Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണബിന്റെ ഭാവി പറയുമ്പോൾ...

Author Details
deseeyam

നാഗ്‌പുരിലെ ആർഎസ്എസ് ആസ്ഥാനത്തെ ചടങ്ങിൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പങ്കെടുത്തതിനു തൊട്ടുപിന്നാലെ, ശിവസേനയുടെ ദിനപത്രം സാമ്‌ന ഉയർത്തിയ ഒരു നിർദേശം രാഷ്ട്രീയവൃത്തങ്ങളിൽ വലിയ ചർച്ചയായി. 2019ൽ പൊതുസമ്മതനായ പ്രധാനമന്ത്രിയായി പ്രണബ് മുഖർജിയെ പരിഗണിക്കാനാകുമെന്നാണു സാമ്‌ന നിരീക്ഷിച്ചത്. കേന്ദ്ര ഭരണത്തിലും മഹാരാഷ്ട്ര സർക്കാരിലും ബിജെപിയുടെ പങ്കാളിയാണെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകരാണു ശിവസേന. അവർ സ്വമേധയാ മുന്നോട്ടുവച്ച ഈ നിർദേശത്തിന് ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ടായി. 

ബിജെപിയിലെ ചില നേതാക്കൾ വിചാരിച്ചതു ലോക്‌സഭയിൽ അടുത്തവട്ടം ബിജെപിയുടെ അംഗസംഖ്യ കുറയാൻ ശിവസേന മോഹിക്കുന്നുവെന്നാണ്. അങ്ങനെയെങ്കിൽ, എൻഡിഎയിൽ മോദിയെ ഒതുക്കാനാകും. പ്രണബ് മുഖർജിയുടെ രാഷ്ട്രീയതീരുമാനമായി കാണുന്ന നാഗ്‌പുർ സന്ദർശനത്തോടുള്ള ഫലിതപ്രതികരണം മാത്രമാണിതെന്നാണു മറ്റു ചിലർ വിലയിരുത്തിയത്.

നടക്കാതെ പോയത് 

കോൺഗ്രസിലെ മുതിർന്ന നേതാവെന്ന നിലയിലും പ്രവർത്തനപാരമ്പര്യം വച്ചും തനിക്കു പ്രധാനമന്ത്രിപദം ലഭിക്കുമെന്നു പ്രണബ് മുഖർജി പ്രതീക്ഷിച്ചിരുന്നു. ഇന്ദിരാ ഗാന്ധിയുടെ കാബിനറ്റിൽ ഏറ്റവും മുതിർന്ന മന്ത്രിയെന്നനിലയിൽ, ഇന്ദിരാവധത്തിനുശേഷം തന്റെ ഈ അഭിലാഷം മുഖർജി പ്രഖ്യാപിച്ചിരുന്നു. ഇക്കാരണത്താൽ, രാജീവ് ഗാന്ധിയോട് അടുപ്പമുള്ള നേതാക്കൻമാർ 1985ൽ മുഖർജിയെ കോൺഗ്രസിൽനിന്നു പുറത്താക്കുകയും ചെയ്തു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുംവരെ ഏറ്റവും മുതിർന്ന മന്ത്രി താൽക്കാലിക പ്രധാനമന്ത്രിയാകണമെന്ന ഭരണഘടനാപരമായ നിലപാടു മാത്രമാണു താൻ സൂചിപ്പിച്ചതെന്നു മുഖർജി വിശദീകരിച്ചുവെങ്കിലും കോൺഗ്രസിലെ അദ്ദേഹത്തിന്റെ ശത്രുക്കൾ അതു സ്ഥാനമോഹമായി കരുതി.

പിന്നീട് രാജീവ് ഗാന്ധി തന്നെ മുഖർജിയെ കോൺഗ്രസിൽ തിരിച്ചെടുത്തു. രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോഴും പ്രണബ് മുഖർജി പരിഗണനാപ്പട്ടികയിൽ വന്നില്ല. 2004ൽ സോണിയ ഗാന്ധി പ്രധാനമന്ത്രിപദം നിരസിച്ചപ്പോൾ, പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാവെന്നനിലയിൽ തന്നെ പരിഗണിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. നിരാശയായിരുന്നു ഫലം. പകരം സോണിയ തിരഞ്ഞെടുത്തതു മൻമോഹൻ സിങ്ങിനെയാണ്. മുഖർജിയെ രണ്ടാമനുമാക്കി. 2009ൽ യുപിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോഴും പ്രധാനമന്ത്രിയായി മൻമോഹൻ സിങ് തുടർന്നു. 2012ൽ പ്രണബിനു രാഷ്ട്രപതിസ്ഥാനംകൊണ്ടു തൃപ്തനാകേണ്ടിവന്നു. 

