തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ദുരിതം: പരിഹാര വഴികളേറെ
കേരളത്തിലെ വോട്ടെടുപ്പ് സമാധാനപരമായി അവസാനിച്ചെങ്കിലും അതിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ചുള്ള പരാതികൾ പ്രവഹിക്കുകയാണ്. അടിസ്ഥാനസൗകര്യങ്ങളും സാങ്കേതികവിദ്യയും ഇത്രയേറെ വളർന്നിട്ടും നമ്മുടെ തിരഞ്ഞെടുപ്പിനു നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ
കേരളത്തിലെ വോട്ടെടുപ്പ് സമാധാനപരമായി അവസാനിച്ചെങ്കിലും അതിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ചുള്ള പരാതികൾ പ്രവഹിക്കുകയാണ്. അടിസ്ഥാനസൗകര്യങ്ങളും സാങ്കേതികവിദ്യയും ഇത്രയേറെ വളർന്നിട്ടും നമ്മുടെ തിരഞ്ഞെടുപ്പിനു നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ
കേരളത്തിലെ വോട്ടെടുപ്പ് സമാധാനപരമായി അവസാനിച്ചെങ്കിലും അതിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ചുള്ള പരാതികൾ പ്രവഹിക്കുകയാണ്. അടിസ്ഥാനസൗകര്യങ്ങളും സാങ്കേതികവിദ്യയും ഇത്രയേറെ വളർന്നിട്ടും നമ്മുടെ തിരഞ്ഞെടുപ്പിനു നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ
കേരളത്തിലെ വോട്ടെടുപ്പ് സമാധാനപരമായി അവസാനിച്ചെങ്കിലും അതിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ചുള്ള പരാതികൾ പ്രവഹിക്കുകയാണ്. അടിസ്ഥാനസൗകര്യങ്ങളും സാങ്കേതികവിദ്യയും ഇത്രയേറെ വളർന്നിട്ടും നമ്മുടെ തിരഞ്ഞെടുപ്പിനു നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ല എന്നത് ഗൗരവത്തോടെ ചിന്തിക്കേണ്ട കാര്യമാണ്.
നമ്മുടെ ജനാധിപത്യസംവിധാനത്തിന്റെ ഏറ്റവും വലിയ ശക്തി, സ്വതന്ത്രമായി നടക്കുന്ന തിരഞ്ഞെടുപ്പുകളാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ ഒരു വീഴ്ചയും വരാൻ പാടില്ല. അതേസമയം, നിലവിലുള്ള ദുരിതങ്ങൾ പരിഹരിക്കുകയും വേണം. അതിനു ചില പരിഷ്കാരങ്ങൾ ഏർപ്പെടുത്താൻ തിരഞ്ഞെടുപ്പു കമ്മിഷനും സർക്കാരും മുന്നോട്ടു വരേണ്ടതുണ്ട്.
സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുജോലി ചെയ്തിട്ടുണ്ട്. നമുക്കു മാതൃകയാക്കാവുന്ന ചില പരിഷ്കാരങ്ങൾ കണ്ടതു തമിഴ്നാട്ടിലാണ്. ജീവനക്കാരുടെ ദുരിതങ്ങൾ പരിഹരിക്കാനുള്ള നടപടികൾ 2011ൽ തന്നെ അവർ സ്വീകരിച്ചിരുന്നു. 10 വർഷമായിട്ടും നമുക്ക് അവ നടപ്പാക്കാനായിട്ടില്ല.
തിരഞ്ഞെടുപ്പിനു തലേന്ന് മണിക്കൂറുകൾ കാത്തുനിന്ന് പല കൗണ്ടറുകളിൽനിന്നു പോസ്റ്റിങ് ഓർഡറും പോളിങ് സാമഗ്രികളും ഇലക്ട്രോണിക് വോട്ടിങ് മെഷീനും പണവുമൊക്കെ വാങ്ങി, ഫോമുകൾ പൂരിപ്പിച്ചു നൽകി, നിയോഗിക്കപ്പെട്ട പോളിങ് സ്റ്റേഷനുകളിൽ ജീവനക്കാർ എത്തുമ്പോഴേക്കും പലപ്പോഴും രാത്രിയാകും.
പിന്നീട് ബൂത്ത് സജ്ജീകരിക്കലും പോസ്റ്ററുകൾ പതിക്കലും ഒക്കെ തീരുമ്പോൾ പാതിരാത്രി കഴിയും. കിടന്നുറങ്ങാൻ പലപ്പോഴും സ്കൂൾ ബെഞ്ചുകളാകും ആശ്രയം. പലതരം അസുഖങ്ങളുള്ളവരും പോളിങ് ഉദ്യോഗസ്ഥരുടെ കൂട്ടത്തിലുണ്ടാകുമെന്നോർക്കണം. അതിരാവിലെ തന്നെ മോക് പോൾ നടത്തേണ്ടതിനാൽ വേണ്ടത്ര വിശ്രമമോ ഉറക്കമോ കിട്ടില്ല.
ശുചിമുറി സൗകര്യം പോലും പലയിടത്തും ലഭ്യമായിരുന്നില്ലെന്ന് ഉദ്യോഗസ്ഥരുടെ പരാതികൾ കണ്ടു. വാസ്തവമാണത്. വിശ്രമമില്ലാതെ, ഉറക്കമില്ലാതെ, പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനാകാതെയാണ് ഉദ്യോഗസ്ഥരിൽ പലരും വോട്ടെടുപ്പു നടത്താൻ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടത്. അതിനിടെ തർക്കങ്ങളും മറ്റുമുണ്ടായാൽ അതിന്റെ മാനസികസമ്മർദം വേറെയും. പോളിങ് കഴിഞ്ഞാലും പിടിപ്പതു പണിയുണ്ട്. സാമഗ്രികളുമായി മണിക്കൂറുകൾ യാത്ര ചെയ്ത് തിരിച്ചേൽപിച്ചു തീരുമ്പോഴേക്കും പാതിരാത്രി പിന്നിടും.
