വോട്ടിൽ പ്രതിഫലിക്കുമോ ട്രംപ് വിരുദ്ധവികാരം; ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് യുഎസ്

മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്‌ൻ’ റാലിക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

യുഎസിൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്ന രണ്ട് ആക്ഷേപഹാസ്യ പ്രദർശനങ്ങളുണ്ട്. ഒന്ന് മൻഹാറ്റനിലെ ടൈം സ്ക്വയറിനു സമീപം സ്റ്റീഫൻ കോൾബേർ നടത്തുന്ന ലേറ്റ് നൈറ്റ് ഷോ. രണ്ടാമത്തേത് ലൊസാഞ്ചലസിൽ ഹോളിവുഡ് ബുളിവാഡിൽ ജിമ്മി കിമ്മലിന്റെ ഷോ. ഈ രണ്ട് ഷോകളിലും ഏറെ വിമർശിക്കപ്പെടുന്നത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ. നമ്മുടെ ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികളിലേതിനെക്കാൾ മൂർച്ചയുള്ള വാക്കുകളാലാണ് ഇവർ ട്രംപിനെ ആക്രമിക്കുന്നത്. എന്നും വൈകിട്ട് ആറിന് നടക്കുന്ന ടൈം സ്ക്വയറിലെ പ്രദർശനം, രാത്രി 10നു ടിവിയിൽ സംപ്രേഷണം ചെയ്യും. എന്നിട്ടും, ഇതു ലൈവായി കാണാൻ ജനം തിരക്കുകൂട്ടുന്നു. ട്രംപിനെതിരായ ജനവികാരത്തിന്റെ സൂചനയായി ഇതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്.

വ്യക്തിത്വത്തോടു വിയോജിപ്പ്; നിലപാടിനു പിന്തുണ

യുഎസിലെ ഒരു വിഭാഗത്തിന് പ്രസിഡന്റിനോടുള്ള സമീപനം വിചിത്രമാണ്. ട്രംപിനു വോട്ടുചെയ്തവർ പോലും അദ്ദേഹത്തിന്റെ വ്യക്തിത്വം, പെരുമാറ്റം എന്നിവയൊന്നും അംഗീകരിക്കുന്നില്ല. അതേസമയം, അവരിൽ ചിലർ ട്രംപിന്റെ രാഷ്ട്രീയനിലപാടുകളെ പിന്തുണയ്ക്കുന്നു. അതിൽ കൂടുതലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വെളുത്തവർഗക്കാരും കടുത്ത വലതുപക്ഷക്കാരുമാണ്. ഇവരുടെ സമീപനത്തിൽ മാറ്റമുണ്ടാകുമോ എന്ന് യുഎസ് ഉറ്റുനോക്കുന്നു.

യുഎസ് കോൺഗ്രസിന്റെ ജനപ്രതിനിധി സഭയിലെ മുഴുവൻ സീറ്റിലേക്കും (435 സീറ്റ്) സെനറ്റിലെ 35 സീറ്റിലേക്കും 36 സംസ്ഥാനങ്ങളിലെയും 3 കേന്ദ്രഭരണപ്രദേശങ്ങളിലെയും ഗവർണർ പദവിയിലേക്കുമുള്ള തിരഞ്ഞെടുപ്പ് നവംബർ 6ന് ആണ്. ട്രംപ് അധികാരമേറ്റ ശേഷം, ഭരണം വിലയിരുത്തി പ്രതികരിക്കാനുള്ള ആദ്യ അവസരമാണ് ഈ ഇടക്കാല (മിഡ് ടേം) തിരഞ്ഞെടുപ്പ്. ഇതിലെ ഫലം ട്രംപിന്റെ പ്രസിഡന്റ് പദവിയെ ഒരുതരത്തിലും ബാധിക്കില്ല. എന്നാൽ, തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിക്കു ഭൂരിപക്ഷം ലഭിച്ചാൽ 2020ൽ വീണ്ടും പ്രസിഡന്റ് പദവിയിൽ എത്താനുള്ള സ്വപ്നങ്ങൾക്കു മങ്ങലേൽക്കും.

