പ്രതിപക്ഷ പാർട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധി ആകണമെന്ന എം.കെ.സ്റ്റാലിന്റെ ആവർത്തിച്ചുള്ള നിലപാട്, പ്രാദേശിക പങ്കാളിയെക്കാൾ ദേശീയകക്ഷിയുടെ നേതാവുമായി ഇണങ്ങിപ്പോകുക എന്ന ഡിഎംകെ നയത്തിന്റെ തുടർച്ചതന്നെയാണ്. 1980കളിൽ ഡിഎംകെയുടെ പിന്തുണ ഇന്ദിരാഗാന്ധിക്കായിരുന്നു. പിന്നീടു വന്ന പ്രധാനമന്ത്രിമാരായ വി.പി.സിങ്, എച്ച്.ഡി. ദേവെഗൗഡ, ഐ.കെ.ഗുജ്റാൾ, അടൽ ബിഹാരി വാജ്‌പേയ്, മൻമോഹൻ സിങ് എന്നിവർക്കൊപ്പവും ഡിഎംകെ നിലകൊണ്ടു. എന്നാൽ, രാജീവ് ഗാന്ധി, ചന്ദ്രശേഖർ, പി.വി. നരസിംഹറാവു എന്നിവരെ ഡിഎംകെ പിന്തുണച്ചില്ല. കാരണം, അവർ കരുണാനിധിയുടെ എതിരാളികളായ എംജിആറും ജയലളിതയും നയിച്ച അണ്ണാ ഡിഎംകെയുമായി ചങ്ങാത്തത്തിലായിരുന്നു. നരേന്ദ്ര മോദിക്കു പ്രാദേശിക കക്ഷികളുടെ പിന്തുണ ആവശ്യമില്ലായിരുന്നുവെങ്കിലും, അദ്ദേഹത്തിന് ഡിഎംകെ നേതൃത്വത്തെക്കാൾ അടുപ്പം ജയലളിതയോടും അവരുടെ പിൻഗാമികളോടുമായിരുന്നു.
സ്റ്റാലിന്റെ പ്രസ്താവന ചില പ്രതിപക്ഷ കക്ഷികൾക്കിടയിൽ അസ്വസ്ഥത ജനിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതു ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മതിയെന്നാണ് അവരുടെ നിലപാട്. അത് നരേന്ദ്ര മോദിയെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ മാത്രം.
സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, തൃണമൂൽ കോൺഗ്രസ്, സിപിഎം തുടങ്ങിയ കക്ഷികൾ, നരേന്ദ്ര മോദിക്കു ബദൽ മുഖം മുന്നോട്ടുവയ്ക്കണമെന്ന ആശയത്തോടു യോജിക്കാത്തവരാണ്. മോദിവിരുദ്ധ വികാരം പ്രാദേശികകക്ഷികൾക്കെല്ലാം നല്ല വോട്ടുകൾ നേടിക്കൊടുക്കുമെന്നിരിക്കെ, തിരഞ്ഞെടുപ്പിനു മുൻപേതന്നെ കോൺഗ്രസിനു നേതൃസ്ഥാനം കൽപിച്ചുകൊടുക്കാൻ ഇവരൊന്നും ആഗ്രഹിക്കുന്നില്ല. അങ്ങനെ വന്നാൽ, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മോദിയും പ്രതിപക്ഷകക്ഷികളും തമ്മിൽ എന്നതിനേക്കാൾ, ബിജെപിയുടെ മോദിയും കോൺഗ്രസിന്റെ രാഹുലും തമ്മിലുള്ള പോരാട്ടമായി മാറും.
ഈ പ്രതിപക്ഷകക്ഷികളൊന്നും കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷസഖ്യത്തിന്റെ ഭാഗവുമല്ല. യുപിഎയ്ക്ക് അവർ പുറമെ നിന്നുള്ള പിന്തുണയാണു നൽകുന്നത്. നാലുവർഷം സിപിഎമ്മും മറ്റ് ഇടതുപാർട്ടികളും മൻമോഹൻ സിങ് സർക്കാരിനെ പിന്തുണച്ചിരുന്നു. ഇടതുപാർട്ടികൾ പിന്തുണ പിൻവലിച്ചപ്പോൾ, ലോക്‌സഭയിൽ സിങ് കൊണ്ടുവന്ന വിശ്വാസപ്രമേയത്തെ സമാജ്‌വാദി പാർട്ടി അനുകൂലിച്ചിരുന്നു. കോൺഗ്രസ് സർക്കാരിനു തൃണമൂൽ കോൺഗ്രസും ബിഎസ്‌പിയും ഔദ്യോഗികമായി പിന്തുണ നൽകിയിട്ടില്ല. പക്ഷേ, അവർ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ചു.
