മറ്റാരെയും കിട്ടിയില്ലെങ്കിൽ ഗയൂം തയാറായി ഇരുന്നുകൊള്ളണം. ഇന്ത്യ ഒരു ക്ഷണക്കത്ത് അയയ്ക്കും. പിന്നാലെ ഒരു ചാർട്ടർ വിമാനവും. അതിൽ കയറി ഗയൂം സമയത്തിനു ഡൽഹിയിൽ എത്തിക്കൊള്ളണം.

എന്നാൽ, മൂന്നാഴ്ച മുൻപ് ഇന്ത്യയുടെ ഒരു ക്ഷണം മാലദ്വീപ് പിൻകൈകൊണ്ടു തട്ടിക്കളഞ്ഞു. അടുത്ത ആഴ്ച ആൻഡമാൻ കടലിൽ നടക്കാനിരിക്കുന്ന മിലൻ എന്ന ബഹുരാഷ്ട്ര നാവികാഭ്യാസത്തിൽ പങ്കെടുക്കാനാവില്ലെന്നു മാലദ്വീപ് ഇന്ത്യൻ നാവികസേനയെ അറിയിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അവരുടെ തീരസേനയ്ക്ക് ഇപ്പോൾ സമയമില്ലത്രെ !

മൗമൂൻ അബ്ദുൽ ഗയൂം

1988ൽ ഒരു തെമ്മാടിവിപ്ലവത്തിൽ പുറത്താക്കപ്പെട്ടപ്പോൾ 12 മണിക്കൂറിനുള്ളിൽ ഇന്ത്യ ദൗത്യസേനയെ അയച്ചു സഹായിച്ചതു മാത്രമായിരുന്നില്ല ഗയൂം ഇന്ത്യയോടു കടപ്പെട്ടിരിക്കാൻ കാരണം. ഗയൂമിനെ എതിർത്തിരുന്ന മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയും ഇന്ത്യയോട് അടുത്ത ബന്ധമാണു പുലർത്തിയിരുന്നത്. പ്രതിപക്ഷത്തിന്റെ സമ്മർദത്തിനും ഇന്ത്യയുടെ നിർബന്ധത്തിനും വഴങ്ങിയാണ് ഒരു ദശകം മുൻപു പുതിയ ഭരണഘടനയുണ്ടാക്കാൻ ഗയൂം സമ്മതം മൂളിയതും ഒടുവിൽ ഒരു തിരഞ്ഞെടുപ്പു നടത്തി അധികാരം കയ്യൊഴിഞ്ഞതും.

2007ൽ ആരംഭിച്ച ഭരണഘടനാനിർമാണകാലത്ത് എവിടെയും സംഭവിക്കാവുന്ന രാഷ്ട്രീയകലാപങ്ങൾ മാലദ്വീപിലും ഉണ്ടായി. അക്കാലത്തു സുരക്ഷാ ഏജൻസികളുടെ ശ്രദ്ധ ആഭ്യന്തര കലാപങ്ങൾ നിയന്ത്രിക്കുന്നതിലേക്കു തിരിഞ്ഞതോടെ അൽ ഖായിദയുമായി ബന്ധപ്പെട്ട ഭീകരസംഘങ്ങൾ മനുഷ്യവാസമില്ലാത്ത ചില ദ്വീപുകൾ താവളമാക്കാൻ ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ ലഭിച്ചു. ഈ സമയത്തും ഇന്ത്യയാണ് രക്ഷയ്ക്കെത്തിയത്.

ഇരുപത്തിയാറു ദ്വീപസമൂഹങ്ങളാണു മാലദ്വീപ്. അവയിൽ രണ്ടെണ്ണത്തിൽ മാത്രമേ തീരദേശ റഡാറുകൾ സ്ഥാപിച്ചിരുന്നുള്ളൂവെന്ന് ഇന്ത്യൻ നാവികസേനാ വിദഗ്ധർ കണ്ടെത്തി. ബാക്കി 24 ദ്വീപുകളിലും ഇന്ത്യ റഡാർ ശൃംഖല സ്ഥാപിച്ചുകൊടുത്തു എന്നു മാത്രമല്ല, ഈ ശൃംഖലയെ ഇന്ത്യയുടെ തീരദേശ റഡാർ ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഏതാനും ഹെലികോപ്റ്ററുകൾ സ്ഥിരമായി മാലദ്വീപിൽ താവളമാക്കാൻ മാലദ്വീപ് സമ്മതിച്ചു. ദ്വീപുകളുടെ മേൽ ഇന്ത്യൻ പര്യവേക്ഷകവിമാനങ്ങൾ ഇഷ്ടംപോലെ റോന്തു ചുറ്റാനും മാലദ്വീപ് സമ്മതം നൽകി. ഫലത്തിൽ ഇന്ത്യ നൽകിയ രാഷ്ട്രസുരക്ഷാകവചത്തിലിരുന്നു കൊണ്ടാണു മാലദ്വീപിൽ ജനാധിപത്യം സ്ഥാപിക്കപ്പെട്ടതും അധികാരക്കൈമാറ്റം നടന്നതും. അതിനാൽ അന്നത്തെ ഭരണകൂടവും പ്രതിപക്ഷവും ഇന്ത്യയോട് അടുത്ത ബന്ധമാണു പുലർത്തിയിരുന്നത്.

