ചിരിക്കാൻ പേടിക്കണം, ചിരിപ്പിക്കണമെങ്കിൽ കൂടുതൽ ടെൻഷനടിക്കണം. ചിരിക്കാനും ചിരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇപ്പോഴില്ലെന്ന് നടനും എംഎൽഎയുമായ മുകേഷും നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യുവും പ്രഭാഷകനും എഴുത്തുകാരനുമായ ഫാ. ജോസഫ് പുത്തൻപുരയ്ക്കലും കോൺക്ലേവിൽ പറഞ്ഞു.
∙മുകേഷ്: ഇന്നൊരു കോമഡി സ്കിറ്റ് ചെയ്യുമ്പോൾ അണിയറയിൽ വലിയ ചിന്തകൾ നടത്തണം. ഓരോ വാക്കും ആരെയെങ്കിലും മുറിപ്പെടുത്തുമോ എന്നു വിശദമായി പഠിക്കണം. തമാശ പറയാനാണ് ഇപ്പോൾ ഏറ്റവും പേടിക്കേണ്ടത്. നായനാരുടെയും സുകുമാർ അഴീക്കോടിന്റെയുമൊക്കെ പല തമാശകളും ഇന്നായിരുന്നുവെങ്കിൽ പലരും കേസുമായി മുന്നോട്ടു വന്നേനെ.
∙ജോയ് മാത്യു: ഇപ്പോൾ തമാശ പറയാൻ ജാതിനോക്കേണ്ട സ്ഥിതിയാണ്. തമാശയിലോ സംസാരത്തിലോ ഉപയോഗിക്കാൻ പാടില്ലാത്ത ഒട്ടേറെ വാക്കുകൾ ഇപ്പോഴുണ്ട്. നമ്മൾ വീട്ടിൽ സ്ഥിരമായി പറയുന്ന വാക്കുകളാകും ഇവ. പക്ഷേ, പുറത്തു പറഞ്ഞാൽ കേസാകും. സിനിമയിലും ഇതുതന്നെ സ്ഥിതി.
∙ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ: ചിരിപ്പിക്കാനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ടെൻഷനടിക്കേണ്ടത്. അതിന്റെ കാരണം, വീട്ടിൽ ചിരി ഇല്ലാതായതാണ്. പണ്ട്, വരാന്തകളിൽ വീട്ടുകാരെല്ലാം ഒത്തുകൂടിയിരുന്നു തമാശ പറഞ്ഞു ചിരിക്കുന്ന കാലമുണ്ടായിരുന്നു.
ഇന്ന് വരാന്തകൾ കൊട്ടിയടച്ച് ‘വരണ്ട’ എന്നു കൂടി വായിക്കാവുന്ന തരത്തിൽ, വരാന്തയെന്ന ബോർഡ് വയ്ക്കുന്നവരായി നാം മാറി.