'30 കോടിയുടെ നിസ്സാര വിഷയം; എല്ലാം ഞങ്ങള് നോക്കും': വീട്ടിലെത്തി പാര്ട്ടി സ്ക്വാഡ്
കരുവന്നൂർ സഹകരണ ബാങ്കിൽനിന്നു ജപ്തി നോട്ടിസ് ലഭിച്ച അനേകരിൽ ഒരാളുമായുള്ള സംഭാഷണമാണു മുകളിൽ. എടുക്കാത്ത വായ്പയുടെ പേരിലെ ബാധ്യത കിടപ്പാടം നഷ്ടപ്പെടുത്താൻ പാകത്തിനു തലയ്ക്കുമുകളിൽ തൂങ്ങിനിൽക്കുമ്പോഴും മിക്കവർക്കും പരാതിയില്ലെന്നതാണ് അദ്ഭുതം! കാരണം നിസ്സാരമാണ്;.....
കരുവന്നൂർ സഹകരണ ബാങ്കിൽനിന്നു ജപ്തി നോട്ടിസ് ലഭിച്ച അനേകരിൽ ഒരാളുമായുള്ള സംഭാഷണമാണു മുകളിൽ. എടുക്കാത്ത വായ്പയുടെ പേരിലെ ബാധ്യത കിടപ്പാടം നഷ്ടപ്പെടുത്താൻ പാകത്തിനു തലയ്ക്കുമുകളിൽ തൂങ്ങിനിൽക്കുമ്പോഴും മിക്കവർക്കും പരാതിയില്ലെന്നതാണ് അദ്ഭുതം! കാരണം നിസ്സാരമാണ്;.....
കരുവന്നൂർ സഹകരണ ബാങ്കിൽനിന്നു ജപ്തി നോട്ടിസ് ലഭിച്ച അനേകരിൽ ഒരാളുമായുള്ള സംഭാഷണമാണു മുകളിൽ. എടുക്കാത്ത വായ്പയുടെ പേരിലെ ബാധ്യത കിടപ്പാടം നഷ്ടപ്പെടുത്താൻ പാകത്തിനു തലയ്ക്കുമുകളിൽ തൂങ്ങിനിൽക്കുമ്പോഴും മിക്കവർക്കും പരാതിയില്ലെന്നതാണ് അദ്ഭുതം! കാരണം നിസ്സാരമാണ്;.....
റിപ്പോർട്ടറുടെ ചോദ്യം : താങ്കൾക്കു കരുവന്നൂർ ബാങ്കിൽനിന്നു ജപ്തി നോട്ടിസ് കിട്ടിയോ?
വായ്പയെടുത്ത ആളിന്റെ ഉത്തരം: കിട്ടി.
ചോദ്യം: വായ്പയെടുത്ത ആളാണോ?
ഉത്തരം: 10 ലക്ഷം രൂപയാണെടുത്തത്. പക്ഷേ, നോട്ടിസിൽ കാണുന്നത് 50 ലക്ഷം രൂപയാണ്.
ചോദ്യം: പൊലീസിനോ സഹകരണ വകുപ്പിനോ പരാതി നൽകിയോ?
ഉത്തരം: പരാതിയൊന്നും കൊടുത്തിട്ടില്ല. കാര്യം പറഞ്ഞിട്ടുണ്ട്.
ചോദ്യം: ആരോട്?
ഉത്തരം: ബാങ്കിന്റെ അഡ്മിനിസ്ട്രേറ്ററോടും വീട്ടിൽ വന്ന പാർട്ടിക്കാരോടും.
ചോദ്യം: ആ ജപ്തി നോട്ടിസ് കാണിക്കാമോ?
ഉത്തരം: അതു കയ്യിലില്ല. ബാങ്കുകാർക്കു തിരിച്ചു കൊടുത്തു.
ചോദ്യം: ഒരു കോപ്പി പോലും കൈവശമില്ലേ?
