കൊളംബോ∙ കഴിഞ്ഞമാസം താൻ പരാജയപ്പെട്ട തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് അബ്ദുല്ല യമീൻ നൽകിയ ഹർജി ഞായറാഴ്ച പരിഗണിക്കാൻ മാലദ്വീപ് സുപ്രീംകോടതി തീരുമാനിച്ചു. പ്രസിഡന്റ് ഉന്നയിച്ച ഭരണഘടനാപരമായ പ്രശ്നം പരിഗണിക്കാനും ഞായറാഴ്ച ഉച്ചയ്ക്കു വാദം കേൾക്കാനും തീരുമാനിച്ചതായി ട്വീറ്റർ സന്ദേശത്തിലാണ് കോടതി അറിയിച്ചത്.
ഇതേസമയം, അനാവശ്യമായ അവകാശവാദം ഉന്നയിക്കാതെ തിരഞ്ഞെടുപ്പു വിധി അംഗീകരിച്ചു യമീൻ സ്ഥാനം ഒഴിയണമെന്നു മുഖ്യപ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) ആവശ്യപ്പെട്ടു. എംഡിപി സ്ഥാനാർഥിയാണു യമീനെ തിരഞ്ഞെടുപ്പിൽ വൻ വ്യത്യാസത്തിൽ തോൽപിച്ചത്. പല മണ്ഡലങ്ങളിലും ക്രമക്കേടു നടന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് യമീന്റെ പ്രോഗ്രസീവ് പാർട്ടി അറിയിച്ചു.