Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമകളുടെ ഇസിജി

anil-shaji-with-ecg-sudharsan ഡോ. ഇ.സി.ജി. സുദർശനൊപ്പം ലേഖകൻ

ഡോ. സുദർശനു കീഴിലുള്ള ഗവേഷണകാലത്തെക്കുറിച്ച് പഴയ വിദ്യാർഥി

എല്ലാവരും വെറുക്കുന്ന ടെലിഷോപ്പിങ് ചാനലുകൾക്കു മുന്നിൽ നോട്ട്പാഡുമായി ചാരിക്കിടന്ന് ഗണിതപ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തുന്ന ഇസിജിയാണ് മനസ്സു നിറയെ. കണക്ക് ചെയ്യുമ്പോൾ എന്തുകൊണ്ടാണ് ഈ വിരസമായ ടെലിഷോപ്പിങ് ചാനലുകൾ തന്നെ കാണുന്നതെന്ന് യുഎസിലെ ടെക്സസ് സർവകലാശാലയിൽ അഞ്ച് വർഷം ഒരുമിച്ചുണ്ടായിട്ടും എനിക്കു മനസ്സിലായിട്ടില്ല. ചിലപ്പോൾ മനസ്സിൽ ഇഷ്ടം തോന്നുന്ന എന്തെങ്കിലും കണ്ടാൽ ഫോണിൽ വിളിച്ച് ഓർഡർ ചെയ്യും, ഇങ്ങനെ വാങ്ങിക്കൂട്ടിയ പലതും പെട്ടിപോലും പൊട്ടിക്കാതെ വീട്ടിലെ മൂന്നു മുറികളിലായി ചിതറിക്കിടപ്പുണ്ട്.

40 വയസ്സു മുതൽ കടുത്ത പ്രമേഹമുണ്ടായിരുന്നു. നാലു നേരം ഇൻസുലിനെടുക്കണം. ഭാര്യ നാട്ടിലേക്കു പോരുന്ന സമയങ്ങളിൽ ഒറ്റയ്ക്കുള്ള താമസം റിസ്ക് ആയതിനാൽ രാത്രി കൂട്ടുകിടക്കുന്നത് ഞങ്ങൾ വിദ്യാർഥികൾ ആരെങ്കിലുമായിരുന്നു. രണ്ടാം വർഷം മുതൽ സ്ഥിരം ഞാനായിരുന്നു ഒപ്പം. വീട്ടിലെ ഗ്രീൻഹൗസിൽ നിന്നുള്ള പച്ചക്കറി അരിയാൻ ഭാര്യയെ സഹായിക്കുന്ന ഇസിജിയുടെ ചിത്രം പലർക്കും സങ്കൽപിക്കാൻ പോലും കഴിയാത്തതായിരുന്നു.

വിദ്യാർഥികൾ ചെയ്യേണ്ട ഗൃഹപാഠം സ്വന്തമായി ചെയ്യുന്ന ഒരു അധ്യാപകനെ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടോ? അതെ, പുലർച്ചെ രണ്ട് ടിവിക്കു മുന്നിലിരുന്ന് ചെയ്തു കൂട്ടിയ കണക്കുകൾ പലതും ഞങ്ങൾ ചെയ്യേണ്ടതായിരുന്നു. തലേന്ന് ക്ലാസിൽ ഞങ്ങളുമായി ചർച്ച ചെയ്യുന്ന പ്രോബ്ലത്തിന് രാത്രി ഒറ്റയ്ക്ക് പരിഹാരം കണ്ടെത്താനുള്ള ആവേശത്തെ സ്പോർട്സ്മാൻ സ്പിരിറ്റെന്നല്ലാതെ എന്തു വിളിക്കണം!

രാവിലെ ക്ലാസിലെത്തുമ്പോൾ നമുക്ക് മറ്റൊരു ഉത്തരമാണു ലഭിക്കുന്നതെങ്കിൽ ബഹളമാകും. ഒടുവിൽ ബോർഡിൽ കണക്ക് ചെയ്തുകാണിക്കണം. അദ്ദേഹം കണ്ടെത്തിയ ഉത്തരമാണ് ശരിയെന്ന അവകാശവാദം പൊളിച്ചടുക്കിയാൽ ഒടുവിൽ അംഗീകരിക്കും. മറ്റെല്ലാ പ്രഫസർമാരും ഷോർട്സ് ധരിച്ച് ക്യാംപസിലെത്തുമ്പോൾ ജാക്കറ്റും ടൈയും ധരിച്ചെത്തുന്ന പ്രഫസർ ഇസിജി മാത്രം. 

കെട്ടിയിട്ട ആട് !