ഉത്തരം: ഇല്ല. ബാക്കിയെല്ലാം അവർ നോക്കിക്കോളാമെന്നു പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്കിൽനിന്നു ജപ്തി നോട്ടിസ് ലഭിച്ച അനേകരിൽ ഒരാളുമായുള്ള സംഭാഷണമാണു മുകളിൽ. എടുക്കാത്ത വായ്പയുടെ പേരിലെ ബാധ്യത കിടപ്പാടം നഷ്ടപ്പെടുത്താൻ പാകത്തിനു തലയ്ക്കുമുകളിൽ തൂങ്ങിനിൽക്കുമ്പോഴും മിക്കവർക്കും പരാതിയില്ലെന്നതാണ് അദ്ഭുതം! കാരണം നിസ്സാരമാണ്; പേടി. ബാങ്ക് ഭരിക്കുന്നതു പാർട്ടി. അംഗങ്ങളിൽ ഭൂരിപക്ഷവും പാർട്ടി പ്രവർത്തകരും അനുഭാവികളും. വായ്പബാധ്യത തലയിലായവരിൽ ഒട്ടുമിക്കവരും പാർട്ടി അംഗങ്ങളുമാണ്. ബാങ്കിനെതിരെ എന്തെങ്കിലും പറഞ്ഞുപോയാൽ പാർട്ടിയുടെ അപ്രീതിക്കു കാരണമായാലോ എന്നതാണു പേടി. ബാങ്കിൽനിന്നു ലഭിച്ച ജപ്തി നോട്ടിസ് പുറത്തെടുക്കാൻ പോലും ആളുകൾ ഭയക്കുന്നു. വിവാദമായതോടെ നേതാക്കന്മാർ ഇടപെട്ടു ജപ്തി നോട്ടിസുകൾ ബാങ്കിൽ തിരികെ എത്തിച്ചിട്ടുണ്ട്.
∙ 30 കോടിയുടെ വിഷയമേയുള്ളൂ
കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ചവരുടെയും ജപ്തി നോട്ടിസ് ലഭിച്ചവരുടെയും വീടുകളിൽ ദിവസങ്ങൾക്കുമുൻപു പാർട്ടി സ്ക്വാഡിന്റെ സന്ദർശനം നടന്നിരുന്നു. ജീവിതം വഴിമുട്ടിയവർക്കു ‘മനോധൈര്യം’ പകരാനെത്തിയ സന്ദർശനസംഘം എല്ലാ വീടുകളിലും ആവർത്തിച്ചത് ഏറെക്കുറെ ഒരേ ഡയലോഗ്: ‘ഇതങ്ങനെ വലിയ പ്രശ്നമൊന്നുമല്ല. വെറും 30 കോടിയുടെ നിസ്സാര വിഷയമേയുള്ളൂ. കേരള ബാങ്കിൽനിന്നു നമുക്ക് 30 കോടി ഉടനെ വായ്പ കിട്ടും.
നിക്ഷേപകരുടെ പണമാകും ആദ്യം കൊടുത്തുതീർക്കുക. അതു കഴിഞ്ഞാൽ വായ്പക്കാരുടെ പ്രശ്നം തീർക്കും. ഇതൊക്കെ നടക്കണമെങ്കിൽ നിങ്ങൾകൂടി സഹകരിക്കണം. ഒച്ചപ്പാടും ബഹളവും ഉണ്ടാക്കരുത്. എല്ലാം ഞങ്ങൾ നോക്കിക്കോളാം.’ തൊഴിലുറപ്പു ജോലിക്കുപോയി മിച്ചംപിടിച്ചുണ്ടാക്കിയ ചെറു തുകകൾ നിക്ഷേപിച്ചവർ മുതൽ ലക്ഷങ്ങളുടെ നിക്ഷേപം നടത്തിയവർവരെ ഇതോടെ നിശ്ശബ്ദരായി. 30 കോടിയല്ല, 300 കോടിയിൽ കുറയാത്ത തട്ടിപ്പിന്റെ വിഷയമാണെന്നു സഹകരണവകുപ്പിനു തന്നെ ബോധ്യപ്പെട്ടിട്ടും പരാതിക്കാർ നിവൃത്തികെട്ടു നിശ്ശബ്ദത തുടരുന്നു.