ഇതോടെ, ഇന്ത്യൻ നാവികസേനയും കോസ്റ്റ് ഗാർഡും നടത്തുന്ന എല്ലാ ബഹുരാഷ്ട്ര സൈനികാഭ്യാസങ്ങളുടെയും സ്ഥിരം ഭാഗമായി മാലദ്വീപ് കോസ്റ്റ് ഗാർഡ്. ദ്വീപസമൂഹരാജ്യമാണെങ്കിലും മാലദ്വീപിനു സ്വന്തമായി നാവികസേനയില്ല. ഏതാണ്ട് 20 പട്രോൾ ബോട്ടുകളുള്ള ഒരു തീരസംരക്ഷണസേനമാത്രം. ഇവതന്നെ മിക്കവയും ഇന്ത്യ സമ്മാനിച്ചതോ, ഇന്ത്യയിൽ പരിശീലനം നേടിയ ഓഫിസർമാർ കമാൻഡ് ചെയ്യുന്നവയോ ആണ്. ഈ കോസ്റ്റ് ഗാർഡ് ആണ് ഇപ്പോൾ ഇതാദ്യമായി ഇന്ത്യയുടെ ക്ഷണം നിരസിച്ചത്.

മാലദ്വീപ് ശാക്തികമായി ഇന്ത്യയിൽ നിന്ന് അകലുകയാണെന്നതിന് ഇതിലധികം വ്യക്തമായ തെളിവിന്റെ ആവശ്യമില്ല. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് നഷീദിനെ പുറത്താക്കി അധികാരത്തിൽ വന്ന വഹീദ് ഹസൻ ചൈനയോട് അടുത്തുകൊണ്ടിരിക്കയാണ്. തലസ്ഥാനമായ മാലെയിൽ പുതിയൊരു വിമാനത്താവളം നിർമിക്കുന്നതിന് ഒരു ഇന്ത്യൻ കമ്പനിക്കു നൽകിയ കരാർ റദ്ദാക്കി ചൈനീസ് കമ്പനിക്കു നൽകിയതായിരുന്നു ആദ്യനീക്കം. ഒപ്പം, മതമൗലിക രാഷ്ട്രീയത്തിലൂടെ പാക്കിസ്ഥാനുമായും ഹസൻ അടുത്തുകൊണ്ടിരിക്കയാണ്. കഴിഞ്ഞകൊല്ലം ചൈനയുമായി ഒരു സ്വതന്ത്രവ്യാപാരക്കരാറും ഒപ്പിട്ടു.

മുഹമ്മദ് നഷീദ്

2005–06 കാലത്ത് മാലദ്വീപിന്റെ ഒരു ദ്വീപ് ടൂറിസം വികസനത്തിനായി ചൈന പാട്ടത്തിനു ചോദിച്ചതായി ഇന്ത്യയ്ക്കു രഹസ്യവിവരം ലഭിച്ചിരുന്നു. ദ്രുതഗതിയിലുള്ള നയതന്ത്രനീക്കത്തിലൂടെ ഇന്ത്യൻ ഭരണകൂടം അന്നതു തടഞ്ഞു. എന്നാൽ, ഏതാനും ആഴ്ചമുൻപ് ഇന്ത്യയുടെ പ്രതിഷേധം വകവയ്ക്കാതെ നമ്മുടെ ലക്ഷദ്വീപിനോടടുത്തുകിടക്കുന്ന മാകുനുതു ദ്വീപിൽ ഒരു സമുദ്ര നിരീക്ഷണ താവളം നിർമിക്കാൻ ചൈനയെ മാലദ്വീപ് അനുവദിച്ചിരിക്കയാണ്. സൈനികോദ്ദേശ്യത്തോടെയല്ല ഇതിന്റെ നിർമാണമെന്നു മാലദ്വീപ് പറയുന്നുണ്ടെങ്കിലും ഇന്ത്യയുടെ പടിഞ്ഞാറൻ സമുദ്രാതിർത്തിയിൽ ഇത്രയുമടുത്തു ചൈനയുടെ സമുദ്രനിരീക്ഷണത്താവളം വരുന്നത് ഇന്ത്യയ്ക്ക് ഒരിക്കലും ഹിതകരമാവില്ല.

