ബുധ്നിയിൽ ഉദിക്കുക ആരുടെ ശുക്രൻ?

ബുധ്നിയിലെ കോൺഗ്രസ് സ്ഥാനാർഥി അരുൺ യാദവ് പ്രചാരണത്തിൽ.

ഭോപാലിൽനിന്ന് 80 കിലോമീറ്റർ അകലെയാണു ബുധ്നി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മണ്ഡലം. സെഹോർ എന്ന പിന്നാക്ക ജില്ലയുടെ ഭാഗം. ഉൾനാടുകളിൽ ഗോതമ്പും സോയാബീനുമാണു മുഖ്യകൃഷി. ശിവരാജ് സിങ് ചൗഹാന്റെ സ്വന്തം ജില്ലയായ സെഹോറിനു മറ്റൊരു മേൽവിലാസം കൂടിയുണ്ട് – സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ നടന്നതിവിടെയാണ്. 

പ്രചാരണത്തിന്റെ തുടക്കത്തിൽതന്നെ ചൗഹാൻ പറഞ്ഞിരുന്നു– ‘‘മണ്ഡലത്തിലുള്ളവർക്ക് എന്നെ അറിയാം. ഞാൻ അവിടേക്കു പോകുന്നില്ല.’’ ചൗഹാന്റെ ഭാര്യ സാധനയും മകൻ കാർത്തികേയ് സിങ് ചൗഹാനുമാണു പ്രചാരണം നയിക്കുന്നത്. പക്ഷേ, ബുധ്നിയിലെ മൂന്നാമങ്കത്തിൽ ചൗഹാൻ നേരിടുന്നയാൾ നിസ്സാരക്കാരനല്ല –  അരുൺ യാദവ്. മുൻ പിസിസി അധ്യക്ഷൻ, വയസ്സ് 44. 

പക്ഷേ, രാഷ്ട്രീയത്തിലെ ഈ ചെറുപ്രായത്തിൽ യാദവ് അങ്കം പലതു കണ്ടുകഴിഞ്ഞു. രണ്ടുതവണ എംപി, മൻമോഹൻ സിങ് സർക്കാരിൽ സഹമന്ത്രി. 2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്നു മധ്യപ്രദേശ് കോൺഗ്രസ് ഉടച്ചുവാർത്തപ്പോഴാണ് അരുൺ യാദവ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പിസിസി അധ്യക്ഷന്മാരിലൊരാളായത്. കമൽനാഥ് എത്തുംവരെ, 3 വർഷം ബിജെപി സർക്കാരിനെതിരെ സമരപരമ്പരകളുമായി പാർട്ടിയെ നയിച്ചു. പ്രവർത്തകസമിതിയിലും അംഗമായി.

ശിവരാജ് സിങ് ചൗഹാന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 84,805. പക്ഷേ, ഇത്തവണ കോൺഗ്രസിന്റെ യുവനിര ഒന്നടങ്കം അരുൺ യാദവിനൊപ്പമുണ്ട്. മറുവശത്തു ‘ചൗഹാൻ ബേട്ടാ സിന്ദാബാദ്’ വിളിച്ചു കാർത്തികേയിനെ മുൻനിർത്തിയാണു ബിജെപിയുടെ പ്രചാരണം. പ്രചാരണം തുടങ്ങും മുൻപു ചൗഹാൻ സ്വന്തം മണ്ഡലം സന്ദർശിച്ചിരുന്നു. ‘‘അന്ന് അച്ഛൻ നാട്ടുകാരോടു ചോദിച്ചു, ഇവിടെ പ്രചാരണത്തിനു വരേണ്ടതുണ്ടോ ? ആവശ്യമില്ലെന്നായിരുന്നു ജനങ്ങളുടെ മറുപടി’’ – കാർത്തികേയ് പറയുന്നു. 

ശിവരാജ് സിങ് ചൗഹാനുവേണ്ടി തിരഞ്ഞെടുപ്പു പ്രചാരണം നടത്തുന്ന മകൻ കാർത്തികേയ് സിങ് ചൗഹാൻ.

‘‘കർഷക ആത്മഹത്യകൾ നടന്നു എന്നതു സത്യമാണ്. പക്ഷേ, ബിജെപി സർക്കാരിനെതിരെ കർഷകരോഷം ഉണ്ടെന്നു പറയുന്നതു ശരിയല്ല. കോൺഗ്രസ് ആസൂത്രണം ചെയ്ത ചില പ്രതിഷേധപരിപാടികൾ മാത്രമാണവ. കർഷകർക്കായി ഒട്ടേറെ പദ്ധതികളാണു സർക്കാർ നടപ്പാക്കിയത്. ദാരിദ്ര്യനിർമാർജനത്തിനുള്ള മുഖ്യമന്ത്രി ജൻ കല്യാൺ യോജന ഉദാഹരണം’’ – നർമദ നദിക്കരയിലുള്ള കുസുംകേഡി ഗ്രാമങ്ങളിലൂടെ നടന്നു പ്രചാരണം നയിക്കവേ കാർത്തികേയ് പറഞ്ഞു. 

