Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പകപോക്കലോ? എതിരാളികളെ ‘ഇഡി’ച്ചിടാൻ!

Author Details
DK,-tej-Pratap,-Misa ഡി.കെ. ശിവകുമാർ, തേജ് പ്രതാപ് യാദവ്, മിസ ഭാരതി

തെലുങ്കുദേശം പാർട്ടി (ടിഡിപി) എൻഡിഎ വിടുംവരെ നരേന്ദ്ര മോദി സർക്കാരിൽ കേന്ദ്ര മന്ത്രിയായിരുന്ന വൈ.എസ്.ചൗധരിയുടെ ഓഫിസുകളിലും വസതികളിലും നടത്തിയ റെയ്ഡുകൾ ഗൗരവമായ ആശങ്കകളുയർത്തുന്നു. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ പ്രതികാരസ്വഭാവമുള്ളതാകാറുണ്ട്. രാജ്യസഭാംഗമായ ചൗധരിക്കെതിരായി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ നീക്കങ്ങൾ നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ച തരംതാണ രീതിയാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. 

രാജ്യത്തെ ധനവാൻമാരായ രാഷ്ട്രീയക്കാരിലൊരാണു ചൗധരി. ടിഡിപി എൻഡിഎയുടെ ഭാഗമായിരുന്ന കാലത്തൊന്നും അദ്ദേഹത്തിനു നോട്ടിസ് ഒന്നും ലഭിച്ചിട്ടില്ല. മോദി സർക്കാരിൽ അദ്ദേഹം സഹമന്ത്രിയായിരുന്നു.  അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾ ഒരു വിദേശബാങ്കിൽനിന്ന് 200 കോടിയോളം രൂപ തട്ടിച്ചുവെന്ന ആരോപണം, അദ്ദേഹം മന്ത്രിയായി സ്ഥാനമേറ്റപ്പോഴേ ഉയർന്നതാണ്. എന്നാൽ, ഇഡി കേസെടുത്തതു നാലുവർഷത്തിനുശേഷം. അതും മന്ത്രിസ്ഥാനം ഒഴിഞ്ഞ് എട്ടുമാസം കഴിഞ്ഞ്. 

തന്റെ പേരിലുള്ള കമ്പനിയുടെ മാനേജ്മെന്റ് പദവി താൻ ഒഴിഞ്ഞുവെന്നും ബാങ്ക് വായ്പയ്ക്കു താൻ ജാമ്യം നിൽക്കുക മാത്രമാണുണ്ടായതെന്നും ചൗധരി വാദിക്കുന്നു.

റെയ്ഡെല്ലാം വായടപ്പിക്കാനോ?

കേന്ദ്ര ഏജൻസിയായ സിബിഐ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ആദായനികുതി വകുപ്പും ഇഡിയും ധനകാര്യ മന്ത്രാലയത്തിന്റെയും. ജയലളിത മുഖ്യമന്ത്രിയായിരിക്കെ അനങ്ങാൻ ധൈര്യപ്പെടാതിരുന്ന ആദായനികുതി വകുപ്പ് പിന്നീട് അണ്ണാ ഡിഎംകെ മന്ത്രിമാർക്കും തമിഴ്നാട്ടിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും വ്യവസായികൾക്കുമെതിരെ തുടർച്ചയായ റെയ്ഡുകളാണു നടത്തിയത്. തമിഴ്നാട് സർക്കാരിനെ കേന്ദ്ര സർക്കാരിന്റെ വരുതിക്കു നിർത്താനായിരുന്നു ഇത്. 

ബിജെപി സർക്കാരിനെതിരെ ശബ്ദമുയർത്തുന്ന രാഷ്ട്രീയനേതാക്കളുടെ വായടപ്പിക്കാനും കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതായി കോൺഗ്രസ് ആരോപിക്കുന്നു. കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ, ആർജെഡി നേതാവ് തേജ് പ്രതാപ് യാദവ്, സഹോദരി മിസ ഭാരതി എന്നിവർ ഉദാഹരണങ്ങൾ. 

