ഇന്ത്യയിലെ പകുതിയോളം എടിഎമ്മുകൾ വരുന്ന മാർച്ചോടെ അടച്ചുപൂട്ടേണ്ടിവരും എന്നാണ് ഇക്കഴിഞ്ഞ ദിവസം എടിഎം ഓപ്പറേറ്റർമാർ നൽകിയ മുന്നറിയിപ്പ്. കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും പുതിയ നിർദേശങ്ങളനുസരിച്ച് എടിഎമ്മുകളുടെ നടത്തിപ്പിൽ ഉണ്ടായേക്കാവുന്ന അധികബാധ്യതയാണ് അടച്ചുപൂട്ടൽ ഭീഷണിക്കു കാരണം. ഈ നിലയിൽ മുന്നോട്ടുപോകുന്നതു പ്രായോഗികമല്ലെന്നാണ് എടിഎം ഓപ്പറേറ്റർമാരുടെ വാദം.
എച്ച്എസ്ബിസിയാണ് ഇന്ത്യയിലെ ആദ്യത്തെ എടിഎം സ്ഥാപിച്ചത്; 1987ൽ മുംബൈയിൽ. പിന്നീടുള്ള 12 വർഷംകൊണ്ട് വിവിധ പ്രദേശങ്ങളിലായി എണ്ണൂറോളം എടിഎമ്മുകൾ സ്ഥാപിക്കപ്പെട്ടു. തുടർന്നുള്ള നാലു വർഷം കൊണ്ട് എടിഎമ്മുകളുടെ എണ്ണം പതിനായിരം കവിഞ്ഞു. ദിവസേനയുള്ള ശരാശരി ഇടപാടുകൾ 1999ൽ 50 ആയിരുന്നെങ്കിൽ 2003ൽ അത് 140 ആയി വർധിച്ചു.
അതുപോലെതന്നെ, 1999ൽ 1900 കോടി രൂപ പിൻവലിച്ചിരുന്നെങ്കിൽ, 2003 ആയപ്പോഴേക്കും അത് 5700 കോടിയായി. എസ്ബിഐയുടെ നേതൃത്വത്തിൽ കൊച്ചിക്കായലിൽ ബോട്ടിൽ സഞ്ചരിക്കുന്ന എടിഎം ഒരുക്കിയതും സമുദ്രനിരപ്പിൽനിന്നു പതിനാറായിരം അടി ഉയരത്തിൽ ലേയിൽ സൈനികർക്കായി എടിഎം സ്ഥാപിച്ചതും ചരിത്രസംഭവങ്ങളായി.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ എടിഎമ്മിലൂടെയുള്ള പിൻവലിക്കൽ തുക 2,76,362 കോടിയും എടിഎം ഇടപാടുകൾ 80.63 കോടിയുമായി. ഇന്ത്യയിൽ ഉപയോഗിക്കുന്ന ആകെ ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 4.10 കോടിയും ഡെബിറ്റ് കാർഡുകൾ 98 കോടിക്കു മുകളിലുമായി. ഇന്ത്യയിലാകെ 2,38,000 എടിഎമ്മുകളുണ്ടെന്നാണു കണക്ക്. എന്നിരുന്നാലും, എടിഎമ്മുകളുടെ എണ്ണവും ജനസംഖ്യാനുപാതവും കണക്കിലെടുത്താൽ, ആഗോള നിലവാരത്തിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഇപ്പോഴും പിന്നിലാണ്.
ഇന്ത്യയിലെ 70 ശതമാനം ജനങ്ങളും ഗ്രാമപ്രദേശങ്ങളിലാണു ജീവിക്കുന്നതെങ്കിലും എടിഎമ്മുകളുടെ 20 ശതമാനം മാത്രമേ ഗ്രാമങ്ങളിൽ സ്ഥാപിച്ചിട്ടുള്ളു. അതിനാൽ, വലിയൊരു വിഭാഗത്തിന് ഇപ്പോഴും ആധുനിക ബാങ്കിങ് സൗകര്യങ്ങൾ ലഭിക്കുന്നില്ല.
രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വലിയ വർധന ഉണ്ടായെങ്കിലും കറൻസി ഇടപാടുകളുടെ തോത് ഒട്ടും കുറഞ്ഞിട്ടില്ല. ഡിജിറ്റൽ, കറൻസി ഇടപാട് എന്നിവ ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാനാണ് ഇടപാടുകാർ കൂടുതൽ താൽപര്യപ്പെടുന്നത്. അതിനാൽ, ഭാവിയിലും എടിഎമ്മുകൾക്കു സുപ്രധാനമായ പങ്കുണ്ട്.
കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും പുതിയ മാർഗനിർദേശങ്ങളെല്ലാം, കൂടുതൽ സുരക്ഷിതത്വത്തെ മുൻനിർത്തിയുള്ളതായതിനാൽ നിശ്ചയമായും നടപ്പിലാക്കേണ്ടതു തന്നെയാണ്. സാങ്കേതികവിദ്യയുടെ വളർച്ചയോടൊപ്പം വേണ്ടത്ര സുരക്ഷാമാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ എടിഎം തട്ടിപ്പുകളും കവർച്ചകളും വർധിക്കാൻ സാധ്യതയുണ്ട്. അതിനാൽ, അതതു സമയത്തു നൽകുന്ന മാർഗനിർദേശങ്ങൾ പൂർണമായും നടപ്പിലാക്കിയേ മതിയാകൂ. എന്നാൽ, ഇതിനു വേണ്ടിവരുന്ന അധികച്ചെലവ് ആരു വഹിക്കും എന്നതിൽ ഇപ്പോഴും വ്യക്തതയില്ലാത്തതാണ് നിലവിലുള്ള അനിശ്ചിതത്വത്തിനു കാരണം.
ഇതിനു പരിഹാരമെന്നോണം ഗ്രാമപ്രദേശങ്ങളിലെ എടിഎമ്മുകളുടെ എണ്ണം കുറയ്ക്കുന്നത് അഭികാമ്യമല്ല. വിദ്യാഭ്യാസപരമായും സാങ്കേതിക അറിവിലും പിന്നാക്കം നിൽക്കുന്ന ഗ്രാമപ്രദേശങ്ങളിൽ കൂടുതലായി എടിഎമ്മുകൾ സ്ഥാപിച്ച് അവരെയും ‘സാമ്പത്തിക ഉൾപ്പെടുത്തലിന്റെ’ (financial inclusion) മുഖ്യധാരയിൽ എത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കൂടുതൽ കൂടിയാലോചനകളിലൂടെയും ശക്തമായ ബോധവൽക്കരണത്തിലൂടെയും ഗ്രാമങ്ങളിൽ എടിഎം ഉപയോഗിക്കുന്നവരുടെ എണ്ണം കൂട്ടിക്കൊണ്ടുവരികയാണു വേണ്ടത്.
വികസിത രാജ്യങ്ങൾ പലതും, ഉദാഹരണത്തിനു സ്വീഡൻ പൂർണമായും ക്യാഷ്‌ലെസ് (കറൻസിരഹിതം) ആയി മാറി. പക്ഷേ, അവിടത്തെ സമൂഹവും നയരൂപീകരണ വിദഗ്ധരും ഈ തീരുമാനം പുനഃപരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഈ തീരുമാനം മൂലം കുട്ടികളും പ്രായമായവരും പൂർണമായും അടിസ്ഥാന സാമ്പത്തിക സൗകര്യങ്ങളിൽനിന്നു വിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടായി എന്നതാണ് ഇതിനു കാരണം,.
(സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ എംഡിയും സിഇഒയുമാണ് ലേഖകൻ)