വഹീദ് ഹസൻ

അറബിക്കടലിന്റെ വടക്കേയറ്റത്തു പാക്കിസ്ഥാന് ചൈന നിർമിച്ചു നൽകിയ ഗ്വാദോർ തുറമുഖത്തു ചൈനീസ് പടക്കപ്പലുകൾ എത്തിക്കഴിഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള ഇവയുടെ യാത്രാവഴിയിലാണ് ഈ നിരീക്ഷണത്താവളം ഉയർന്നുവരുന്നത്. കൊച്ചിയിൽ നിന്നും കാർവാറിൽ നിന്നും മുംബൈയിൽ നിന്നും പുറപ്പെട്ട് അറബിക്കടലിലൂടെ തെക്കൻ സമുദ്രത്തിലേക്കു പോകുന്ന ഇന്ത്യൻ പടക്കപ്പലുകൾ ഇതോടെ ചൈനയുടെ നിരീക്ഷണത്തിലാവുകയാണ്.

1990കളിൽ ഇന്ത്യയുടെ കിഴക്കൻ സമുദ്രാതിർത്തിയിലെ മ്യാൻമറിലെ കോക്കോ ദ്വീപിൽ ഒരു സമുദ്രനിരീക്ഷണത്താവളം സ്ഥാപിച്ചതിനു സമാനമായ നീക്കമാണിപ്പോൾ ചൈന പടിഞ്ഞാറൻ കടലിൽ നടത്തിക്കൊണ്ടിരിക്കുന്നത്. കോക്കോ താവളത്തിന്റെ സ്ഥാപനത്തോടെ ഇന്ത്യയുടെ സാമുദ്രികസുരക്ഷാ വീക്ഷണം തന്നെ കീഴ്മേൽ മറിഞ്ഞു. ആൻഡമാനിൽ ചെറുതോതിൽ പ്രവർത്തിച്ചിരുന്ന സൈനികത്താവളത്തെ വൻതോതിൽ വിപുലീകരിച്ച് ഒരു സംയുക്തസേനാ കമാൻഡായി ഉയർത്താൻ അതോടെ ഇന്ത്യ നിർബന്ധിതമായി.

മാലദ്വീപിലേക്കുള്ള ചൈനയുടെ നീക്കം മറ്റൊരു തലത്തിലും ഇന്ത്യയെ ബാധിക്കും. ഇന്ത്യാസമുദ്രത്തിൽ ഒരു വൻ സൈനികസുരക്ഷാശൃംഖല ഇന്ത്യ തയാറാക്കിവരികയാണ്. ഇന്ത്യാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ മൂലയിൽ ഒരു സൈനികത്താവളം നിർമിക്കാൻ ഭൂമിക്കായി ഒമാനോട് ഇന്ത്യ അഭ്യർഥിച്ചിട്ടുണ്ട്. പടിഞ്ഞാറ് മഡഗാസ്കർ തീരത്തു മറ്റൊരു താവളം. സെയ്ഷൽസിലെ ഒരു ദ്വീപ് കൈമാറാൻ അവർ തയാറായിക്കഴിഞ്ഞു. കിഴക്ക് മലാക്കാ കടലിടുക്കിനടുത്ത് ഇന്ത്യൻ പടക്കപ്പലുകളെ ബെർത്ത് ചെയ്യാൻ സിംഗപ്പൂർ സമ്മതം നൽകിക്കഴിഞ്ഞു. അമേരിക്കയുമായി തയാറാക്കിയ ഒരു കരാറനുസരിച്ചു തെക്ക് ഡീഗോ ഗാർഷ്യയിൽ ബെർത്തിങ് സൗകര്യങ്ങൾ (സ്വരാജ്യത്തെന്നപോലെ കപ്പലുകൾക്കു നങ്കൂരമിടാനും ഇന്ധനം നിറയ്ക്കാനും നാവികർക്കു പുറത്തിറങ്ങാനും മറ്റുമുള്ള അനുമതി) ലഭിക്കും. അടുത്തയാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ എത്തുമ്പോൾ ജിബൂത്തിയിലെ താവളത്തിന്റെ കാര്യത്തിലും കരാറുണ്ടായേക്കും.

ഇമ്മാനുവൽ മക്രോ

ചുരുക്കത്തിൽ, ഇന്ത്യാ സമുദ്രത്തിൽ മറ്റു നാവികസേനകളുമായി സഹകരിച്ചു വിപുലമായ ഒരു സുരക്ഷാഗ്രിഡ് തയാറാക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ഈ ഗ്രിഡിനു തുരങ്കം വയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അടുത്തകാലം വരെ ഇന്ത്യയുടെ ഏറ്റവും അടുത്ത ചങ്ങാതിരാജ്യമായിരുന്ന മാലദ്വീപിൽ ചൈന നീക്കമാരംഭിച്ചിരിക്കുന്നത്.