എല്ലാം ശരിയാക്കാം എന്ന വാഗ്ദാനത്തോടെ ഭരണത്തിലേറിയ എൽഡിഎഫ് സർക്കാർ രണ്ടു വർഷം പിന്നിടുമ്പോൾ എല്ലാം ശരിയായോ എന്നു ചോദിച്ചാൽ, ഉത്തരം ഇല്ല എന്നുതന്നെയാണ്. എന്നാൽ, പ്രഖ്യാപിച്ചശേഷം ഉപേക്ഷിച്ചുകളഞ്ഞ പദ്ധതികൾ വിരലിലെണ്ണാവുന്നതേയുള്ളൂ. ഓരോ മന്ത്രിയുടെയും വകുപ്പുകളിലെ പ്രധാന പദ്ധതികളുടെ പുരോഗതി മൂന്നു മാസം കൂടുമ്പോൾ വിലയിരുത്താൻ മുഖ്യമന്ത്രി സമയം കണ്ടെത്തുന്നു.
യുഡിഎഫ് തുടക്കമിട്ട കൊച്ചി മെട്രോ അടക്കമുള്ള വൻകിട പദ്ധതികൾ പൂർത്തീകരിച്ചതിന്റെ നേട്ടമായിരുന്നു, ആദ്യവർഷം സർക്കാർ അവകാശപ്പെട്ടത്. തിരഞ്ഞെടുപ്പിനു മുൻപും ഒന്നാം വർഷവും ഇൗ സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ ഇപ്പോൾ വിവിധ ഘട്ടങ്ങളിലാണ്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പോലുള്ള പരിഷ്കാരങ്ങൾ ജീവനക്കാരുടെ എതിർപ്പു മറികടന്നു നടപ്പാക്കാൻ സർക്കാരിനു കഴിഞ്ഞു. എന്നാൽ, ഇൗ ആർജവവും കാര്യശേഷിയും എല്ലാ മേഖലകളിലും കണ്ടുമില്ല. പൊലീസിനെ നിയന്ത്രിക്കുന്നതിലെ വീഴ്ച വരാപ്പുഴ കസ്റ്റഡി മരണത്തോടെ കൂടുതൽ വ്യക്തമായി.ഏതു സർക്കാരിനും മൂന്നാം വർഷംമുതൽ നിർണായകമാണ്. പ്രത്യേകിച്ച്, ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ.
പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതി:
നവകേരള മിഷൻ
സർക്കാരിന്റെ അഭിമാനപദ്ധതി. ഹരിതകേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ പദ്ധതികളിലൂടെയാണു നവകേരളം സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കുന്നത്. ഇതിൽ ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവ വിജയകരമായി മുന്നേറുന്നു. ഒന്നാം ക്ലാസിൽ കുട്ടികളുടെ എണ്ണം വർധിച്ചു.
സൗജന്യ ഇന്റർനെറ്റ്
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്കു സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കെഫോൺ പദ്ധതി ഇപ്പോഴും പ്രാരംഭദശയിലാണ്. പദ്ധതി നടപ്പാക്കാനായി കമ്പനി രൂപീകരിച്ചു.
സൗജന്യ വൈഫൈ
പൊതു ഇടങ്ങളിൽ 2000 വൈഫൈ ഹോട്‌സ്പോട്ടുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ കരാർ ബിഎസ്എൻഎല്ലിനു കൈമാറി. രണ്ടുമാസത്തിനുള്ളിൽ ആദ്യഘട്ടം കമ്മിഷൻ ചെയ്യും.
തീരദേശ, മലയോര ഹൈവേ
6500 കോടിയുടെ തീരദേശ ഹൈവേയുടെയും 3500 കോടിയുടെ മലയോര ഹൈവേയുടെയും ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്കു കിഫ്ബി അംഗീകാരമായി. ഇൗ മാസം നിർമാണ ഉദ്ഘാടനം.
ഗെയിൽ പദ്ധതി
എട്ടുവർഷത്തോളമായി മുടങ്ങിക്കിടന്ന ഗെയിൽ പാചകവാതക പൈപ് ലൈൻ സ്ഥാപിക്കൽ പദ്ധതിക്കു ജീവൻവച്ചത് ഇൗ സർക്കാർ അധികാരമേറ്റതിനുശേഷമാണ്. പ്രദേശവാസികളുടെ എതിർപ്പുകൾ ഏതാണ്ടു പരിഹരിച്ചു പൈപ്പിടൽ തുടരുന്നു. ഡിസംബറിൽ കമ്മിഷൻ ചെയ്യാനാകുമെന്നാണു സർക്കാർ പ്രതീക്ഷ.
കൊച്ചി മെട്രോ
ഒന്നാംഘട്ടം പൂർത്തിയാക്കി. രണ്ടാംഘട്ട നിർമാണം പുരോഗമിക്കുന്നു.
റേഷൻ കാർഡ് വിതരണം
മുൻപ്, പലവട്ടം വിതരണത്തീയതി പ്രഖ്യാപിച്ചെങ്കിലും പാലിക്കാനായില്ല. ഒടുവിൽ കഴിഞ്ഞവർഷം റേഷൻകാർഡ് വിതരണം വിജയകരമായി പൂർത്തിയാക്കാനായി.
കുടുംബാരോഗ്യ കേന്ദ്രം
848 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്നു പറഞ്ഞു.155 എണ്ണത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി.
