ഭോപാൽ ∙ രണ്ടു വനിതകൾ അടക്കം 28 മന്ത്രിമാർ മധ്യപ്രദേശിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 15 വർഷത്തിനു ശേഷം മധ്യപ്രദേശിനു മുസ്‌ലിം മന്ത്രിയെയും ലഭിച്ചു. നിയമസഭയിലെ ഏക മുസ്‌ലിം അംഗം കൂടിയായ ഭോപാൽ നോർത്തിലെ ആരിഫ് അഖീൽ ആണിത്. ബിഎസ്‌പി, എസ്‌പി എംഎംഎൽഎമാരെ പരിഗണിച്ചില്ല. വകുപ്പുകൾ പിന്നീടു തീരുമാനിക്കും.
മന്ത്രിമാരിൽ 10 പേർ മുഖ്യമന്ത്രി കമൽനാഥിന്റെ വിശ്വസ്തരാണ്. 8 പേർ ജ്യോതിരാദിത്യ സിന്ധ്യയുടെ പക്ഷക്കാരും. മുതിർന്ന നേതാവും മുൻമുഖ്യമന്ത്രിയും ദിഗ്‌വിജയ് സിങ്ങിന്റെ 9 വിശ്വസ്തർക്കു മന്ത്രിസ്ഥാനം ലഭിച്ചു. മകൻ ജയ് വർധൻ സിങ്ങും ബന്ധു പ്രിയാവ്രത് സിങ്ങും ഇതിൽ ഉൾപ്പെടും. ജയ് വർധനനാണ് ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; 32 വയസ്സ്.
കോൺഗ്രസ് വിമതരായി മൽസരിച്ചു ജയിച്ച 4 പേരിൽ ഒരാളായ പ്രദീപ് ജയ്സ്വാളിനും മന്ത്രിസ്ഥാനം ലഭിച്ചു. ബിജെപിയുടെ മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോടു പരാജയപ്പെട്ട കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ അരുൺ യാദവിന്റെ സഹോദരൻ സച്ചിൻ യാദവിനും മന്ത്രി സ്ഥാനം ലഭിച്ചു. പഴയ ദിഗ്‌വിജയ് സർക്കാരിലെ 6 പേർ ഈ മന്ത്രിസഭയിലുണ്ട്.
ജാതി സമവാക്യങ്ങളിലും ശ്രദ്ധിച്ചാണു കമൽനാഥ് മന്ത്രിസഭ വികസിപ്പിച്ചത്. താക്കൂർ (8) ,ഒബിസി(5), എസ്‌സി (5), എസ്ടി (4), ബ്രാഹ്മണർ (2), മുസ്‌ലിം (1) എന്നിങ്ങനെയാണ് പ്രാതിനിധ്യം.
കോൺഗ്രസ് വിമതരായ 4 എംഎൽഎമാരുടെ കൂടി പിന്തുണ ലഭിച്ചതോടെ കോൺഗ്രസ് പക്ഷത്ത് അംഗസംഖ്യ 121 ആയി. ബിജെപിക്ക് 109. അതേസമയം, മുതിർന്ന കോൺഗ്രസ് എംഎൽഎ കെ.പി. സിങ്ങിനെ മന്ത്രിയാക്കാത്തതിൽ പ്രതിഷേധിച്ച് അനുയായികൾ പ്രകടനം നടത്തി.