നരേന്ദ്രൻ വിവേകാനന്ദനായത് യാദൃച്ഛികതയല്ല. ഭാരതസംസ്‌കൃതിയുടെ ആഗോളപ്രചാരണത്തിനു യോഗ്യനായ യുഗപുരുഷൻ വേണമെന്നു കാലശിൽപി നിശ്ചയിച്ചിട്ടുണ്ടാകണം. ഈ നിശ്ചയം അതിന്റെ പ്രൗഢിയോടെ സ്വാമികളിൽ പ്രതിഫലിച്ചിരുന്നു എന്നതു വിവേകാനന്ദചരിതം അനുസന്ധാനം ചെയ്യുന്നവർക്കു ബോധ്യമാകും.
നരേന്ദ്രന്റെ യുക്തിചിന്ത
ശ്രീരാമകൃഷ്ണദേവനിൽ ആകൃഷ്ടനായിപ്പോയ നാളുകളിൽ ആന്തരികസ്പർധയിലൂടെ നരേന്ദ്രൻ യാത്രചെയ്യുകയുണ്ടായി എന്ന് ആദ്യമായി വിഭാവനം ചെയ്യാം. നരേന്ദ്രനിലെ സന്ദേഹി ഒരു ശല്യക്കാരനായിരുന്നില്ല. ആന്തരിക പോരാട്ടത്തിന്റെ തീവ്രത ഉറപ്പാക്കാനും അതുവഴി പക്വത നേടാനും ഈ സന്ദേഹി നരേന്ദ്രനെ സഹായിച്ചുപോന്നിരുന്നു.
ഗുരുവിന്റെ മഹിമാതിശയം യുക്ത്യധിഷ്ഠിത നിരീക്ഷണത്തിന്റെ ഉരകല്ലിൽ പലപ്രാവശ്യം ഉരച്ചുനോക്കുന്നതിൽ നരേന്ദ്രൻ സങ്കോചം കാണിച്ചില്ല. കാലിക വിദ്യാഭ്യാസപ്രബുദ്ധതയും ഔദ്ധത്യവും ഉന്നയിച്ച ചോദ്യങ്ങൾക്കു മുന്നിൽ ജ്ഞാനാനന്ദാമൃതം നുകരുന്ന സദ്ഗുരു ഒട്ടും സങ്കോചം പുലർത്തിയുമില്ല.
നാടിന്റെ സ്പന്ദനമറിഞ്ഞ്
പരമഹംസരുടെ സമാധിക്കു ശേഷം പ്രസ്ഥാനവും പദ്ധതികളുമായി. വിവേകത്താൽ പുഷ്‌കലമായ വൈരാഗ്യം ജ്ഞാനനിഷ്ഠയ്ക്ക് അരങ്ങൊരുക്കി. നരേന്ദ്രൻ വിവേകാനന്ദനായി. സഹജാനന്ദം നുകരുന്ന ത്യാഗിവര്യൻ അതിന്റെ നിർവൃതിയിൽ രമിച്ചില്ല. ഭാരതത്തിന്റെ സാമൂഹികസങ്കടങ്ങളെയും ദാരിദ്ര്യത്തിന്റെ നേർക്കാഴ്ചകളെയും സാംസ്‌കാരിക സമ്പന്നതയുടെ സ്പന്ദനങ്ങളെയും (ഒപ്പം ജീർണതയെയും) ഒക്കെ അനുഭവിച്ചറിയാൻ നടത്തിയ പരിക്രമണം രാഷ്ട്രചരിത്രത്തിന്റെ ഭാഗമായി. രാഷ്ട്രചേതനയെ അനുകമ്പാപൂർവം ഗ്രഹിച്ച സ്വാമി വിവേകാനന്ദൻ പിന്നെ കന്യാകുമാരിയിൽ തപം ചെയ്തു. സകരുണം വിലപിച്ചു... ജഗദംബയെ ധ്യാനിച്ചു. ഭാരതത്തിന്റെ ഉപരിപ്ലവ സാംസ്‌കാരിക ജീർണത വിവേകാനന്ദനെ ഏറെ വേദനിപ്പിച്ചിരുന്നു. ഒരുവശത്തു ഭാരതം വളരെ സമ്പന്നം, മറുവശത്തു ദാരിദ്ര്യപൂർണവും, ഈ വൈരുധ്യാത്മകതയ്ക്കു പരിഹാരം തേടിയായിരുന്നു ധ്യാനം.
