Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോക്സിങ് റിങ്ങിലെ ഉരുക്കുവനിത

ഇന്ത്യയുടെ ഉരുക്കു മാതൃത്വമാണ് മേരികോം. മൂന്നു കുഞ്ഞുങ്ങളുടെ സ്നേഹമയിയായ അമ്മയായും ഇടിക്കൂട്ടിലെ തളരാത്ത പോരാളിയായും ഡബിൾ റോളിൽ തിളങ്ങുകയാണ് ഈ മണിപ്പൂരുകാരി. വിവാഹം കഴിഞ്ഞാൽ കായികരംഗത്തോടു വിടപറയുന്ന ഇന്ത്യയിലെ പതിവുശൈലി മാറ്റിമറിച്ച മേരി, 35–ാം വയസ്സിൽ ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിലെ ആറാം സ്വർണംനേടി വീണ്ടും ചരിത്രമെഴുതി. രാജ്യസഭാ എംപി കൂടിയായ മേരി കോമിന്റെ ഓരോ വിജയവും ഇന്ത്യൻ വനിതകൾക്കു നിശ്ചയദാർഢ്യവും പൊരുതാനുള്ള ഊർജവും നൽകുന്നു.  

ന്യൂഡൽഹിയിൽ നടന്ന ഫൈനലിൽ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെ തോൽപിച്ചതോടെ മേരി സ്വന്തമാക്കിയതു സമാനതകളില്ലാതെ നേട്ടങ്ങളാണ്. ലോക ചാംപ്യൻഷിപ്പിൽ കൂടുതൽ തവണ ചാംപ്യനാകുന്ന വനിതയെന്ന നേട്ടം മേരിയുടെ പേരിലായി. ക്യൂബയുടെ പുരുഷതാരം ഫെലിക്സ് സാവോന്റെ റെക്കോർഡിനൊപ്പമെത്തി. 2010ൽ അഞ്ചാം ലോക കിരീടം നേടിയ മേരി, എട്ടുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് വീണ്ടും ചാംപ്യൻപട്ടം അണിയുന്നത്. ബോക്സിങ്ങിനോടുള്ള അവരുടെ അടങ്ങാത്ത അഭിനിവേശത്തിന്റെ തെളിവാണിത്.

പ്രതിസന്ധികളോടു പോരടിച്ചുവളർന്ന അപൂർവ പ്രതിഭാസം എന്നുവേണം മേരി കോമിനെ വിശേഷിപ്പിക്കാൻ. മണിപ്പൂരിലെ ദരിദ്ര കർഷക കുടുംബത്തിലായിരുന്നു ജനനം. ഇല്ലായ്മകൾ നിറഞ്ഞതായിരുന്നു ബാല്യം. ദുരിതസാഹചര്യങ്ങളെ ബോക്സിങ്ങിലൂടെ അതിജീവിക്കാൻ ശ്രമിച്ചപ്പോൾ അവിടെയും പ്രതിബന്ധങ്ങളുടെ നീണ്ടനിരയുണ്ടായി. പൊക്കമില്ലെന്നും ബോക്സർക്കുവേണ്ട ശരീരഘടനയില്ലെന്നും പറഞ്ഞ് പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. കായികമൽസരങ്ങളിലെ ചുറുചുറുക്കുമൂലം ആൺകുട്ടിയെന്നു വിളിച്ചു കളിയാക്കി സഹപാഠികളും തളർത്തി. ഇടിയേറ്റു കരുവാളിച്ച മുഖമായാൽ മകളെ ആരുവിവാഹം കഴിക്കുമെന്ന അച്ഛന്റെ ആശങ്കയും റിങ്ങിലേക്കുള്ള മേരിയുടെ വഴിയടച്ചുനിന്നു. 

പക്ഷേ, പിന്തിരിപ്പിക്കാൻ ശ്രമിച്ചവരിൽനിന്നെല്ലാം ഒഴിഞ്ഞുമാറി ബോക്സിങ്ങിൽ നിലയുറപ്പിച്ച മേരിയുടെ തീരുമാനം ശരിയെന്നു തെളിയിക്കുന്നതായിരുന്നു പിൽക്കാലത്തെ നേട്ടങ്ങളെല്ലാം. 2001ൽ ലോക ചാംപ്യൻഷിപ്പി‍ൽ വെള്ളി നേടുമ്പോൾ പ്രായം 18. ആറു ലോക കിരീടങ്ങളും ഒളിംപിക് വെങ്കലവും ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് സ്വർണവും അഞ്ച് ഏഷ്യൻ കിരീടവും സ്വന്തമാക്കിയ ഇതിഹാസസമാനമായ കരിയറിന്റെ തുടക്കം അവിടെനിന്നായിരുന്നു. 

