Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാലദ്വീപിൽ പ്രതിപക്ഷത്തിന് ചരിത്രവിജയം

Ibrahim Mohamed Solih ഇബ്രാഹിം മുഹമ്മദ് സോലിഹ് മാലെയിൽ അനുയായികളുമായി ആഹ്ലാദം പങ്കിടുന്നു.

മാലെ∙ മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി ഇബ്രാഹിം മുഹമ്മദ് സോലിഹിന് (56) ചരിത്രവിജയം. ഇപ്പോഴത്തെ പ്രസിഡന്റ് അബ്ദുല്ല ഗയൂം യമീനെതിരെ 58.3% വോട്ടുകൾ നേടിയാണു മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) പ്രതിനിധിയായ സോലിഹിന്റെ അപ്രതീക്ഷിത ജയം. ചൈനയുടെ പിന്തുണയോടെ വിരുദ്ധ നിലപാടു സ്വീകരിച്ചുവന്ന യമീന്റെ പതനം ഇന്ത്യക്കും ആശ്വാസം പകർന്നു. 

ഞായറാഴ്ച നടന്ന തിര‍ഞ്ഞെടുപ്പിൽ യമീൻ വിജയിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. ഭരണകൂടം തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടുമെന്നും ആശങ്ക ഉയർന്നിരുന്നു. എന്നാൽ, പോളിങ് ബൂത്തിലെത്തിയ ദ്വീപ്ജനത ജനാധിപത്യം ഉയർത്തിപ്പിടിച്ചു. സോലിഹിന് 1,34,616 വോട്ടുകൾ ലഭിച്ചപ്പോൾ യമീന് 96,123 വോട്ടുകളേ നേടാനായുള്ളൂ. ആകെ പോളിങ് 89%. യമീനു കിട്ടിയത് 42 ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രം. 

പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചും നാടുകടത്തിയും ഭരണം കൈപ്പിടിയിലൊതുക്കിയ യമീൻ കഴിഞ്ഞ ഫെബ്രുവരിയിൽ ഭരണഘടന സസ്പെൻഡ് ചെയ്ത‌് അടിയന്തരാവസ്ഥ ഏർപ്പെടുത്തി. ഇതിനെതിരെ വിധിപറഞ്ഞ സുപ്രീം കോടതി ജഡ്ജിമാരെയും അറസ്റ്റ് ചെയ്തു. 

ശ്രീലങ്കയിൽ പ്രവാസത്തിലിരുന്നാണു മുഖ്യ പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) നേതാക്കൾ പ്രചാരണം നിയന്ത്രിച്ചത്. മുൻപ്രസിഡന്റ് മുഹമ്മദ് നഷീദ്, സോലിഹിന്റെ വിജയത്തിൽ ട്വിറ്ററിലൂടെ ആഹ്ളാദം പ്രകടിപ്പിച്ചു. 2012ൽ യമീൻ അട്ടിമറിയിലൂടെ പുറത്താക്കിയതോടെ രാജ്യം വിട്ടതാണു നഷീദ്. 3.5 ലക്ഷം ജനങ്ങളുള്ള മാലദ്വീപിൽ 2.6 ലക്ഷം പേർക്കാണ് വോട്ടവകാശമുള്ളത്. മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലുള്ള മാലദ്വീപ് പൗരന്മ‍ാർക്കും വോട്ടു ചെയ്യാൻ അവസരമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നാൽ ഉപരോധം ഏർപ്പെടുത്തുമെന്നു യുഎസും യൂറോപ്യൻ യൂണിയനും മുന്നറിയിപ്പു നൽകിയിരുന്നു.