ഇരുപത്തിമൂന്നുകാരനായ കാർത്തികേയിന്റെ രാഷ്ട്രീയപ്രവേശം കൂടിയാണ് ബുധ്നിയിലെ മൽസരമെന്ന് പാർട്ടിക്കാർ തന്നെ അടക്കം പറയുന്നുണ്ട്. പാനമ രേഖകളിൽ തന്റെ പേരുണ്ടെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ കാർത്തികേയ് നേരത്തേ അപകീർത്തിക്കേസ് ഫയൽ ചെയ്തിരുന്നു. ‘‘കേസുമായി മുന്നോട്ടുപോകും. രാഹുലിനെപ്പോലെ ഒരു വലിയ നേതാവ് അങ്ങനെ പറയരുതായിരുന്നു. ആശയക്കുഴപ്പം കൊണ്ടാണ് ഇത്തരമൊരു പരാമർശം നടത്തിയതെന്നാണ് രാഹുൽ പിന്നീടു വിശദീകരിച്ചത്. ഇങ്ങനെ ആശയക്കുഴപ്പമുള്ള നേതാവിനെയാണോ ജനം പിന്തുണയ്ക്കേണ്ടത്’’ - കാർത്തികേയ് ചോദിക്കുന്നു.

നേരിടുന്നത് മുഖ്യമന്ത്രിയെയാണെങ്കിലും ആത്മവിശ്വാസത്തിലാണ് അരുൺ യാദവ്. തുടർച്ചയായി മൂന്നുതവണ മുഖ്യമന്ത്രി പദവിയിലിരിക്കുന്ന ചൗഹാനെതിരെയുള്ള പോരാട്ടം ആത്മഹത്യാപരമല്ലെന്നും പറയുന്നു. ‘‘ജനങ്ങൾക്ക് ഈ ഭരണം മടുത്തു. മധ്യപ്രദേശിലൂടെ യാത്ര ചെയ്താൽ ഇതു വ്യക്തമാകും. ചൗഹാന്റെ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾ പോലും അസംതൃപ്തരാണ്. സ്വന്തം എംഎൽഎ മുഖ്യമന്ത്രിയായിട്ടും നാട്ടിൽ വികസനമില്ല. നർമദയിൽ അനധികൃത മണലൂറ്റു നടക്കുന്നു. മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ നേതൃത്വത്തിൽ അഴിമതി കൊടികുത്തിവാഴുകയാണ്’’ – അദ്ദേഹം പറഞ്ഞു. 

കോൺഗ്രസ് യുവാക്കൾക്ക് അവസരം നൽകുന്നുണ്ട്. പരാജയം മണത്ത ബിജെപി പരിഹാസ്യമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. മതവിശ്വാസം വ്യക്തിപരമാണ്. കോൺഗ്രസ് നേതാക്കളിൽ പലരും മതവിശ്വാസികളാണ്. രാഹുൽ ക്ഷേത്രത്തിൽ പോകുന്നതിനോടു പോലും ബിജെപിക്ക് അസഹിഷ്ണുതയാണെന്നും യാദവ് പറയുന്നു.

‘ഭോപാൽ’ ഇരകൾക്ക് പൊള്ളവാഗ്ദാനം മാത്രം

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആവേശത്തിലാണ് മധ്യപ്രദേശ് തലസ്ഥാനമായ ഭോപാൽ. പക്ഷേ, ലോകത്തിലെ ഏറ്റവും വലിയ വ്യവസായദുരന്തത്തിന്റെ ഇരകൾക്ക് ഇതു വഞ്ചനയുടെയും പൊള്ളവാഗ്ദാനങ്ങളുടെയും വാർഷികവേള. 34 വർഷങ്ങൾക്കിടയിൽ പല തിരഞ്ഞെടുപ്പുകൾ കടന്നുപോയി. ഇരയായവർക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഒരു രാഷ്ട്രീയകക്ഷിക്കും ഭോപാൽ ദുരന്തം തിരഞ്ഞെടുപ്പു വിഷയമല്ല. ന്യായമായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പു ബഹിഷ്കരിക്കുമെന്ന് ഇരകൾ എല്ലാ തവണയും മുന്നറിയിപ്പു നൽകും. പാർട്ടികൾ അവഗണിക്കും.

യൂണിയൻ കാർബൈഡ് ഫാക്ടറി ഇപ്പോൾ.

