കൃഷ്ണം വന്ദേ ജഗദ്ഗുരും

കംസശാസനയുടെ കൽത്തുറുങ്കിൽ ഒരർധരാത്രിയിൽ അവതരിച്ച സ്വാതന്ത്ര്യമാണു കൃഷ്ണൻ. യുഗം ദ്വാപരം. മാസം ശ്രാവണം. പക്ഷം കൃഷ്ണം. നാൾ അഷ്ടമി. നക്ഷത്രം രോഹിണി.

ജനിച്ചവാറേ അമ്മ ദേവകിയെ വിശ്വരൂപം കാണിച്ചു. മായകൊണ്ടു വിസ്മയം മാറ്റി വീണ്ടും മനുഷ്യശിശുവായി ഭവിച്ചു. ദൈവമായാലും ശരി, കർമനിർവഹണം സാധിക്കണമെങ്കിൽ മണ്ണിൽ മനുഷ്യനായി ജനിച്ചേ പറ്റൂ.

ആ അവതാരശിശുവിന്റെ ഇച്ഛയിൽ പിതാവായ വസുദേവരുടെ കാൽച്ചങ്ങലകൾ സ്വയം അഴിഞ്ഞു. കാരിരുമ്പഴിവാതിൽ താനേ തുറന്നു. കണ്ണിൽ ശ്രദ്ധയൊഴിച്ചു കാത്തിരുന്ന കാവൽച്ചാരന്മാർ മോഹാലസ്യത്താൽ ഉറങ്ങിയിരുന്നു.

ഭഗവന്നാദം മുഴങ്ങിയത് ഇങ്ങനെ:

‘അധാർമികരെ ഉന്മൂലനം ചെയ്ത് ധർമം നിലനിർത്തുവാനാണ് എന്റെ ഈ അവതാരം. വേഗം എന്നെ അമ്പാടിയിൽ കൊണ്ടെത്തിക്കുക. പകരം, നന്ദഗോപഗൃഹത്തിൽ യശോദ പ്രസവിച്ച പെൺകുഞ്ഞിനെ ഇങ്ങോട്ടും കൊണ്ടുവരിക. ഭയം വേണ്ടാ. പുറപ്പെടുക.’ 

കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ചു വസുദേവർ നടന്നു. ആകാശം അനുഗ്രഹമഴ കോരിച്ചൊരിഞ്ഞു. അനന്തന്റെ പത്തികൾ വസുദേവശിരസ്സിനുമേൽ കുടയായി നിവർന്നു. അനന്തഫണത്തിലെ അനേകരത്നങ്ങൾ അന്ധകാരത്തിൽ വഴിവെട്ടം ചൊരിഞ്ഞു. ആർത്തലച്ചൊഴുകുന്ന യമുന രണ്ടായിട്ടകന്നു. അമ്പാടിയിലേക്കുള്ള വഴി തെളിഞ്ഞു. ഭഗവദിച്ഛ നടന്നു. ധർമസംരക്ഷണത്തിന് അങ്ങനെ ഒരു വച്ചുമാറ്റം വേണ്ടിവന്നു. 