പാഠപുസ്തകം
കഴിഞ്ഞവർഷം വിദ്യാലയങ്ങളിൽ പാഠപുസ്തകം നേരത്തേ എത്തിക്കാനായി. പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെട്ടെങ്കിലും ഉന്നതവിദ്യാഭ്യാസരംഗം താറുമാറായി.
കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളെ സഹായിക്കാൻ നിയമനിർമാണം കൊണ്ടുവന്നതു സർക്കാരിനു ക്ഷീണമായി.
ഓഫിസുകളിൽ പഞ്ചിങ്
സെക്രട്ടേറിയറ്റിൽ പഞ്ചിങ് നിർബന്ധമാക്കി. പിന്നീട് ശമ്പളവുമായി ബന്ധിപ്പിച്ചു. ഇനി എല്ലാ സർക്കാർ ഓഫിസുകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനം.
വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായപദ്ധതി
വിദ്യാഭ്യാസ വായ്പയെടുത്തു കടക്കെണിയിലായവരെ സഹായിക്കാൻ പ്രഖ്യാപിച്ച തിരിച്ചടവു സഹായ പദ്ധതിയിലേക്കു കാൽലക്ഷത്തോളം പേർ അപേക്ഷിച്ചു. എഴുതിത്തള്ളൽ ഇപ്പോൾ ബാങ്കുകളുടെ പരിഗണനയിൽ.
വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കും
വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലെ കഴിഞ്ഞവർഷത്തെ വർധന ഒൻപതു ശതമാനം മാത്രം. വിദേശവനിത കോവളത്ത് കൊല്ലപ്പെട്ടതു ടൂറിസം സാധ്യതകൾക്കു മങ്ങലേൽപിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കും
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷം ‘ഉൽപാദിപ്പിച്ച’ നഷ്ടം 3,855 കോടി രൂപ. ആകെയുള്ള 97 സ്ഥാപനങ്ങളിൽ 49 എണ്ണം നഷ്ടത്തിലും 44 എണ്ണം ലാഭത്തിലും.
വിഴിഞ്ഞം തുറമുഖം
കരാർ പ്രകാരം 2019 ഡിസംബർ അഞ്ചിനു പദ്ധതി പൂർത്തിയാക്കേണ്ടതാണ്. പക്ഷേ, പല പണികളും 30 ശതമാനത്തിലധികം മുന്നോട്ടുപോയിട്ടില്ല. കരിങ്കല്ല് കിട്ടാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
ലൈറ്റ് മെട്രോ
തിരുവനന്തപുരത്തും കോഴിക്കോട്ടും നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിച്ചമട്ടിൽ. ഡിഎംആർസിയുടെ പദ്ധതിരേഖ ഫ്രീസറിൽ. തീരുമാനം കേന്ദ്ര സർക്കാരിന്റെ കോർട്ടിലേക്കു തട്ടി കാത്തിരിക്കുകയാണു സർക്കാർ.
കണ്ണൂർ വിമാനത്താവളം
യുഡിഎഫ് സർക്കാർ നിർമാണം പൂർത്തിയാക്കിയെന്ന് അവകാശപ്പെട്ട കണ്ണൂർ വിമാനത്താവളം പൂർത്തിയാക്കാൻ പിന്നെയും രണ്ടുവർഷമെടുത്തു. ഓണത്തിന് ഉദ്ഘാടനം.
പുതുവൈപ്പ് എൽഎൻജി ടെർമിനൽ
നാട്ടുകാരുടെ എതിർപ്പു കാരണം മുടങ്ങിക്കിടക്കുന്ന പദ്ധതിക്ക് ഇനിയും ജീവൻവച്ചിട്ടില്ല. ജെട്ടി നിർമാണം പൂർത്തീകരിക്കാനായി.
കൊച്ചി സ്മാർട് സിറ്റി
കൊട്ടിഘോഷിച്ചു യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതി. പക്ഷേ, നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ. എപ്പോൾ പൂർത്തിയാക്കാനാകുമെന്നു സർക്കാരിനറിയില്ല.
കെഎസ്ആർടിസി
കെഎസ്ആർടിസി പെൻഷൻ മുടങ്ങില്ലെന്നായിരുന്നു സർക്കാരിന്റെ ആദ്യ പ്രഖ്യാപനം. എന്നാൽ, അഞ്ചുമാസത്തെ പെൻഷൻ മുടങ്ങി. 1000 ബസ് വാങ്ങുമെന്ന 2016ലെ ബജറ്റ് പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല.
60 വയസ്സിനു മുകളിലുള്ള, എല്ലാവർക്കും പെൻഷൻ
പെൻഷൻ വിതരണം സമയബന്ധിതമായി നടക്കുന്നെങ്കിലും പുതിയ അപേക്ഷകരെ അകറ്റിനിർത്തുന്നു. അനർഹരെ കണ്ടെത്തി പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നീക്കത്തിൽ ആശങ്ക.
ഇൻഷുറൻസ്
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് ഒരു വർഷം കഴിഞ്ഞെങ്കിലും ഇതുവരെ നടപ്പാക്കാനായിട്ടില്ല. പദ്ധതി ആറുമാസത്തിനുള്ളിൽ ആരംഭിക്കുമെന്നാണു സർക്കാരിന്റെ പുതിയ ഉറപ്പ്.