തിരുവനന്തപുരം∙ രാജ്യത്ത് നോട്ടുക്ഷാമം രൂക്ഷമായതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്ന മലയാളിയുടെ ‘ട്വീറ്റ് ’ ശ്രദ്ധേയമാകുന്നു. സാമ്പത്തിക വിദഗ്ധനും ബ്ലോഗറുമായ ജയിംസ് വില്‍സനാണ് നോട്ടുക്ഷാമത്തിന്റെ പ്രശ്നങ്ങള്‍ കൃത്യമായി വിശകലനം ചെയ്തത്. റിസര്‍വ് ബാങ്കിന്റെ കയ്യില്‍ ആവശ്യത്തിന് കറന്‍സി ഇല്ലെന്നും പ്രതിസന്ധി ഉണ്ടാകുമെന്നും മാസങ്ങള്‍ക്കു മുന്‍പു തന്നെ ജയിംസ് വില്‍സന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നോട്ടു നിരോധന സമയത്തെ ജയിംസിന്റെ പഠനങ്ങളും ദേശീയശ്രദ്ധ ആകര്‍ഷിച്ചിരുന്നു. നോട്ടു നിരോധനം തെറ്റായ തീരുമാനമാണെന്നാണ് ആര്‍ബിഐ രേഖകള്‍ ഉദ്ധരിച്ച് അന്നു ജയിംസ് പറഞ്ഞത്. സാമ്പത്തിക രംഗത്തെ ഒട്ടേറെ പ്രമുഖരാണ് ജയിംസിന്റെ ട്വീറ്റുകള്‍ പിന്തുടരുന്നത്.
നോട്ടുക്ഷാമവുമായി ബന്ധപ്പെട്ടു മൂന്നു പ്രധാന കാര്യങ്ങളാണ് ജയിംസ് ചൂണ്ടിക്കാണിക്കുന്നത്:
ഒന്ന്: ജനങ്ങള്‍ എടിഎമ്മുകളില്‍നിന്ന് പണം കൂട്ടമായി പിന്‍വലിച്ചത് പ്രതിസന്ധിക്കിടയാക്കിയെന്ന വാദം തെറ്റാണ്.
രണ്ട്: ബാങ്ക് നിക്ഷേപം കുറഞ്ഞതും നോട്ടുക്ഷാമവുമായി ബന്ധമില്ല.
മൂന്ന്: ഡിജില്‍ ഇക്കണോമി വളര്‍ന്നു എന്ന അവകാശവാദം തെറ്റാണ്, കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ ഇടപെടല്‍ പ്രതിസന്ധി വര്‍ധിപ്പിച്ചു.
∙ എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചതാണോ പ്രശ്നം? അല്ലേയല്ല
ജനങ്ങള്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചതാണ് നോട്ടു ക്ഷാമത്തിനു കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. മൂന്ന് ആഴ്ചയ്ക്കിടെ 45,000 കോടിരൂപ എടിഎമ്മുകളിലൂടെ പിന്‍വലിച്ചതായും അവര്‍ വ്യക്തമാക്കുന്നു. സത്യമെന്താണ്? 2.4 ലക്ഷം കോടി മുതല്‍ 2.5 ലക്ഷം കോടി രൂപവരെയാണ് ഓരോ മാസവും എടിഎമ്മുകളില്‍നിന്ന് രാജ്യത്തൊട്ടാകെ പിന്‍വലിക്കപ്പെടുന്നത്. 2016ല്‍ ഒക്ടോബറില്‍ 2.55 ലക്ഷം കോടി രൂപയാണ് എടിഎമ്മുകളിലൂടെ പിന്‍വലിച്ചത്. 2017ഡിസംബറില്‍ 2.64 ലക്ഷം കോടിരൂപയും ജനുവരിയില്‍ 2.55 ലക്ഷം കോടിരൂപയും ഫെബ്രുവരിയില്‍ 2.48 ലക്ഷം കോടിയും പിന്‍വലിച്ചു. പിന്നെ 45,000 കോടി രൂപ പിന്‍വലിച്ചാല്‍ എന്തു പ്രശ്നം ഉണ്ടാകാനാണെന്നു ജയിംസ് വില്‍സണ്‍ കണക്കുകള്‍ നിരത്തി ചോദിക്കുന്നു.
എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചതല്ല, സമ്പദ് വ്യവസ്ഥയുടെ ഒഴുക്കിനാവശ്യമായ പണം ഇല്ലാതായതാണ് പ്രതിസന്ധിയുടെ മൂലകാരണമായി ജയിംസ് ചൂണ്ടിക്കാണിക്കുന്നത്. നോട്ടിന് ആവശ്യകതയുണ്ടായിരുന്നിട്ടും ഡിജിറ്റല്‍ ഇടപാടുകള്‍ കൂടിയതായി കാണിക്കാൻ കേന്ദ്രസര്‍ക്കാര്‍ പുതിയ നോട്ടുകള്‍ അച്ചടിച്ചില്ല. നോട്ടുകളുടെ വിനിമയം (കറന്‍സി ഇന്‍ സര്‍ക്കുലേഷന്‍- സിഐസി ) മനഃപൂര്‍വം കുറച്ചു. എന്നാല്‍ ആ ‘കൺകെട്ടു’ ഫലിച്ചില്ല; ഡിജിറ്റല്‍ ഇടപാടുകള്‍ പ്രതീക്ഷയ്ക്കൊത്തു വളര്‍ന്നില്ല. ജനങ്ങള്‍ക്ക് ആവശ്യത്തിന് നോട്ടുകള്‍ ലഭിച്ചുമില്ല. ഇതോടെ പ്രതിസന്ധിയായി.