അധർമങ്ങളുടെ ഗുണനമാണ് അസുരപ്രകൃതി. ഭഗവാന്റെ അവതാരലക്ഷ്യം അവയുടെ ഹരണവും. ഭഗവാൻ ഒന്നുപറഞ്ഞാൽ മൂന്നാണ്. ചാക്ഷുഷമന്വന്തരത്തിൽ സുതപസ്സ് എന്ന ഋഷി, പൃശ്‌നി എന്ന തന്റെ സഹധർമിണിയോടൊപ്പം പന്തീരായിരം വർഷം തപസ്സുചെയ്തു മഹാവിഷ്ണുവിനെ പ്രത്യക്ഷനാക്കി. എന്തു വരം വേണം എന്ന ചോദ്യത്തിനു ഭഗവാൻ തങ്ങളുടെ പുത്രനായി ജനിക്കണം എന്നതായിരുന്നു ഉത്തരം. അങ്ങനെയാവട്ടെ എന്നു സമ്മതം. ജനിച്ചു. ഒന്നല്ല, മൂന്നു തവണ. സുതപസ്സിനും പൃശ്‌നിക്കും പൃശ്‌നിഗർഭൻ എന്ന പുത്രനായിട്ട്. വൈവസ്വതമനുവിന്റെ കാലത്ത് അവർ കശ്യപനും അദിതിയുമായി പുനർജ്ജന്മമെടുത്തപ്പോൾ വാമനനായിട്ട്. അനന്തരജന്മത്തിൽ കശ്യപൻ വസുദേവരായി. അദിതി ദേവകിയായി. ഭഗവാൻ അവരുടെ പുത്രനായി. ആ പുത്രൻ കൃഷ്ണനായി.

അനന്തമായ നൈരന്തര്യമാണ് ഈശ്വരകാരുണ്യം. അതിനു വിഘാതമില്ല. അതിന്റെ അവിഘ്‌നസാക്ഷ്യമാണ് കൃഷ്ണാവതാരം. സഹോദരി ദേവകിയെ വസുദേവർക്കു പാണിഗ്രഹണം കഴിച്ചുകൊടുത്ത് അവരുടെ വിവാഹരഥം തെളിച്ചുതുടങ്ങിയ കംസൻ യദൃച്ഛയാ കേട്ട അശരീരിയാണു ഭാഗവതം ദശമത്തിന്റെ തുടക്കം. ഭഗവാൻ കൃഷ്ണന്റെ ജീവചരിത്രമാണു ഭാഗവതം. മഹാവിഷ്ണുവിന്റെ അവതാരോത്സവങ്ങളുടെ ആഘോഷഗ്രന്ഥമാണ് അത്. ‘നിന്റെ സഹോദരിയായ ഈ ദേവകിയുടെ എട്ടാമത്തെ പുത്രൻ നിന്നെ കൊല്ലും’ എന്നതായിരുന്നു അശരീരി. അതോടെ രഥം നിന്നു. ദേവകിയെ നിലത്തുവലിച്ചിറക്കി അപ്പോൾത്തന്നെ ഗളഛേദം ചെയ്ത് അവസാനിപ്പിക്കാനായിരുന്നു കംസന്റെ ശ്രമം. ആ ശ്രമം വസുദേവരുടെ അനുനയഭാഷണങ്ങളാൽ വഴിതിരിക്കപ്പെട്ടതോടെ ആരംഭിച്ചതാണു കംസന്റെ വിശ്രമമില്ലായ്മ. സ്വന്തം പിതാവായ ഉഗ്രസേനനെ കൽത്തുറുങ്കിലടച്ചു മഥുരയുടെ ഭരണം പിടിച്ചെടുത്ത ആ അധികാരോന്മത്തൻ മഥുര അടക്കിഭരിച്ചു. അധികാരഭ്രാന്തിനുണ്ടോ രക്തബന്ധം? പക്ഷേ, യാഥാർഥ്യം എന്താണ്? കംസൻ മഥുരയെയല്ല, അതിലും ശക്തമായി അകാലമരണഭയം കംസനെ അടക്കിഭരിച്ചു. ഓരോനിമിഷവും കംസൻ അനുഭവിച്ച മരണഭയമായിരുന്നു കൃഷ്ണൻ.