1984ൽ ഭോപാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിലെ വാതകച്ചോർച്ചയിൽ 3787 പേരാണു മരിച്ചത്. 5.75 ലക്ഷം പേർ ഇരകളായി. ദിവസവും അഞ്ചോ ആറോ പേർ മരിച്ചുകൊണ്ടിരിക്കുന്നു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രത്യേക വകുപ്പിന്റെ മന്ത്രിയായ വിശ്വാസ് സാരംഗ് തന്നെ ദുരന്തത്തിന്റെ ഇരയാണ്. എന്നിട്ടും പരിഹാര നടപടികളുണ്ടായിട്ടില്ല.

പലതരം ആരോഗ്യപ്രശ്നങ്ങളാണ് ദുരന്തബാധിതർ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പരമാവധി അരലക്ഷം രൂപയാണു നഷ്ടപരിഹാരം ലഭിച്ചത്. 5 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാൻ സഹായിക്കുന്നവർക്കു വോട്ട് ചെയ്യുമെന്ന് ആക്‌ഷൻ കൗൺ‌സിൽ പറഞ്ഞിരുന്നു. രേഖാമൂലം ഉറപ്പുനൽകണമെന്നും ആവശ്യപ്പെടുന്നു.

ഭോപാൽ നോർത്ത്, നാരല മണ്ഡലങ്ങളിൽ വോട്ടർമാരിൽ 40 ശതമാനവും ദുരന്തബാധിതരാണെങ്കിലും രാഷ്ട്രീയ സമ്മർദ്ദ ശക്തിയായി മാറാൻ കഴിഞ്ഞിട്ടില്ലെന്നു ദുരന്തത്തിനിരയായ വനിതകളുടെ സംഘടനയുടെ നേതാവ് റാഷിദ ബീവി പറഞ്ഞു.കാൽലക്ഷം ‌പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനു നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. എന്നാൽ, മികച്ച ഡോക്ടർമാരുടെ സേവനവും മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ടെന്നാണു സർക്കാർ നിലപാട്.

ചൗഹാന് ‘കംപ്യൂട്ടർ ഷോക്ക് ’

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സഹമന്ത്രിസ്ഥാനം കൊടുത്ത 5 സന്യാസിമാരിലൊരാളായ ‘കംപ്യൂട്ടർ ബാബ’ നാടെങ്ങും നടന്നു മുഖ്യമന്ത്രിയെ ചീത്തപറയുകയാണിപ്പോൾ. സദാസമയവും ലാപ്ടോപ് കയ്യിലുള്ള ബാബയുടെ പൂർവാശ്രമത്തിലെ പേര് നാംദേവ് ദാസ് ത്യാഗി. 6 മാസം ‘ഭരിച്ച’ശേഷം മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. പശുസംരക്ഷണവും നർമദയിലെ അനധികൃത മണൽവാരലും ഏറെ ചർച്ചചെയ്തെങ്കിലും സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നാണു പരാതി. ഇൻഡോർ വിമാനത്താവളത്തിനു സമീപത്തെ ആശ്രമത്തിനു പുറത്ത് കഴിഞ്ഞദിവസം ആട്ടവും പാട്ടുമായി പ്രതിഷേധസംഗമമുണ്ടായിരുന്നു. 

കംപ്യൂട്ടർ ബാബ അനുയായികൾക്കൊപ്പം.

പശുമന്ത്രാലയം ഉണ്ടാക്കുമെന്ന ചൗഹാന്റെ വാഗ്ദാനംകേട്ടു ബാബ ചൊടിക്കുന്നു. പോരാ, നർമദ മന്ത്രാലയവും വേണം. നർമദ നദിക്കരയിൽ ജനിച്ച ചൗഹാനു പൊലീസിനെക്കൊണ്ടു മണൽവാരൽ നിർത്തിക്കാൻ പറ്റുന്നില്ലെങ്കിൽ സന്യാസികളെ ഉപയോഗിച്ചു സംരക്ഷണം ഉറപ്പാക്കും. അഴിമതി സർക്കാരിനെ പിഴുതെറിയേണ്ടതു തന്റെ ധർമമാണ്. ചൗഹാൻ വിശ്വാസിയല്ലെന്നും ആരോപണമുണ്ട്. 

നർമദ സംരക്ഷണച്ചുമതലയാണ് 5 സന്യാസിമാർക്കും മന്ത്രിസ്ഥാനത്തിനൊപ്പം ബിജെപി സർക്കാർ നൽകിയിരുന്നത്. ഇവരിൽ ബയ്യു മഹാരാജ് ജൂണിൽ ആശ്രമത്തിൽ സ്വയം വെടിവച്ചു മരിച്ചു. പൊലീസ് അകമ്പടിയോടെ, മന്ത്രിമാരുടെ പദവിയിലാണു മറ്റുള്ളവരുടെ യാത്ര.