2015ലെ തദ്ദേശതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കലക്ടറുടെ ചുമതലയിലിരിക്കെ, ഉദ്യോഗസ്ഥരുടെ ദുരിതം പരിഹരിക്കാൻ ജില്ലയിൽ തമിഴ്നാട് മാതൃക പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. പോളിങ് സാമഗ്രികളുടെ വിതരണത്തിനൊപ്പമുള്ള സ്റ്റാറ്റ്യൂട്ടറി, നോൺ സ്റ്റാറ്റ്യൂട്ടറി ഫോമുകൾ 2 ബുക്‌ലെറ്റുകളുടെ രൂപത്തിലേക്കു മാറ്റിയതോടെ ആശയക്കുഴപ്പം വലിയ തോതിൽ പരിഹരിക്കാനായി. പോളിങ് സാമഗ്രികൾ സെക്ടറൽ ഓഫിസർമാരുടെ നേതൃത്വത്തിൽ പോളിങ് കേന്ദ്രങ്ങളിൽ എത്തിച്ചുകൊടുക്കുകയും തിരികെ വാങ്ങുകയും ചെയ്യുന്ന പരിഷ്കാരവും ഫലപ്രദമായി നടപ്പാക്കാനായി. പക്ഷേ, പിന്നീട് അതിനു തുടർച്ചയുണ്ടായില്ല.
ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനുള്ള നിർദേശങ്ങൾ അന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിച്ചപ്പോൾ അത് അംഗീകരിക്കുകയായിരുന്നു. അടുത്ത തിരഞ്ഞെടുപ്പിനു മുൻപ് സംസ്ഥാനതലത്തിൽ തന്നെ ഇത്തരം പരിഷ്കാരങ്ങൾ നടപ്പാക്കാൻ കൂട്ടായ ശ്രമം വേണം. കലക്ടർമാർ ഇതിനു മുൻകയ്യെടുക്കണം. ജീവനക്കാരുടെ സംഘടനകൾ നേരത്തേ തന്നെ ഇക്കാര്യം കമ്മിഷനു മുന്നിൽ ഉന്നയിക്കണം.
കോവിഡ് സുരക്ഷയുടെ ഭാഗമായി ഇത്തവണ ബൂത്തുകളുടെ എണ്ണം ഇരട്ടിയാക്കിയതു മൂലം വോട്ടർമാരുടെ കാത്തുനിൽപ് ഒഴിവായി. തിരക്കില്ലാതെ വോട്ടു ചെയ്യാനായി ബൂത്തടിസ്ഥാനത്തിൽ മുൻകൂട്ടി സമയം ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്താൻ ഇപ്പോഴത്തെ സാഹചര്യത്തിൽ എളുപ്പമാണ്. പോളിങ് ഉദ്യോഗസ്ഥർക്കു ഡിജിറ്റലായി പോസ്റ്റിങ് ഓർഡറും ചെലവിനുള്ള തുകയും കൈമാറാം. ഇത്തവണ ബംഗാളിൽ പണം കൈമാറിയത് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേക്കാണ്. അതുമായി അവർ നേരെ നിയോഗിക്കപ്പെട്ട ബൂത്തുകളിൽ എത്തിയാൽ മതി. സ്വന്തം വാഹനത്തിലാണു പോകുന്നതെങ്കിലും കിടക്കാനും ഭക്ഷണത്തിനുമുള്ള സാമഗ്രികൾ കൂടി അവർക്കെടുക്കാം.
താമസസ്ഥലത്തുനിന്ന് ഏറെ ദൂരെയുള്ള സ്ഥലങ്ങളിൽ ജീവനക്കാരെ നിയോഗിക്കുന്നുവെന്ന പരാതികളും കാലങ്ങളായുണ്ട്. പ്രത്യേകിച്ചും, സ്ത്രീകളുടെ കാര്യത്തിൽ. ഇതും സോഫ്റ്റ്‌വെയർ വഴി ഒരു പരിധിവരെ പരിഹരിക്കാവുന്ന പ്രശ്നമാണ്. സ്ത്രീകളെ കഴിയുന്നതും സമീപപ്രദേശങ്ങളിൽ ജോലിക്കു നിയോഗിക്കാൻ പ്രത്യേക ശ്രദ്ധയും വേണം.
പോളിങ് സാമഗ്രികൾ സെക്ടറൽ ഓഫിസർമാരുടെ നേതൃത്വത്തിൽ ബൂത്തുകളിൽ വിതരണം ചെയ്യാം. പോളിങ്ങിനുശേഷം അവിടെ നിന്നുതന്നെ അത് ഏറ്റുവാങ്ങുകയും ചെയ്യാം. സെക്ടറൽ ഓഫിസർമാർക്ക് നേരിട്ടു പോളിങ് ഉദ്യോഗസ്ഥരുമായി ഇടപെടാനും ഇതിലൂടെ കഴിയും. മണിക്കൂറുകൾ കാത്തിരിക്കേണ്ട പ്രശ്നവും നടപടിക്രമങ്ങളുടെ സങ്കീർണതകളും ഒരു പരിധിവരെ പരിഹരിക്കാനാകും.
(സാമൂഹികനീതി വകുപ്പ് സെക്രട്ടറിയായ ലേഖകൻ, ഇപ്പോൾ തിരഞ്ഞെടുപ്പു നിരീക്ഷകനായി ബംഗാളിലാണ്. അഭിപ്രായങ്ങൾ വ്യക്തിപരം)