‘എട്ടു വയസ്സു മാത്രമുള്ളൊരു പെൺകുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്ന നമ്മുടെ രാജ്യത്ത് എങ്ങനെ സ്വാതന്ത്ര്യം ആഘോഷിക്കാനാകും?’- അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ ദീപിക സിങ് രജാവത്തിന്റെ ചോദ്യം, മനോരമ ന്യൂസ് കോൺക്ലേവിനെത്തിയ സദസ്സിനെ നിശ്ശബ്ദരാക്കി.
സ്ത്രീകളെ മനുഷ്യജീവികളായി പരിഗണിക്കുന്ന കാലത്തു മാത്രമേ, ഇന്ത്യയ്ക്കു പുരോഗതി നേടാൻ കഴിയൂ എന്ന് കഠ്‌വ പെൺകുട്ടിക്കു നീതി ലഭിക്കുന്നതിനായി പടപൊരുതുന്ന ദീപിക പറഞ്ഞു. ‘ഇന്ത്യയെ വികസിതരാജ്യമെന്നോ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമെന്നോ വിശേഷിപ്പിക്കാനാവില്ല. നിയമം കർശനമായി പാലിച്ചെങ്കിൽ മാത്രമേ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാൻ കഴിയൂ. നാം സ്വതന്ത്രരല്ല. സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെങ്കിൽ കൂട്ടായ മുന്നേറ്റം ആവശ്യമാണ്. എനിക്കു നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ട്; എന്നിൽ വിശ്വാസമുണ്ട്; സമാനമനസ്കരായ മനുഷ്യരിൽ വിശ്വാസമുണ്ട്. അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുക. നമുക്കു നിശ്ശബ്ദ കാഴ്ചക്കാരായി ഇരിക്കാൻ കഴിയില്ല’.