പ്രഫസർമാരെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താനുള്ള ടെക്സസ് സർവകലാശാല വെബ്പേജിൽ വന്ന ഒരു സന്ദേശം ഇങ്ങനെ: 'He is a great professor, but lectures are not good, but you will get deep insights hidden in cryptic metaphors' (അദ്ദേഹമൊരു മികച്ച പ്രഫസറാണ്, ലക്ചറുകൾ മികച്ചതല്ലെങ്കിലും, ചില താരതമ്യങ്ങളിൽ ഒളിപ്പിച്ചു വച്ച ആഴമേറിയ ഉൾക്കാഴ്ച ലഭിക്കും). ഇതിനു പിന്നിലെ ഗുട്ടൻസ് വൈകിയാണു തിരിച്ചറിഞ്ഞത്, കേരളത്തിൽ അദ്ദേഹം കണ്ടുവന്ന ചില സംഭവങ്ങൾ പാഠഭാഗങ്ങളുമായി ചേർത്തു പറയും. അതു പക്ഷേ, വിവിധ രാജ്യക്കാരായ വിദ്യാർഥികൾക്ക് ഒരക്ഷരം മനസ്സിലാകില്ല!

ബോസോണുകളും ഫെർമിയോണുകളും പോലെയുള്ള കണങ്ങളെ പശുവുമായും ആടുമായും താരതമ്യം ചെയ്യും. പശുവിനെ കയറിൽ കെട്ടിയിട്ടാൽ അനങ്ങാതെ നിൽക്കുമെന്നും ആടിനെ കെട്ടിയിട്ടാൽ കയറ് ചുറ്റി ആട് തന്നെ കുരുങ്ങുന്ന അവസ്ഥയുമാണു പറഞ്ഞുവച്ചത്, കേരളത്തിൽ നിന്നുള്ള ഒരേയൊരാളായ എനിക്കല്ലാതെ ആർക്കിതു മനസ്സിലാകും! 

നൊബേലിന്റെ നഷ്ടം

2005ൽ നൊബേൽ പുരസ്കാരത്തിന്റെ വക്കുവരെയെത്തിയിട്ടും പിന്തള്ളപ്പെട്ടുപോയതിൽ അദ്ദേഹത്തിനു സങ്കടമുണ്ടായിരുന്നു. ഇസിജിക്ക് ഒപ്പമിരുന്നാണ് ഞങ്ങൾ അന്ന് നൊബേൽ സൈറ്റേഷൻ വായിച്ചത്. അതിൽ പുരസ്കാര യോഗ്യതയ്ക്കുള്ള പഠനം നടത്തിയത് സുദർശനായിരുന്നെങ്കിലും ലഭിച്ചത് ആർ.ജെ.ഗ്ലോബറിനായിരുന്നു. ഗ്ലോബറിന്റെ കണ്ടെത്തലുകൾ പലതും അപൂർണമായിരുന്നപ്പോഴും സുദർശന്റെ പഠനഫലത്തിനായിരുന്നു ദൂരവ്യാപകമായ സ്വാധീനം ലോകത്തുണ്ടാക്കാൻ കഴിഞ്ഞത്.

വിദ്യാർഥികളും സഹപ്രവർത്തകരുമെന്ന നിലയിൽ ഞങ്ങളന്ന് നൊബേൽ കമ്മിറ്റിക്ക് കത്തെഴുതി. സുദർശന് കൊടുക്കാത്തതിൽ പരാതിയില്ല, പക്ഷേ, സുദർശൻ ചെയ്തതിനു ഗ്ലോബറിനു പുരസ്കാരം കൊടുത്ത തീരുമാനം ശരിയായില്ലെന്നായിരുന്നു കത്തിന്റെ സംഗ്രഹം. സുദർശൻ സ്വന്തം നിലയിലും കത്തെഴുതി. നൊബേൽ കമ്മിറ്റി ചെയർമാൻ ഞങ്ങളെ അന്ന് ഫോണിൽ വിളിച്ച് സംസാരിക്കുകവരെ ചെയ്തെങ്കിലും പ്രത്യേകിച്ച് കാര്യമുണ്ടായില്ല. അംഗീകാരം ലഭിക്കാത്തതിന്റെ പരിഭവങ്ങൾ മനസ്സിൽ സൂക്ഷിച്ചില്ല, ആകെയുണ്ടായത് മുനവച്ച ചില തമാശകൾ മാത്രം. പശ്ചാത്തലം അറിയാവുന്നവർ വിരളമായതിനാൽ ആ തമാശകൾ പോലും ലോകമറിഞ്ഞില്ല!

(തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (ഐസർ) അസോഷ്യേറ്റ് പ്രഫസറും സംവിധായകൻ ഷാജി എൻ.കരുണിന്റെ മകനുമാണ് ലേഖകൻ. യുഎസിലെ ടെക്സസ് സർവകലാശാലയിൽ ഇ.സി.ജി.സുദർശനു കീഴിലാണ് ഓപ്പൺ ക്വാണ്ടം സിസ്റ്റംസിൽ പിഎച്ച്ഡി പൂർത്തിയാക്കിയത്)