വിവാഹത്തിനുശേഷമാണ് കരിയറിലെ വസന്തകാലം തുടങ്ങിയതെന്നാണു മേരി പറയുക. അമ്മയായതിനുശേഷം മേരിയുടെ ഇടിയുടെ കടുപ്പം കൂടിയെന്ന് എതിരാളികളും പറയുന്നു. 2005ൽ ആയിരുന്നു ഫുട്ബോൾ താരമായ ഓൺലറുമായുള്ള വിവാഹം. പരമോന്നത കായികപുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്ന, 2012 ലണ്ടൻ ഒളിംപിക്സ് വെങ്കലം, ഏഷ്യൻ ഗെയിംസ് മെഡലുകൾ എന്നിവയെല്ലാം മേരിയെ തേടിയെത്തിയത് വിവാഹത്തിനുശേഷമാണ്. ഇരട്ടക്കുട്ടികളുടെ അമ്മയായ ശേഷമായിരുന്നു മേരിയുടെ നാലാം ലോക കിരീടം. സിസേറിയൻ കഴിഞ്ഞ് ഒൻപതാം മാസം പരിശീലനം പുനരാരംഭിച്ചു. ഇരട്ടകളായ റെംഗ്പ, നെയ്നെയ് എന്നിവരുമായി വിശാഖപട്ടണത്തിലെ ക്യാംപിൽ പരിശീലനത്തിനെത്തിയിരുന്ന താരം, ഇന്ത്യൻ കായികരംഗത്തെ വിസ്മയക്കാഴ്ചയായി. 

ബോക്സിങ്ങിലെ കാലം കഴിഞ്ഞെന്നു വിമർശിച്ചവർക്കുള്ള മറുപടിയായി, നീണ്ട ഇടവേളയ്ക്കുശേഷം ബോക്സിങ് റിങ്ങിലേക്കു മേരി തിരിച്ചെത്തിയതു കഴിഞ്ഞവർഷമാണ്. വിയറ്റ്നാമിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ സ്വർണം നേടി. 2014 ഏഷ്യൻ ഗെയിംസിനുശേഷമുള്ള മേരിയുടെ ആദ്യ രാജ്യാന്തര കിരീടവും അതായിരുന്നു. 2016ലെ ലോക ചാംപ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിൽ പുറത്തായ മേരി, റിയോ ഒളിംപിക്സിനു യോഗ്യത നേടുന്നതിലും പരാജയപ്പെട്ടിരുന്നു. പാർലമെന്റ് അംഗം, കായികപദ്ധതികളിലെ സർക്കാർ നിരീക്ഷക എന്നിങ്ങനെയുള്ള ഔദ്യോഗിക ചുമതലകളും ഏറ്റെടുത്തു. ഔദ്യോഗിക, കുടുംബ തിരക്കുകൾമൂലം കളമൊഴിയുമെന്നുകരുതി നിൽക്കെയാണ് പ്രായത്തെ വെല്ലുന്ന പ്രതിഭകാട്ടി അന്നു മേരി തിരിച്ചുവന്നത്.

നേട്ടങ്ങൾകൊണ്ടു തൃപ്‌തിപ്പെടാതെ, വീണ്ടും ഉയരങ്ങൾ കീഴ്‌പ്പെടുത്തണമെന്ന മനസ്സാണ് മേരി കോമിന്റെ സവിശേഷത. പിന്നിട്ട വഴികളിൽ അനുഭവിച്ച ദുഃഖങ്ങളും ദുരിതങ്ങളുമാണ് ഈ മനോഭാവം രൂപപ്പെടുത്തിയതെന്നു പറയാം. ഒപ്പം റിങ്ങിലെത്തിയ പലരും വിരമിച്ചിട്ടും പൊരുതാനുള്ള വാശിയും ഊർജവും ബാക്കിയുണ്ടെന്നു തെളിയിച്ച് കളത്തിൽ തുടരാൻ മേരിക്കു കഴിയുന്നതിനു കാരണവും അതുതന്നെ.