രാഷ്ട്രപതിയുടെയോ മുൻ രാഷ്ട്രപതിയുടെയോ പേരുകൾ പ്രധാനമന്ത്രി പദത്തിലേക്ക് ഉയർന്നുകേൾക്കുന്നത് ഇതാദ്യമല്ല. 2004ൽ ത്രിശങ്കു സഭ വന്നപ്പോൾ, അന്നത്തെ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിന്റെ നേതൃത്വത്തിലുള്ള ദേശീയ സർക്കാർ എന്ന നിർദേശമാണു സമാജ്‌വാദി പാർട്ടിയുടെ അധ്യക്ഷൻ മുലായംസിങ് യാദവ് മുന്നോട്ടുവച്ചത്. പക്ഷേ, ആ നിർദേശം ഏറ്റെടുക്കാൻ ആരുമുണ്ടായില്ല. വൈകാതെ ഇടതുകക്ഷികളുടെ പുറത്തുനിന്നുള്ള പിന്തുണയോടെ യുപിഎ സർക്കാരുണ്ടായി. 

ദേശീയ സർക്കാർ സ്വപ്നം 

ദേശീയ സർക്കാരുണ്ടാക്കി അതിനു നേതൃത്വം നൽകാൻ സ്വയം ആഗ്രഹിച്ച രാഷ്ട്രപതിയുണ്ട്. അത് ആർ.വെങ്കിട്ടരാമനാണ്. 1989–1991 കാലത്തു രണ്ടു പൊതു തിരഞ്ഞെടുപ്പുകളും മൂന്നു പ്രധാനമന്ത്രിമാരും (വി.പി.സിങ്, ചന്ദ്രശേഖർ, പി.വി.നരസിംഹറാവു) ഉണ്ടായ സാഹചര്യത്തിലായിരുന്നു അത്. ആറുമാസം പിന്നിട്ട ചന്ദ്രശേഖർ സർക്കാർ നിലംപതിച്ചതോടെ ഇനി നല്ലതു ദേശീയ സർക്കാരാണെന്നു രാഷ്ട്രപതി വെങ്കിട്ടരാമൻ രാഷ്ട്രീയനേതാക്കളോടു പറയുകയുണ്ടായി. വെങ്കിട്ടരാമൻ പരോക്ഷമായി, സ്വയം പ്രോൽസാഹിപ്പിക്കുകയാണെന്നാണു രാജീവ് ഗാന്ധി, എ.ബി.വാജ്‌പേയി, വി.പി.സിങ് എന്നിവരടക്കമുള്ള നേതാക്കൻമാർ വിചാരിച്ചത്. ഭൂരിപക്ഷമുള്ള ഒരു സർക്കാർ തിരഞ്ഞെടുക്കപ്പെടും വരെ ജനങ്ങളിലേക്കു മടങ്ങിപ്പോകുന്നതുതന്നെയാണു ഭേദം എന്നാണ് അവർ രാഷ്ട്രപതിയോടു  പറഞ്ഞത്. 

എന്നാൽ, ഒരു കനത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ, പ്രധാനമന്ത്രിസ്ഥാനവും കോൺഗ്രസ് അധ്യക്ഷപദവിയും  ഉപരാഷ്ട്രപതിക്കു വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹമതു നിരസിക്കുകയും ചെയ്തു. 1991ൽ രാജീവ് ഗാന്ധി വധിക്കപ്പെട്ട സന്ദർഭത്തിലായിരുന്നു ഇത്. കോൺഗ്രസിന്റെ നേതൃത്വമേറ്റെടുക്കാനും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചാൽ പ്രധാനമന്ത്രിയാകാനും നേതാക്കൾ അഭ്യർഥിച്ചപ്പോൾ സോണിയ ഗാന്ധി ഞെട്ടി. 

അവർ തന്റെ ഉപദേശകനായ കെ.നട്‌വർ സിങ്ങിനോടും ഇന്ദിരാ ഗാന്ധിയുടെ ഉപദേശകനായിരുന്ന പി.എൻ.ഹക്‌സറോടും പറഞ്ഞതു കോൺഗ്രസിനെ നയിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി അന്നത്തെ ഉപരാഷ്ട്രപതി ശങ്കർ ദയാൽ ശർമയാണെന്നാണ്. ഈ ദൗത്യത്തിൽ താൻ വിജയിക്കുമെന്ന് ഉറപ്പില്ലാത്തതുകൊണ്ട്  അനാരോഗ്യവും പ്രായവും കാരണമായി പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. എങ്കിലും 1992ൽ രാഷ്ട്രപതി സ്ഥാനമേറ്റെടുക്കാൻ അദ്ദേഹത്തിനു പ്രയാസമുണ്ടായില്ല. 

എന്തും നടക്കാം

രാഷ്ട്രീയം ഇപ്പോൾ പണ്ടത്തേതിലും കലഹപ്രധാനമാണ്. നാഗ്‌പുരിൽ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചതിലൂടെ പ്രണബ് മുഖർജി വിവാദപുരുഷനായി. അദ്ദേഹത്തിന്റെ മകൾ ശർമിഷ്ഠ മുഖർജിയും ഇക്കാര്യത്തിൽ അസന്തുഷ്ടയാണ്. പക്ഷേ, രാഷ്ട്രീയം അവസരങ്ങളുടെ കളിയാണ്. അടുത്തവർഷം പൊതുതിരഞ്ഞെടുപ്പു ഫലം വരും വരെ പ്രണബ് മുഖർജി അടക്കം ആർക്കും ആകസ്മിക പ്രധാനമന്ത്രിയാകാനുള്ള മോഹം കൊണ്ടുനടക്കാൻ അവകാശമുണ്ട്.