Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമ ന്യൂസ് കോൺക്ലേവ്: നടി ആക്രമണക്കേസും ചർച്ചയിൽ

conclave മനോരമ ന്യൂസ് കോൺക്ലേവിൽ മനു.എസ്.പിള്ള, പത്മപ്രിയ, എം.മുകുന്ദൻ എന്നിവർ.

നടിയെ ആക്രമിച്ച സംഭവവും മനോരമ ന്യൂസ് കോൺക്ലേവിൽ ചർച്ചയായി. നടൻ സിദ്ദീഖാണ് ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞത്. ‘‘പ്രതിചേർക്കപ്പെട്ട നടനെ ചോദ്യംചെയ്ത സ്ഥലത്തു പോയതിന് എന്നെ നരാധമൻ എന്നാണ് ഒരു ചാനൽ അവതാരകൻ വിശേഷിപ്പിച്ചത്. ഗൂഢാലോചനയിൽ നടനു പങ്കുണ്ടെന്നു പൊലീസ് പറഞ്ഞെങ്കിലും കോടതിയാണ് അന്തിമതീരുമാനം പറയേണ്ടത്’’– സിദ്ദീഖ് പറഞ്ഞു.

നിയമം പൊലീസിനെ സംശയദൃഷ്ടിയോടെയാണു കാണുന്നതെന്നും അവരെ കണ്ണടച്ചു വിശ്വസിക്കാറില്ലെന്നുമായിരുന്നു ജസ്റ്റിസ് കെമാൽ പാഷയുടെ അഭിപ്രായം. കേസുകൾ കോടതിയുടെ പരിഗണനയിലായതിനാൽ പ്രതികരിക്കാനില്ലെന്നായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിലപാട്. വരാപ്പുഴ കേസിൽ താങ്കളുടെ കൈ കെട്ടിയിട്ടുണ്ടോ എന്ന് ബെഹ്റയോടു സിദ്ദീഖ് ചോദിച്ചു. എന്നാൽ, കേസുകളുമായി ബന്ധപ്പെട്ട് ഭരണക്കാരോ രാഷ്ട്രീയക്കാരോ തനിക്കു നിർദേശം തരാറില്ലെന്ന് ഡിജിപിയുടെ മറുപടി.

പൊലീസിന്റെ കൈകൾ പലപ്പോഴും കെട്ടിയിട്ട നിലയിലാണെന്നും മികച്ച സേനയായിട്ടും എല്ലാവർക്കും നീതി ലഭ്യമാക്കാൻ കേരള പൊലീസിനു കഴിയുന്നില്ലെന്നും കെമാൽ പാഷ പറഞ്ഞു.

‘അഭിപ്രായം തുറന്നു പറയാനാകാത്ത അവസ്ഥ’

സ്വന്തം അഭിപ്രായം പറയുന്നതിന്റെ പേരിൽപ്പോലും പ്രശ്നങ്ങൾ നേരിടേണ്ടതായി വരുന്നുവെന്ന് നടി പത്മപ്രിയ. എഴുത്തുകാരൻ പൂർണമായും നിശ്ശബ്ദത പാലിക്കേണ്ട അവസ്ഥയാണുള്ളതെന്ന് എം.മുകുന്ദൻ. സ്ത്രീ -പുരുഷ അസമത്വം പാശ്ചാത്യരാജ്യങ്ങളിൽ പോലുമുണ്ടെന്ന് യുവ എഴുത്തുകാരൻ മനു എസ്.പിള്ള. 

വിമർശനപരമായി ചിന്തിക്കുന്ന രീതി നമ്മുടെ സമൂഹത്തിൽ കുറവാണെന്നു പത്മപ്രിയ പറഞ്ഞു. അത്തരമൊരു ചിന്താരീതി ഒരു വിദ്യാഭ്യാസ സ്ഥാപനവും പരിശീലിപ്പിക്കുന്നില്ല. സ്വന്തം അഭിപ്രായം പറഞ്ഞതിനു നടി പാർവതി സൈബർ ലോകത്ത് അധിക്ഷേപിക്കപ്പെട്ടു. മുൻപൊരിക്കൽ ഒരു നേതാവിന്റെ ആശയങ്ങൾ കാലഹരണപ്പെട്ടുവെന്നു പറഞ്ഞപ്പോൾ, ജനം തന്റെ കോലം കത്തിച്ചുവെന്നു മുകുന്ദൻ പറഞ്ഞു.

പറയുന്നതിനെ ആരും ക്രിയാത്മകമായി പരിഗണിക്കുന്നില്ല. മുൻപ്, എഴുത്തുകാരനു സമൂഹത്തെ മാറ്റാനുള്ള കഴിവുണ്ടായിരുന്നു. ഇന്ന് അവരുടെ ശബ്ദം സമൂഹം കേൾക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അരക്ഷിതാവസ്ഥയിലുള്ള രാജ്യങ്ങളിലാണു സ്വാതന്ത്ര്യത്തിനു കൂടുതൽ നിയന്ത്രണങ്ങളുള്ളതെന്നും അവിടെ, എഴുത്തുകാരൻ സ്വീകരിക്കുന്ന നിലപാടിനാണു പ്രാധാന്യമെന്നും മനു എസ്.പിള്ള പറഞ്ഞു.