2016 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 110.5 ലക്ഷംകോടിരൂപയുടെ നിക്ഷേപമാണ് രാജ്യത്തെ ബാങ്കുകളിലുള്ളത്. നോട്ടുകള്‍ ലഭിക്കാതായതോടെ കച്ചവട സമൂഹമെങ്കിലും നിക്ഷേപം പിന്‍വലിക്കുമെന്ന അവസ്ഥ വന്നു. ഇടപാടുകാര്‍ കൂട്ടത്തോടെ നിക്ഷപം പിന്‍വലിച്ചാല്‍ ബാങ്ക് തകരും. ഇതു മനസ്സിലാക്കിയതോടെയാണ് കൂടുതല്‍ പണം അച്ചടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിരിക്കുന്നത്.
∙ ബാങ്കുകളിലെ നിക്ഷേപം കുറഞ്ഞത് പ്രശ്നമായോ?
ആര്‍ബിഐ രേഖകള്‍ അനുസരിച്ച് (ഫെബ്രുവരി 16) ബാങ്ക് നിക്ഷേപത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് 56,300 കോടിരൂപയുടെ കുറവു വന്നു. ഇതും പ്രതിസന്ധിക്കിടയാക്കിയെന്നു കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു. എന്നാൽ എന്താണു യഥാര്‍ഥ സ്ഥിതി? കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു വര്‍ഷത്തിനിടെ നാലു തവണയാണു നിക്ഷേപത്തില്‍ വലിയ കുറവുണ്ടായിട്ടുള്ളതെന്നു കാണാം. 2017 മാര്‍ച്ച് 31നും ഏപ്രില്‍ 14നും ഇടയ്ക്ക് നിക്ഷേപങ്ങളില്‍ 2,19,350 കോടി രൂപയുടെ കുറവുണ്ടായി. 2017 മെയ് 12നും 26നും ഇടയില്‍ 86,520 കോടി രൂപയുടെ കുറവുണ്ടായി. 2017 ഓഗസ്റ്റ് നാലിനും ഓഗസ്റ്റ് 18നും ഇടയില്‍ 75,680 കോടി രൂപയുടെ കുറവുണ്ടായി. 2017 സെപ്റ്റംബര്‍ 29നും ഒക്ടോബര്‍ 13നും ഇടയില്‍ 91,750 കോടി രൂപയുടെ കുറവുണ്ടായി. ഈ സംഖ്യകളെല്ലാം 56,300 കോടി രൂപയേക്കാൾ വലുതാണ്. ഇത്രയും ഉയര്‍ന്ന തുക പിന്‍വലിച്ചിട്ടും അന്നെല്ലാം എടിഎമ്മുകളില്‍ പണമുണ്ടായിരുന്നു. പ്രതിസന്ധിയും ഉണ്ടായില്ല!
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന ഫിനാന്‍ഷ്യല്‍ റെസൊല്യൂഷന്‍ ആന്‍ഡ് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് (എന്‍ആര്‍ഡിഐ) ബില്‍ ബാങ്ക് നിക്ഷേപകരില്‍ ആശങ്ക ഉളവാക്കിയെന്നും നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന പ്രവണത കൂടിയെന്നും ഒരു വാദമുണ്ട്. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ കമ്പനികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പാപ്പരാകുന്നത് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. ബില്ലിലെ ചില വ്യവസ്ഥകള്‍ നിക്ഷേപകരുടെ പണം നഷ്ടമാക്കുമോ എന്ന ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
ബാങ്ക് നിക്ഷേപങ്ങളുടെ വളര്‍ച്ചയെ ഇതു ബാധിക്കുമെന്നും വിലയിരുത്തലുണ്ടായി. എന്നാല്‍, ഇതിന്റെ പേരില്‍ മാത്രം മൂന്നു ആഴ്ചകൊണ്ട് 45,000 കോടി പിന്‍വലിച്ചതായി കണക്കാക്കാനാകില്ലെന്ന് ജയിംസ് വില്‍സന്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല ബില്ലിന്റെ വാര്‍ത്ത വന്നത് 2017 ഡിസംബറിലാണെന്നതും ശ്രദ്ധേയമാണ്. പിന്നെ എന്താണ് നോട്ടുക്ഷാമത്തിന്റെ കാരണം? ഡിജിറ്റല്‍ ഇക്കണോമി വളര്‍ന്നു എന്ന തെറ്റായ പ്രചാരണവും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളുമായിരുന്നു കാരണം.