അഭിപ്രായ വോട്ടെടുപ്പുകളിൽ മുന്നിൽ ഡമോക്രാറ്റുകൾ

സാധാരണഗതിയിൽ, രാജ്യത്തിന്റെ സാമ്പത്തികനില മെച്ചമാണെങ്കിൽ പ്രസിഡന്റിന്റെ പാർട്ടിക്ക് അനുകൂലമായ വിധിയെഴുത്താണ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഉണ്ടാവുക. അതനുസരിച്ച് ഇത്തവണ റിപ്പബ്ലിക്കൻ പാർട്ടിക്കുതന്നെ കോൺഗ്രസിൽ ഭൂരിപക്ഷം കിട്ടണം. എന്നാൽ, ഇടക്കാല തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇപ്പോൾ നടക്കുന്ന അഭിപ്രായ വോട്ടെടുപ്പുകളിലെല്ലാം ഡമോക്രാറ്റിക് പാർട്ടി മുന്നിലാണെന്നാണു സൂചന. ഇത് ജനങ്ങളുടെ നിലപാടുമാറ്റമായി കണക്കാക്കാമോ എന്നതാണു ചോദ്യം. 2016ലെ പൊതുതിരഞ്ഞെടുപ്പിലും അഭിപ്രായ വോട്ടെടുപ്പുകൾ ട്രംപിന് അനുകൂലമായിരുന്നില്ലല്ലോ എന്നതാണ് ഇതിനുള്ള റിപ്പബ്ലിക്കൻമാരുടെ മറുപടി.

യുഎസിലെ വെളുത്ത വർഗക്കാരുടെ വർണബോധവും ഒരു വനിത പ്രസിഡന്റാകുന്നതിലെ ‘അസ്വസ്ഥത’യുമൊക്കെ ആയിരുന്നു ട്രംപിന്റെ വിജയത്തിനു പിന്നിലെന്നും ഇടക്കാല തിരഞ്ഞെടുപ്പിൽ അതിൽ മാറ്റംവരുമെന്നും കരുതുന്നവരുണ്ട്. കുടിയേറ്റക്കാർക്കെതിരായ കടുത്ത നിലപാട് തുടക്കത്തിൽ കയ്യടി നേടിയെങ്കിലും, ലോക മനഃസാക്ഷിക്കു മുന്നിൽ യുഎസിന്റെ പ്രതിച്ഛായ മോശമാക്കി എന്നു വിശ്വസിക്കുന്നവരും ഏറെ. യുഎസിന്റെ വാതിലുകൾ കൊട്ടിയടയ്ക്കുന്നതിനെ അവരുടെ പരമോന്നത കോടതിപോലും അംഗീകരിച്ചിട്ടില്ല. ഇതെല്ലാം, നേരത്തേ ട്രംപിനു വോട്ടുചെയ്ത ജനങ്ങളെ പുനർവിചിന്തനത്തിനു പ്രേരിപ്പിക്കുമോ?

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച, റോബർട് മുള്ളറുടെ വരാനിരിക്കുന്ന റിപ്പോർട്ട് ട്രംപ് ക്യാംപിനെ ഭയപ്പെടുത്തുന്നുണ്ട്. ഈ റിപ്പോർട്ട് ഇടക്കാല തിരഞ്ഞെടുപ്പിനു മുൻപ് പുറത്തെത്തിയാൽ ട്രംപിന് തിരിച്ചടിയാകുമെന്നും ഒരുപക്ഷേ, പ്രസിഡന്റിന്റെ ഇംപീച്ച്മെന്റിനു പോലും വഴിയൊരുക്കിയേക്കാമെന്നും ഡമോക്രാറ്റുകൾ കണക്കുകൂട്ടുന്നു.