∙ അറിഞ്ഞുകൊണ്ട് ‘പെട്ടവരും’
ഭയത്തിനൊപ്പം പ്രലോഭനവുംകൂടി ചേർന്നപ്പോഴാണു ചിലർ വായ്പത്തട്ടിപ്പിൽ ഇരകളായത്. ഇരിങ്ങാലക്കുട മൂർക്കനാട് പ്രദേശത്ത് 50 ലക്ഷം രൂപയുടെ ബാധ്യത നേരിടുന്നവരിൽ ഒരാൾ പേരു വെളിപ്പെടുത്താതെ പറഞ്ഞ അനുഭവം ഇങ്ങനെ: ‘ഞാനൊരു കൂലിപ്പണിക്കാരനാണ്. 4 വർഷം മുൻപു കമ്മിഷൻ ഏജന്റ് ബിജോയ് പറഞ്ഞിട്ടു ബാങ്കിൽ നിന്നൊരാൾ എന്നെ കാണാൻ വന്നു. ഞാൻ അപേക്ഷ കൊടുത്താൽ 50,000 രൂപ തരാമെന്നായിരുന്നു വാഗ്ദാനം. തിരിച്ചടയ്ക്കേണ്ടെന്നും ഈടായി ഒന്നും തരേണ്ടെന്നും പറഞ്ഞു. ഈടില്ലാതെ എങ്ങനെ വായ്പ തരുമെന്നു ഞാൻ ചോദിച്ചു. അതൊക്കെ അവർ നോക്കിക്കോളാം എന്നു പറഞ്ഞു.’ ഈ പാവത്തിന് 50,000 രൂപ നൽകിയ ശേഷം പ്രതികൾ അദ്ദേഹത്തിന്റെ പേരിൽ ബാങ്കിൽനിന്നു പാസാക്കിയെടുത്തത് 50 ലക്ഷം രൂപയാണ്. ഈടായി കാണിച്ചത് മറ്റൊരാളുടെ ഭൂമിയുടെ രേഖകൾ. ജപ്തി നോട്ടിസ് കിട്ടിയതും ഈ കൂലിപ്പണിക്കാരന്.
∙ കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പു നടത്താൻ പ്രതികൾ ഉപയോഗിച്ച ചില അത്യാധുനിക മാർഗങ്ങൾ ഇതാ..
സോഫ്റ്റ്‍വെയർ തട്ടിപ്പ്: ഈടുരേഖകൾ അപ്‌ലോഡ് ചെയ്യാതെ വായ്പ അനുവദിക്കാൻ സോഫ്റ്റ്‍വെയറിൽ കൃത്രിമം നടത്തി. സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കിൽ മാറ്റംവരുത്തി പണം തട്ടി. പാസ്‍വേഡ് ഓട്ടമാറ്റിക്കായി മാറുന്ന സംവിധാനം ഇല്ലാതാക്കി. അനധികൃത വായ്പ ഇടപാടുകൾ സോഫ്റ്റ്‍വെയറിൽനിന്നു നീക്കം ചെയ്തു. തിരിച്ചെടുക്കാൻ കഴിയാത്തവിധം ബാക്കപ് സംവിധാനം താറുമാറാക്കി.
കോഡ് തട്ടിപ്പ്: വായ്പ ഇടപാടുകൾ പാസാക്കാൻ അധികാരമുള്ള വനിതാ ജീവനക്കാരിയുടെ സോഫ്റ്റ്‍വെയർ കോഡ് പ്രതികൾ ദുരുപയോഗിച്ചു. ബാങ്കിൽനിന്നു വൻതുക വായ്പയെടുത്ത ഒരാൾക്കു തുക തിരിച്ചടയ്ക്കാതെതന്നെ വായ്പ ക്ലോസ് ചെയ്തതായി കാഷ് രസീത് നൽകി. കോഡ് ദുരുപയോഗിച്ചായിരുന്നു ഈ തട്ടിപ്പ്. വായ്പ എടുത്തയാൾ ഒരു രൂപ പോലും ബാങ്കിൽ അടച്ചിരുന്നില്ല.
ലോഗിൻ തട്ടിപ്പ്: വി ബാങ്ക് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണു ബാങ്കിലെ ഓൺലൈൻ ഇടപാടുകൾ നടക്കുന്നത്. ഇതിൽ അഡ്മിൻ ഐഡി ഉപയോഗിച്ചു ലോഗിൻ ചെയ്യുന്നവരുടെ വിവരങ്ങളെല്ലാം സേവ് ചെയ്യപ്പെടും. കംപ്യൂട്ടർ വിദഗ്ധന്റെ സഹായത്തോടെ ലോഗിൻ, ലോഗൗട്ട് വിവരങ്ങളെല്ലാം മായ്ച്ചുകളഞ്ഞു. തട്ടിപ്പു നടന്നതെപ്പോഴാണെന്നു കണ്ടെത്താൻ കഴിയാത്തവിധം തെളിവു നശിപ്പിക്കൽ.
കരുവന്നൂർ ബാങ്ക് വായ്പത്തട്ടിപ്പ്, ദാ ഇങ്ങനെ...