∙ നോട്ട് കുറഞ്ഞു, ഡിജിറ്റല്‍ ഇടപാട് കൂടിയില്ല
ആഭ്യന്തര ഉൽപാദനം കൂടുമ്പോള്‍ സമ്പദ് വ്യവസ്ഥ വളരും. ഇതിനുള്ള ഇന്ധനമാണ് നോട്ട്. എന്നാല്‍, രാജ്യത്തു ലഭ്യമായ കറന്‍സിയുടെ അളവ് കുറയുന്നതായാണ് ആര്‍ബിഐ രേഖകള്‍ വ്യക്തമാക്കുന്നത്. 2011-12 വര്‍ഷത്തില്‍ 10,692.73 ലക്ഷം കോടിരൂപയുടെ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. ജിഡിപിയുടെ 12.2 ശതമാനം. 2015-16ൽ ഇത് 16,634.63 ലക്ഷം കോടി രൂപയായിരുന്നു. ജിഡിപിയുടെ 12.1 ശതമാനം. 2016-17 വര്‍ഷത്തില്‍ 13,352.66 ലക്ഷം കോടി രൂപയാണു പ്രചാരത്തിലുണ്ടായിരുന്നത്. ജിഡിപിയുടെ 8.7%.
നോട്ടില്ലാതായതോടെ പ്രതിസന്ധി രൂക്ഷമായി. എന്താണ് നോട്ടില്ലാതാകാന്‍ കാരണം? ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ തെറ്റായ ഇടപെടലുകളാണ് നോട്ടില്ലാതാക്കിയതെന്നും, നോട്ടു നിരോധനത്തിനു ശേഷം ഡിജിറ്റല്‍ ഇടപാടുകളില്‍ വര്‍ധന വന്നതായുള്ള പ്രചാരണം തെറ്റാണെന്നും ജയിംസ് ചൂണ്ടിക്കാട്ടുന്നു.
2016-17 വര്‍ഷം 53 ശതമാനമായിരുന്നു ഡിജിറ്റല്‍ ഇടപാടുകളെങ്കില്‍ 2017-18ല്‍ 36 ശതമാനം മാത്രം. കഴിഞ്ഞ രണ്ടുവര്‍ഷവും 44% ആയിരുന്നു ഡിജിറ്റല്‍ വളര്‍ച്ച. അവിടെനിന്നാണ് കുത്തനെയുള്ള വീഴ്ച. നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍(എന്‍ഇഎഫ്ടി), നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍എസിഎച്ച്), ഇലക്ട്രോണിക് ക്ലിയറിങ് സര്‍വീസ് (ഇസിഎസ്), ഇമ്മിഡിയറ്റ് പേയ്മെന്റ് സര്‍വീസ്(ഐഎംപിഎസ്), ക്രഡിറ്റ്-ഡെബിറ്റ് കാര്‍ഡ്സ്, പോയിന്റ് ഓഫ് സെയില്‍ മെഷിന്‍ (പിഒഎസ്), മൊബൈല്‍ ബാങ്കിങ് തുടങ്ങിയവയിലെ ഇടപാടു വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് റീട്ടെയില്‍ മേഖലയിലെ ഈ കണക്കുകള്‍. നാഷണല്‍ പേയ്മെന്റ് കോർപറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്‍പിസിഐവഴിയുള്ള ഇടപാടുകള്‍ കുറവായതിനാല്‍ ആര്‍ബിഐയും ഈ രേഖകള്‍ ഉപയോഗിക്കാറില്ല.
∙ നോട്ടുകള്‍ ഇത്രയും പോരാ!
ക്യാഷ് ഇന്‍ സര്ക്കുലേഷന്- ജിഡിപി അനുപാതം 2013-14ല്‍ 11.6 ശതമാനമായിരുന്നു. 2015-16 കാലഘട്ടംവരെ 12 ശതമാനം എന്ന അവസ്ഥ തുടര്‍ന്നു. എന്നാല്‍ നോട്ടുനിരോധനത്തിനുശേഷം കാര്യങ്ങള്‍ കൈവിട്ടുപോയി. 2016-17ല്‍ 8.7 ശതമാനമാണ് ക്യാഷ് ഇന്‍ സര്ക്കുലേഷന് - ജിഡിപി അനുപാതം. ജിഡിപിയുടെ 11.8 ശതമാനത്തിലേക്ക് എത്തിയാലേ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകൂ. ഇതിനു 20.03 ലക്ഷം കോടി രൂപ വിനിയമത്തിനുണ്ടാകണം. എന്നാല്‍ ആര്‍ബിഐയുടെ ഏപ്രിലിലെ കണക്കനുസരിച്ച് 18.425 ലക്ഷം കോടി രൂപയുടെ വിനിമയം മാത്രമേ ഉള്ളൂ. പ്രതിസന്ധി മറികടക്കാന്‍ 1.5 ലക്ഷംകോടിരൂപയുടെ നോട്ടുകള്‍ വേണം. അതായത് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നതുപോലെ 75,000 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിച്ചാല്‍ തീരുന്നതല്ല പ്രശ്നം.