വോട്ടിൽ പ്രതിഫലിക്കുമോ ട്രംപ് വിരുദ്ധവികാരം

ഇടക്കാല തിരഞ്ഞെടുപ്പുകളിൽ പോളിങ് ശതമാനം താരതമ്യേന കുറവായിരിക്കും. പൊതുതിരഞ്ഞെടുപ്പിൽ 50–60% പോളിങ് രേഖപ്പെടുത്തുമ്പോൾ, ഇടക്കാല തിരഞ്ഞെടുപ്പിൽ ഇത് 40 ശതമാനമായി കുറയാറാണു പതിവ്. എന്നാൽ, ഇക്കുറി ട്രംപ് വിരുദ്ധവികാരത്താൽ പോളിങ് ശതമാനം ഉയരുമെന്നും ഡമോക്രാറ്റുകൾക്ക് അനുകൂലമാകുമെന്നും വാദങ്ങളുണ്ട്. ട്രംപിന്റെ പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സനെ വെർജീനിയയിലെ റസ്റ്ററന്റിൽനിന്ന് ഉടമ ഇറക്കിവിട്ടതു വാർത്തയായിരുന്നു. ട്രംപ് വിരോധത്തിന്റെ പൊതു വികാരപ്രകടനമാണിതെന്നു വ്യാഖ്യാനിക്കുന്നവർ ഏറെ.
ഏറ്റവുമൊടുവിൽ, ലൈംഗികാരോപണ വിധേയനായ ബ്രെറ്റ് കാവെനോയെ യുഎസ് സുപ്രീം കോടതി ജഡ്ജി ആയി നിയമിച്ചതിലാണ് ട്രംപിനെതിരെ സ്ത്രീകൾക്കിടയിൽ പ്രതിഷേധം ഉയർന്നത്. വിവാദച്ചുഴിയിൽ വീണിട്ടും, തലനാരിഴ വ്യത്യാസത്തിൽ സെനറ്റ് വോട്ടെടുപ്പിൽ ജയിച്ചാണ് ബ്രെറ്റ് കാവെനോ യുഎസ് സുപ്രീം കോടതി ജഡ്ജിയായത്. 1881 നു ശേഷം സുപ്രീം കോടതി ജഡ്ജി തിരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ വോട്ടുവ്യത്യാസമാണിത്.

തനിക്കു പ്രിയപ്പെട്ട ആളാണെന്ന ഒറ്റക്കാരണത്താൽ കാവെനോയെ നിയമിച്ചതിൽ രോഷം തുടരുകയാണ്. അതേസമയം, ഇടക്കാല തിരഞ്ഞെടുപ്പു നടക്കാനിരിക്കെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ആത്മവിശ്വാസം നൽകുന്നതാണ് കാവെനോയുടെ വിജയം.  ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ട്രംപ് നടത്തുന്ന വാണിജ്യയുദ്ധം ജനങ്ങൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിലകുറഞ്ഞ ചൈനീസ് ഉൽപന്നങ്ങൾ വാങ്ങുന്ന സാധാരണ അമേരിക്കക്കാരനെ സംബന്ധിച്ച് ഇതു തിരിച്ചടിയാണ്. ട്രംപിന്റെ നയം യുഎസിലെ വ്യവസായ മേഖലയ്ക്ക് ഉണർവു നൽകിയേക്കാം.  പക്ഷേ, യുഎസിലെ വർധിച്ച ഉൽപാദനച്ചെലവു മൂലം ഇരട്ടിവിലയ്ക്കു മാത്രമേ ഈ ഉൽപന്നങ്ങൾ വാങ്ങാൻ കഴിയൂ എന്ന തിരിച്ചറിവ് ജനങ്ങളിൽ ആശങ്കയുണർത്തുന്നു.

മൽസരരംഗത്ത്  12 ഇന്ത്യൻ വംശജർ

ചരിത്രത്തിലാദ്യമായി ഇന്ത്യൻ വംശജരായ 12 പേർ മത്സരിക്കുന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ഇവരിൽ മൂന്നുപേർ വനിതകളാണ്. ഹിരാൽ തിപർനേനി, അനിത മാലിക് എന്നിവർ അരിസോനയിൽനിന്നും കേരളത്തിൽ വേരുകളുള്ള പ്രമീള ജയ്പാൽ വാഷിങ്ടനിൽനിന്നും ജനവിധി തേടുന്നു. പ്രവചനങ്ങളും കണക്കുകൂട്ടലുകളും എന്തായാലും കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പു മുതൽ, പ്രവചനാതീതമായ ഒരു മനഃശാസ്ത്രം അമേരിക്കൻ ജനതയെ ഭരിക്കുന്നു എന്നുള്ളതു സത്യം.