സീൻ ഒന്ന്
10 ലക്ഷം രൂപ വായ്പ അനുവദിക്കണമെന്ന ആവശ്യവുമായി ഒരാൾ ബാങ്ക് മാനേജരുടെ മുന്നിലെത്തുന്നു. അപേക്ഷയും ഈടുവയ്ക്കാനുള്ള രേഖകളും മറ്റും മാനേജർ പരിശോധിക്കുന്നു. ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നും വായ്പ അനുവദിക്കാൻ നിർവാഹമില്ലെന്നും പറഞ്ഞ് മാനേജർ അപേക്ഷ നിരസിക്കുന്നു. ഇടപാടുകാരന്റെ പേരും വിലാസവും നയത്തിൽ കുറിച്ചെടുക്കുന്നു.
സീൻ രണ്ട്
വായ്പയ്ക്ക് അപേക്ഷയുമായി എത്തിയയാളുടെ പേരും വിലാസവും കമ്മിഷൻ ഏജന്റിനു മാനേജർ കൈമാറുന്നു. അപേക്ഷകന്റെ വീട്ടിലെത്തുന്ന ഏജന്റ്, 10% കമ്മിഷൻ തരാമെങ്കിൽ വായ്പ പാസാക്കി നൽകാമെന്നു വാഗ്ദാനം ചെയ്യുന്നു. 10 ലക്ഷത്തിൽ ഒരു ലക്ഷം പോയാലെന്താ, വായ്പ കിട്ടുമല്ലോ എന്ന ആശ്വാസത്തിൽ അപേക്ഷകൻ ഓഫർ സ്വീകരിക്കുന്നു.
സീൻ മൂന്ന്
അപേക്ഷകനെയും കൂട്ടി കമ്മിഷൻ ഏജന്റ് വീണ്ടും മാനേജരുടെ മുന്നിലെത്തുന്നു. ‘നമ്മുടെ സ്വന്തം ആളാ’ണെന്ന പരിചയപ്പെടുത്തലോടെ വീണ്ടും അപേക്ഷ നൽകുന്നു. ഈടുവസ്തു പരിശോധിക്കുന്നതു വരെയുള്ള മുഴുവൻ കടമ്പകളും മാനേജർ സ്വയം ഏറ്റെടുത്തു ചെയ്യുന്നു. ഒടുവിൽ വായ്പ പാസാക്കി 9 ലക്ഷം രൂപ അപേക്ഷകനു കൈമാറും. ഒരു ലക്ഷം രൂപ കമ്മിഷനായി ഏജന്റ് കൈപ്പറ്റും.
സീൻ നാല്
വായ്പ ലഭിച്ച സന്തോഷത്തിൽ അപേക്ഷകൻ കളംവിടുന്നതോടെയാണു യഥാർഥകളി നടക്കുക. ഈടുരേഖകൾ ഉപയോഗിച്ച് 50 ലക്ഷം രൂപയുടെ വായ്പയാണ് മാനേജർ പാസാക്കിയിട്ടുണ്ടാകുക. ഈ വിവരം അപേക്ഷകൻ അറിയില്ല. ബാക്കി 40 ലക്ഷം രൂപ മാനേജരും കമ്മിഷൻ ഏജന്റും കൂടി വീതിച്ചെടുക്കും.
മകളുടെ വിവാഹ സ്വപ്നമാണ് ബാങ്കിൽ; നെഞ്ചുനീറി മുരളി
ജോലിയിൽനിന്നു വിരമിച്ചപ്പോൾ ലഭിച്ച തുകയടക്കം തന്റെ ആയുഷ്കാല സമ്പാദ്യമായ 19 ലക്ഷം രൂപ മുരളി കരുവന്നൂർ സഹകരണ ബാങ്കിലിട്ടത് 2 കാര്യങ്ങൾക്കായാണ്. മകളുടെ വിവാഹമായിരുന്നു ഒന്നാമത്തെ ആഗ്രഹം, സഹോദരിമാർക്ക് ഓഹരി നൽകുക എന്നതു രണ്ടാമത്തേതും. ബാങ്കിൽ വായ്പത്തട്ടിപ്പു കണ്ടെത്തിയതോടെ മുരളിയുടെ മോഹങ്ങൾ ചോദ്യച്ചിഹ്നമായി.