ബാങ്കുകളെ കോടികൾ കബളിപ്പിച്ച വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരെ രാജ്യംവിടാൻ അനുവദിച്ചതിന്റെ പേരിൽ കേന്ദ്രസർക്കാർ പ്രതിക്കൂട്ടിലായപ്പോൾ, ശ്രദ്ധ തിരിക്കാൻ കുറെ റെയ്ഡുകൾ നടത്തുകയും കേസുകളെടുക്കുകയും ചെയ്തതായും പ്രതിപക്ഷം ആരോപിക്കുന്നു. പ്രതിപക്ഷ വിമർശനസ്വരങ്ങൾ നിശ്ശബ്ദമാക്കാനുള്ള ഗൂഢപദ്ധതികളുടെ പേരിൽ പ്രതിപക്ഷം വിരൽചൂണ്ടുന്നത് ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നേർക്കാണ്.

നിയമത്തിന്റെ വഴിക്കു പോകട്ടെ!

പ്രധാനമന്ത്രി ഈ വിഷയത്തിൽ പൊതുവേദികളിൽ മൗനം പാലിക്കുന്നുണ്ടെങ്കിലും സ്വകാര്യമായി പറയുന്നതു താൻ ആർ‌ക്കെതിരെയും തിരിഞ്ഞിട്ടില്ലെന്നാണ്. പക്ഷേ, ഒരു പരാതി തന്റെ ഓഫിസിൽ ലഭിച്ചാൽ അതേപ്പറ്റി വിശദമായി അന്വേഷിക്കുകതന്നെ ചെയ്യും. നിയമം അതിന്റെ വഴിക്കു പോകാൻ താൻ അനുവദിക്കുന്നുവെന്നാണു മോദിയുടെ വിശദീകരണം. അഴിമതിയാരോപണം ശരിയല്ലെന്നുണ്ടെങ്കിൽ കേസ് ഒഴിവാക്കും. മൻമോഹൻ സിങ് രണ്ടാം വട്ടം പ്രധാനമന്ത്രിയായിരുന്ന സമയത്തുണ്ടായ അഴിമതിയാരോപണങ്ങളുടെ പേരിൽ തിരഞ്ഞെടുപ്പു റാലികളിൽ കോൺഗ്രസിനും അതിന്റെ നേതാക്കൾക്കുമെതിരെ മോദി രൂക്ഷവിമർശനം നടത്തുക പതിവാണ്. 

അനധികൃത സമ്പാദ്യമുണ്ടാക്കുന്നവരെയും നികുതി വെട്ടിക്കുന്നവരെയും രക്ഷിക്കാനായി ഇപ്പോൾ തലതൊട്ടപ്പൻമാർ ഇല്ലാത്തതിനാൽ ആദായനികുതി വകുപ്പും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും കൂടുതൽ സജീവമായിട്ടുണ്ടെന്നാണു ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ നിലപാട്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ലാലു പ്രസാദ് യാദവ്, ശിവകുമാർ തുടങ്ങിയ വലിയ നേതാക്കൾക്കെതിരെയും ഇപ്പോൾ ചൗധരിക്കെതിരെയും കേസുകൾ എടുത്തത് ഇതിന്റെ ഭാഗമാണെന്നും ധനമന്ത്രി. ഈ കേസുകൾ കോടതിയിൽ തെളിയിക്കാനാകുമെന്നും ജയ്റ്റ്ലി പറയുന്നു.

‘ഇഡി’യിലെ മാറ്റം

രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിലെ നടപടികൾ വേഗത്തിലാക്കാനാണ് ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന സ‍ഞ്ജയ് കുമാർ മിശ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തലവനായി നിയമിച്ചതെന്നും അഭ്യൂഹമുണ്ട്. ഡയറക്ടർ ആലോക് വർമയും സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയും പരസ്പരം കോഴ ആരോപണങ്ങൾ ഉന്നയിച്ചതോടെ, സിബിഐ കുഴമറിഞ്ഞ അവസ്ഥയിലാണ്. അതിനാൽ, ആദായനികുതി വകുപ്പും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റുമാണ് നിലവിൽ രാഷ്ട്രീയക്കാർക്കെതിരായ അഴിമതിക്കേസുകൾക്കു പിന്നാലെ പായുന്നത്.