ഭഗവദാജ്ഞയനുസരിച്ചു ദൗത്യം നിർവഹിച്ചു മടങ്ങിയ വസുദേവർ അമ്പാടിയിൽ യശോദ പ്രസവിച്ച പെൺകുഞ്ഞിനെ ദേവകിക്കരികിൽ കിടത്തി. കാരാഗൃഹപരിസരം പഴയപടിയായി. വാർത്തയറിഞ്ഞു പാഞ്ഞെത്തിയ കംസൻ ദേവകിയുടെ എട്ടാമത്തെ പുത്രനുപകരം കണ്ടതു പുത്രിയെ! ആകെ ചിന്താക്കുഴപ്പമായി. എന്നാലും സ്വരക്ഷമാത്രമാണല്ലോ അസുരനു മുഖ്യം. ആദ്യത്തെ ഏഴു കുഞ്ഞുങ്ങളെയും പാറമേലടിച്ചു തല ചിതറിച്ചു കൊന്നതുപോലെ, എട്ടാമത്തെ ശിശുവിനെയും കൊല്ലാൻ മുതിർന്നു. കംസന്റെ കയ്യിൽനിന്നു കുതറിമാറിയ, യോഗമായയുടെ അവതാരമായ ആ ശിശു ആകാശത്തേക്കുയർന്ന്, അന്തരീക്ഷം നിറഞ്ഞു കംസനോടു പറഞ്ഞു:

‘അരേ, ദുരാചാര നൃശംസ കംസാ

പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ.

തവാന്തകൻ ഭൂമിതലേ ജനിച്ചൂ

ജവേന സർവത്ര തിരഞ്ഞുകൊൾക!’

പിന്നെ ആ തിരച്ചിൽ മാത്രമായി കംസന്റെ ജീവിതം. അവനവൻതന്നെ വധ്യനായിരിക്കെ മറ്റൊരു ശത്രുവിനെ തേടി വധിക്കാൻ അലയുക എന്ന വൈപരീത്യമായിരുന്നു കംസൻ!

അമ്പാടിയിലേക്കു പിന്നെ അസുരന്മാരുടെ പ്രവാഹമായി. ആദ്യം പൂതന. അവൾക്കു മോക്ഷം. പിന്നെ ശകടൻ. അവനു ധൂളീകരണം. തൃണാവർത്തൻ, വത്സൻ, ബകൻ, അഘൻ, ധേനുകൻ, പ്രലംബൻ, വൃഷഭൻ, കേശി, വ്യോമൻ എന്നുവേണ്ട, അനേകരുടെ വധം അനായാസം സാധിച്ചു കൃഷ്ണൻ. ഒരുപിടി മണ്ണുതിന്നു ചോരിവായ് തുറന്നു മണ്ണും വിണ്ണും മൂവുലകങ്ങൾതന്നെയും തന്നിൽത്തന്നെ എന്ന് അമ്മയ്ക്കു ബോധ്യംവരുത്തിയ ബ്രഹ്മരൂപൻ. 

താൻ എന്തെങ്കിലുമൊന്നു ചെയ്യുന്നു എന്ന ഭാവമേ കാണിച്ചില്ല. പ്രതിസന്ധികളിൽ ഒരിക്കൽപോലും തളർന്നില്ല. പ്രതികൂലസ്ഥിതികളെ ഭയന്നില്ല. ജനനം മുതൽ സ്വർഗാരോഹണംവരെ ഒരിക്കൽപോലും കരഞ്ഞില്ല. വാടാത്ത മന്ദഹാസവും വറ്റാത്ത പ്രതീക്ഷയും തെറ്റാത്ത പ്രത്യാശയുമാണു ജീവിതം എന്നു നമ്മെ പഠിപ്പിക്കുകയായിരുന്നു കൃഷ്ണൻ. നിലയ്ക്കാത്ത കർമധീരതയുടെ നിത്യസന്ദേശമായിരുന്നു കൃഷ്ണജീവനം. പശുക്കളോടും ശിശുക്കളോടും മനുഷ്യരോടും പ്രകൃതിയോടും ഇത്രമേൽ തന്മയീഭവിച്ച്, പ്രകൃതിനിറയെ സംഗീതമാണെന്നു കൊച്ചൊരു മുളന്തണ്ടിലൂടെ നിരന്തരം തെളിയിച്ച്, മഴമേഘങ്ങളെ തടഞ്ഞുനിർത്തി ജലവർഷം തരുന്നത് ഇന്ദ്രനല്ല, ഗോവർധനമാണെന്നു സ്ഥാപിച്ച്, പർവതത്തെ പൂജിച്ച്, പർവതംകൊണ്ടു കുടപിടിച്ച്, ഗോകുലത്തെ കാത്തുരക്ഷിച്ച്, ഇന്ദ്രഗർവം തോൽപിച്ച്, സ്വയം ഗോവിന്ദമൂർത്തിയായി ഭഗവാൻ. 