പാരലൽ കോളജ് അധ്യാപകനായി ജീവിതം തുടങ്ങിയ ആളാണു മാപ്രാണം വിരുത്തിപ്പറമ്പിൽ മുരളി. ട്രാവൻകൂർ – കൊച്ചി കെമിക്കൽസിൽനിന്നു സീനിയർ അസിസ്റ്റന്റായാണു വിരമിച്ചത്. 2 പെൺമക്കളിൽ ഒരാളുടെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെ മകളുടെ വിവാഹം നടത്തിയതിനും സഹോദരിമാർക്ക് ഓഹരി നൽകിയതിനുംശേഷം മിച്ചമുള്ള പണം ഉപയോഗിച്ചു കുടുംബം പോറ്റാമെന്നായിരുന്നു ചിന്ത. 2017ൽ കുറി ലഭിച്ച തുകയും മരിച്ച സഹോദരന്റെ പേരിലുള്ള ഭൂമി വിറ്റപ്പോൾ ലഭിച്ച തുകയുമൊക്കെ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലാണു മുരളിയും കുടുംബവും.
ഉത്തരവാദി സിപിഎം ഭരണസമിതി: സെക്രട്ടറി
സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് എല്ലാ വായ്പത്തട്ടിപ്പുകൾക്കും ഉത്തരവാദികളെന്നു ബാങ്ക് സെക്രട്ടറി ടി.ആർ.സുനിൽകുമാർ സഹകരണ വകുപ്പ് അസിസ്റ്റന്റ് റജിസ്ട്രാർക്കു നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നു. കത്തിന്റെ ഉള്ളടക്കം ‘മനോരമ’യ്ക്കു ലഭിച്ചു. സെക്രട്ടറിയുടെ മറുപടിയിൽ നിന്ന്:
∙ മതിയായ ജാമ്യമില്ലാതെ വായ്പ നൽകിയതിനു പൂർണ ഉത്തരവാദി ബാങ്ക് ഭരണസമിതിയാണ്. വായ്പയ്ക്കുള്ള അപേക്ഷ സമിതി പരിഗണിച്ചശേഷം പ്രസിഡന്റ് ഒപ്പുവച്ചു കഴിഞ്ഞാണു ബന്ധപ്പെട്ട വിഭാഗത്തിലേക്കു നൽകുന്നത്. സമിതി അറിയാതെ വായ്പ അനുവദിച്ചിട്ടില്ല.
∙ ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടുന്നതിനു പകരം അവരെ സഹായിക്കുകയാണു ഭരണസമിതി ചെയ്യുന്നത്.
∙ വായ്പ നൽകണോ വേണ്ടയോ എന്ന ശുപാർശ മാത്രമാണു ജീവനക്കാർ നൽകുന്നത്. അനുവദിക്കുന്നതിന്റെ പൂർണ ഉത്തരവാദിത്തം ഭരണസമിതിക്കു മാത്രമാണ്. സെക്രട്ടറി അതു നടപ്പാക്കുന്ന ഉദ്യോഗസ്ഥൻ മാത്രം. നൽകിയ എല്ലാ വായ്പയും ഭരണസമിതി പരിഗണിച്ചതിന്റെ രേഖയുണ്ട്.
∙ ഭരണസമിതി യോഗ മിനിറ്റ്സുകൾ പിന്നീട് എഴുതിച്ചേർക്കുന്നതല്ല. യോഗത്തിൽ ഇതു വായിച്ചു പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതാണ്. പിന്നീട് എഴുതിച്ചേർത്തുവെന്ന പരാതി ഒരിക്കലും ഉണ്ടായിട്ടില്ല.
∙ വായ്പയുടെ ഈടുകൾ ഇടപാടുകാർ വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. ഭരണസമിതി അറിയാതെ ആധാരം തിരിച്ചെടുത്തു വിൽപന നടത്താനാകില്ല.
∙ ബാങ്കിന്റെ അധികാരപരിധിക്കു പുറത്തുള്ള സ്ഥലങ്ങളിൽ വായ്പ നൽകിയിട്ടുണ്ട്. ഭരണസമിതിയുടെ നിർദേശപ്രകാരമാണ് ഈ വായ്പകൾ അനുവദിച്ചിട്ടുള്ളത്. ഇതു നിയമപ്രകാരമല്ല.
തയാറാക്കിയത്: ഉണ്ണി കെ.വാരിയർ, എസ്.പി.ശരത്
നാളെ: നിക്ഷേപകരുടെയും തട്ടിപ്പുകാരുടെയും ബാങ്കിന്റെയും ഭാവി