കടൽ കടന്ന പ്രഭാവം
ഉത്തരവും രക്ഷയുമായി ശ്രീരാമകൃഷ്ണപരമഹംസരുടെ ദർശനവും ആദേശവും കന്യാകുമാരിക്ഷേത്രത്തിൽ വിവേകാനന്ദനെ തേടിയെത്തി. യുഗധർമം വിവേകാനന്ദ മഹാശയനിലൂടെ നിർവഹിതമാകുന്ന നാളുകൾ സംഭവബഹുലമാണ്. കടൽകടന്നു ചെന്നു ഷിക്കാഗോവിലെത്തി. വേദിയിൽ വ്യക്തിപ്രഭാവംകൊണ്ടു സ്വന്തം ഇടം കണ്ടെത്തി, ഭാഷണാവസരം നേടിയെടുത്തു. മതക്ഷീരമഥനം നടത്തി സ്‌നേഹപൂർവം, സവിനയം നവനീതമെടുത്തു വിതരണം ചെയ്തു. വിശ്വവിസ്മാരക പ്രേമപൗർണമിയിൽ വിശ്വത്തെ മുഴുവൻ ആറാടിപ്പിച്ച പ്രതിഭ വിശ്വവിജയിയായി.
പാശ്ചാത്യരെ വിസ്മയിപ്പിച്ച്
‘അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരേ... എന്ന അഭിസംബോധനയ്ക്കു പിറകിൽ ധ്വനിപ്പിക്കപ്പെട്ട ഹൃദയവിശാലത തുടർന്നുള്ള വാക്കുകളിൽ കരകവിഞ്ഞൊഴുകി. തനിക്കു നൽകിയ സ്വാഗതത്തിനു നന്ദി പറയാനാണു ഷിക്കാഗോ ഭാഷണത്തിൽ വിവേകാനന്ദ സ്വാമികൾ ഉദ്യമിച്ചത്. സഹിഷ്ണുതയും സാർവലൗകിക സ്വീകാര്യതയും ലോകത്തിനുപദേശിച്ച മതത്തിന്റെ അനുയായി എന്ന നിലയിൽ അഭിമാനിച്ചുകൊണ്ടാണു സ്വാമിജി നന്ദിയറിയിച്ചത്. ചെറുപ്പത്തിലേ ചൊല്ലിപ്പഠിച്ച സമന്വയചിന്ത സ്വാമിജി സഗൗരവം പങ്കുവച്ചു. (സകല നദികളും കൈവഴികളും ഒരേ സാഗരത്തിൽ ഒഴുകിയെത്തി ലയിക്കും പോലെ രുചിവൈചിത്ര്യം കൊണ്ടു മനുഷ്യർ വ്യത്യസ്ത കൈവഴികളായി ഒഴുകി ഒരേ പരമേശ്വരനെ പ്രാപിക്കുന്നു.) സഹസ്രാബ്ദങ്ങളുടെ ദാർശനിക പൈതൃകം ഭാരതത്തിന്റെ മഹത്തായ സ്വത്താണ്. ഇതു ശ്രീമദ് വിവേകാനന്ദസ്വാമികൾ നിർല്ലോപം പങ്കുവച്ചപ്പോൾ പാശ്ചാത്യർ വിസ്മയത്തോടെ ആസ്വദിച്ചു. പിന്നെ അവിശ്രമം ആ ഭാരതപുത്രൻ ഭാരതാംബയെ സേവിക്കുകയായിരുന്നു. ശിഷ്യഗണത്തെ നിരന്തരം പ്രചോദിപ്പിച്ചു സജ്ജരാക്കി. മുഹൂർത്തമാത്രമായാലും ജ്വലിച്ചുവർത്തിക്കാൻ ആഹ്വാനം ചെയ്ത അഗ്നിസ്ഫുലിംഗം കാലഗതി അംഗീകരിച്ച്, ഉപാധിയുപേക്ഷിച്ചു സമാധിസ്ഥനായി.