മനുഷ്യജന്മത്തിന്റെ ഉച്ഛൃംഖലമായ സ്വാതന്ത്ര്യത്തിന്റെ ഉദ്‌ഘോഷകനാണു കൃഷ്ണൻ. കംസവധം എന്ന അവതാരലക്ഷ്യം പൂർത്തിയായിട്ടും കൃഷ്ണപക്ഷം ഇവിടെ തുടർന്നു. പക്ഷത്തിനും പ്രതിപക്ഷത്തിനുമപ്പുറം കൃഷ്ണപക്ഷം വളർന്നു. തുറുങ്കറ തുറന്നു. ഉഗ്രസേനനു രാജ്യം കൈവന്നു. വസുദേവരും ദേവകിയും സ്വാതന്ത്ര്യസൂര്യോദയം കണ്ടറിഞ്ഞു. യദുകുലം തഴച്ചുവളർന്നു. കൃഷ്ണൻ സകലചരാചരങ്ങളുടെയും ഹൃദയം കവർന്നു.

‘മതവിശ്വാസങ്ങളിൽനിന്നു ഭാരതം നെയ്‌തെടുത്തിട്ടുള്ള ബാലസങ്കൽപങ്ങൾ ചിലതുണ്ട്. അജയ്യമായ തേജസ്സിന്റെ പരിവേഷമാണ് അവയ്ക്കുള്ളത്. പെട്ടെന്നെടുത്തു പറയാവുന്ന ഉദാഹരണം കൃഷ്ണകഥതന്നെ.  ഈശ്വരസങ്കൽപത്തെ ഇത്രയ്ക്കു നിർമലോജ്ജ്വലമായ ബാലസങ്കൽപമാക്കി നെയ്‌തെടുത്ത പ്രതിഭയ്ക്കുമുമ്പിൽ ആദരാഞ്ജലികൾ എത്ര അർപ്പിച്ചാലും ഏറെയാവില്ല. ഗീതോപദേശകനായ യാദവകൃഷ്ണനല്ല, കാലിക്കിടാങ്ങളും ബാലകരുമായി കാട്ടിൽ മുരളികയൂതി കാടുകാട്ടിനടക്കുന്ന അമ്പാടിമണിക്കുഞ്ഞാണു ഭാരതത്തിനു പ്രിയങ്കരൻ. ചക്രായുധപാണിയായ ലോകജേതാവല്ല, കാൽവിരൽത്തുമ്പു വായിൽത്തിരുകി ആലിലയിൽ കിടക്കുന്ന ഓമൽപൈതലാണു ഭാരതത്തിന്റെ ആത്മാവിൽ സ്വൈരനിദ്രകൊള്ളുന്ന ശ്രീകൃഷ്ണൻ. ഭാരതത്തിന്റെ സംസ്‌കാരസമ്പത്തിൽനിന്നു ശ്രീകൃഷ്ണന്റെ ശൈശവബാല്യങ്ങളെ കിഴിക്കുക; നമ്മുടെ ബാലഹൃദയങ്ങൾ പണ്ടെങ്ങാൻ ഒരു മരുഭൂവായിത്തീർന്നേനെ...’ (സാഹിത്യം ഇന്ന് - പുറം 58. തായാട്ടു ശങ്കരൻ)

‘വസുദേവസുതം ദേവം

കംസചാണൂരമർദ്ദനം

ദേവകീപരമാനന്ദം

കൃഷ്ണം വന്ദേ ജഗദ്ഗുരും!’