സംഘപരിവാർ നേതാക്കളും നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയെ നിരന്തരം ആക്രമിച്ചുതുടങ്ങിയ കാലം മുതൽക്കുതന്നെ, കോൺഗ്രസ് രാഹുലിന്റെ നേതൃത്വത്തിലുള്ള ബിജെപിവിരുദ്ധ സർക്കാരിനെയാണു മുന്നോട്ടുവയ്ക്കുന്നത്. യുപിഎയ്ക്കുള്ളിൽ, രാഹുൽ നേതൃത്വം ഏറ്റെടുക്കണമെന്ന കാര്യത്തിൽ പരസ്യനിലപാടെടുക്കുന്നതു സ്റ്റാലിനും. കാരണം, രണ്ടു യുപിഎ സർക്കാർ കാലത്തും സോണിയ ഗാന്ധിയുമായും മൻമോഹൻ സിങ്ങുമായും ഒത്തുപോകുന്ന കാര്യത്തിൽ ഡിഎംകെയ്ക്കു പ്രശ്നമുണ്ടായിട്ടില്ല.
രാഷ്ട്രീയ ജനതാദൾ മേധാവിയായ ലാലുപ്രസാദും മകൻ തേജസ്വി യാദവും നേരത്തേ രാഹുലിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുസ്‌ലിം ലീഗ്, നാഷനൽ കോൺഫറൻസ്, കേരള കോൺഗ്രസ് തുടങ്ങിയ യുപിഎ ചെറുകക്ഷികൾക്കും ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ല. എന്നാൽ, യുപിഎയുടെ ഭാഗമായ ശരദ് പവാറിന്റെ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) രാഹുലിനു തുറന്ന പിന്തുണ നൽകിയിട്ടില്ല. എതിർപ്പും ഉയർത്തിയില്ല. പുതിയ ലോക്‌സഭയിലെ അംഗങ്ങൾ പ്രധാനമന്ത്രിയെ തീരുമാനിച്ചുകൊള്ളുമെന്നാണു പവാറിന്റെ നിലപാട്. അതേസമയം, കോൺഗ്രസിനു പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുലിനെ മുന്നോട്ടുവയ്ക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടക തിരഞ്ഞെടുപ്പിൽ ത്രിശങ്കുസഭ വന്നപ്പോൾ, ചെറിയ കക്ഷിയായ ജനതാദൾ സെക്കുലറിനു മന്ത്രിസഭയുണ്ടാക്കാൻ കോൺഗ്രസ് പിന്തുണ നൽകി. അന്ന് രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കുന്നതു സംബന്ധിച്ചു കോൺഗ്രസിനുള്ളിൽ ചർച്ച നടന്നിരുന്നു. മൂന്നു ഹിന്ദി സംസ്ഥാനങ്ങളിൽ ബിജെപിയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിൽ കോൺഗ്രസ് വിജയം കണ്ടതോടെ, വോട്ടർമാർ മോദിക്കു ബദലായി രാഹുലിനെ മുന്നിൽക്കാണുന്നുവെന്ന കാഴ്ചപ്പാടിനു സ്വീകാര്യതയേറി.
പ്രതിപക്ഷകക്ഷികളുടെ വിശാലമുന്നണിക്കു രാജ്യമെങ്ങും ശ്രമിക്കുന്നതിനെക്കാൾ നല്ലത്, വിവിധ സംസ്ഥാനങ്ങളിൽ സീറ്റുധാരണയുണ്ടാക്കുന്നതാണ് എന്ന് കോൺഗ്രസ് കരുതുന്നു. ഉദാഹരണത്തിന് ജനതാദൾ സെക്കുലർ യുപിഎയിൽ അംഗമല്ല. പക്ഷേ, ഇരുകക്ഷികളും തമ്മിൽ സീറ്റുധാരണയുണ്ടാക്കി.
സമാജ്‌വാദി പാർട്ടിയും ബിഎസ്പിയും യുപിയിൽ കോൺഗ്രസിനു ഗുണം ചെയ്യുന്നില്ലെങ്കിൽ, അവിടെ ഒറ്റയ്ക്കു നിൽക്കണമെന്നാണു കോൺഗ്രസിലെ വികാരം. സോണിയയും രാഹുലും മാത്രമാണ് നിലവിൽ അവിടെനിന്നുള്ള കോൺഗ്രസ് എംപിമാർ. പക്ഷേ, യുപിയിലെ കോൺഗ്രസ് നേതൃത്വം വലിയ ആത്മവിശ്വാസത്തിലാണ്. അവർ ചൂണ്ടിക്കാട്ടുന്നത് 2009ൽ 80 സീറ്റിൽ 21 എണ്ണം കോൺഗ്രസ് നേടിയിരുന്നുവെന്നതാണ്. നരേന്ദ്ര മോദി സമ്മർദത്തിലായിരിക്കെ, ഒരു ലക്ഷ്യവും അസാധ്യമല്ലെന്നും അവർ പറയുന്നു.
കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽത്തന്നെ സ്റ്റാലിൻ, രാഹുലിന്റെ നേതൃത്വം പ്രഖ്യാപിച്ചത് കോൺഗ്രസിനു വലിയ ഉത്തേജനം പകർന്നിട്ടുണ്ട്.