എക്കാലത്തെയും മാതൃക
എല്ലാക്കാലത്തേക്കുമുള്ള ഉജ്വലമാതൃകയായി യുവാക്കൾക്കു ശ്രീമദ് വിവേകാനന്ദനെ ആശ്രയിക്കാം. അറിവിന്റെ നിറവിൽ രമിക്കാനുള്ള ഉൾവിളിയിൽ ശ്രദ്ധ വളർത്താൻ ഉത്സാഹിക്കാം. അന്തർദൃഷ്ടിയുടെയും ആത്മീയതയുടെയും നാടാണു ഭാരതം എന്നു വിവേകാനന്ദ സ്വാമിജി നിരീക്ഷിച്ചു. ഇതു മാർഗദർശനമായി സ്വീകരിച്ചാലേ ശ്രേയസ്സിന്റെ വഴിയിൽ മുന്നേറാനും ശാന്തിനിധി സ്വന്തമാക്കാനും സാധിക്കൂ.
പൂർവികരായ മഹാമനീഷികളുടെ രക്തം നമ്മുടെ ധമനികളിൽ ഒഴുകുന്നുണ്ടെന്ന് അഭിമാനപൂർവം ഓർമിക്കാൻ സ്വാമിജി ആഹ്വാനം ചെയ്തു. അതു തരുന്ന ഉത്തരവാദിത്തബോധം കുറ്റംപറഞ്ഞിരിക്കുന്ന പ്രവണതയിൽനിന്നു നമ്മെ തൊട്ടുണർത്തി പ്രവൃത്തിപഥത്തിൽ നയിക്കാൻ സമർഥമാണ്.
അസഹിഷ്ണുതയും വാശിയും കലർന്ന ഏകേശ്വരവാദത്തിനും സ്വേച്ഛാധിപത്യത്തിനും വളരെ വേഗം ആജ്ഞകൾ നടപ്പിലാക്കാനും ശക്തിസംഭരണം നടത്താനും സാധിക്കും, എന്നാൽ ഇത് ഉടൻ ക്ഷയിച്ചുതുടങ്ങും എന്ന വിവേകാനന്ദസ്വാമികളുടെ പ്രസ്താവന ശരിയായ ദർശനം സ്വാംശീകരിക്കാൻ നമ്മെ പ്രചോദിപ്പിക്കട്ടെ. ആധ്യാത്മികതയുടെ വമ്പിച്ച വേലിയേറ്റത്തിൽ, ചുഴികളെ വിഴുങ്ങിവരുന്ന ഒരു വലിയ ചുഴിയിൽ ശ്രീരാമകൃഷ്ണപരമഹംസർ പ്രത്യാശ പുലർത്തിയിരുന്നു. അത്തരമൊരു വൻചുഴിയായി മാറി ശ്രീമദ് വിവേകാനന്ദപ്രഭു മുൻപേ നടന്നു വഴികാട്ടിത്തന്നിരിക്കുന്നു. ഇനിയും അത്തരം അനുഗ്രഹസാധ്യതയിൽ പ്രതീക്ഷയർപ്പിക്കാം. ഉത്തിഷ്ഠത ജാഗ്രത... എന്ന ആഹ്വാനം സ്വീകരിക്കാം.
(സംബോധ് ഫൗണ്ടേഷൻ, കേരള മുഖ്യാചാര്യനാണു ലേഖകൻ).