പുതുദിശയിലുള്ള ഭരണം: പിണറായി; കൊള്ളക്കാരുടെ ഭരണം: വി.ഡി.സതീശൻ
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാരിന് ഇന്ന് രണ്ടു വയസ്സ്. കേരളത്തെയാകെ നവീകരിക്കുകയെന്ന ദീർഘവീക്ഷണത്തോടെയാണു സർക്കാർ മുന്നോട്ടു പോകുന്നതെന്നു മുഖ്യമന്ത്രി. സർവമേഖലയിലും അഴിമതി നടത്തുകയെന്ന ലക്ഷ്യമേ സർക്കാരിനുള്ളൂവെന്ന് പ്രതിപക്ഷ നേതാവ്
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാരിന് ഇന്ന് രണ്ടു വയസ്സ്. കേരളത്തെയാകെ നവീകരിക്കുകയെന്ന ദീർഘവീക്ഷണത്തോടെയാണു സർക്കാർ മുന്നോട്ടു പോകുന്നതെന്നു മുഖ്യമന്ത്രി. സർവമേഖലയിലും അഴിമതി നടത്തുകയെന്ന ലക്ഷ്യമേ സർക്കാരിനുള്ളൂവെന്ന് പ്രതിപക്ഷ നേതാവ്
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാരിന് ഇന്ന് രണ്ടു വയസ്സ്. കേരളത്തെയാകെ നവീകരിക്കുകയെന്ന ദീർഘവീക്ഷണത്തോടെയാണു സർക്കാർ മുന്നോട്ടു പോകുന്നതെന്നു മുഖ്യമന്ത്രി. സർവമേഖലയിലും അഴിമതി നടത്തുകയെന്ന ലക്ഷ്യമേ സർക്കാരിനുള്ളൂവെന്ന് പ്രതിപക്ഷ നേതാവ്
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാരിന് ഇന്ന് രണ്ടു വയസ്സ്. കേരളത്തെയാകെ നവീകരിക്കുകയെന്ന ദീർഘവീക്ഷണത്തോടെയാണു സർക്കാർ മുന്നോട്ടു പോകുന്നതെന്നു മുഖ്യമന്ത്രി. സർവമേഖലയിലും അഴിമതി നടത്തുകയെന്ന ലക്ഷ്യമേ സർക്കാരിനുള്ളൂവെന്ന് പ്രതിപക്ഷ നേതാവ്.
പുതുദിശയിലുള്ള ഭരണം: പിണറായി വിജയൻ (മുഖ്യമന്ത്രി)
എൽഡിഎഫ് സർക്കാർ മൂന്നാം വർഷത്തിലേക്കു കടക്കുകയാണ്. സാങ്കേതികമായി മൂന്നാം വർഷമാണെങ്കിലും 2016ൽ ഏറ്റെടുത്ത വികസന–ക്ഷേമ പദ്ധതികളുടെ തുടർച്ച എട്ടാം വർഷത്തിലേക്കു നീങ്ങുന്നു. ഭവനപദ്ധതികളിലൂടെയും പട്ടയങ്ങൾ ലഭ്യമാക്കിയും വിലക്കയറ്റം പിടിച്ചുനിർത്തിയും റോഡ്- സ്കൂൾ- ആശുപത്രി വികസനങ്ങൾ വഴിയും പെൻഷൻ വിതരണത്തിലൂടെയും ഓരോ വ്യക്തിയുടെയും ജീവിതത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്.
ഓരോ സമയത്തും ഉയരുന്ന കാര്യങ്ങളെ സംബോധന ചെയ്തു മുന്നേറുക എന്ന ‘അഡ്ഹോക്’ ഭരണസംസ്‌കാരത്തിനു പകരം കേരളത്തെയാകെ ആധുനികവൽക്കരിക്കുക എന്ന ദീർഘവീക്ഷണത്തോടെയുള്ള ഒരു പുതിയ ഭരണസംസ്കാരം രൂപപ്പെടുത്തുകയാണ് ഏഴു വർഷമായി ചെയ്യുന്നത്. നവകേരളം സൃഷ്ടിക്കാനുള്ള സമഗ്രവും സുസ്ഥിരവുമായ വികസനയത്നമാണ് ഇത്. വികസിത രാജ്യങ്ങളിലെ ജീവിതനിലവാരത്തിലേക്കു സമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്തുകയാണു ലക്ഷ്യം.
ഇതു പ്രായോഗികമാണോ എന്നു ചിലർ സംശയിക്കും. എന്നാൽ, അസാധ്യവും അപ്രായോഗികവുമായി പലരും തള്ളിക്കളഞ്ഞ എത്രയെത്ര പദ്ധതികളാണ് കർമോന്മുഖമായ പ്രതിബദ്ധതയോടെ നടപ്പാക്കിയത്. ഒരു വിഭാഗവും സർക്കാരിന്റെ കരുതലിനു പുറത്താവുന്നില്ല. നൂതന സാങ്കേതികവിദ്യ, ഇലക്ട്രോണിക്സ് വ്യവസായം എന്നീ മേഖലകളിൽ മുന്നേറ്റം കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എറണാകുളത്ത്, നാളെയുടെ രാസപദാർഥം എന്നു വിശേഷിപ്പിക്കുന്ന ഗ്രഫീൻ ഉൽപാദനത്തിനു കേന്ദ്രം ആരംഭിച്ചത്.
കേരളം വ്യവസായസൗഹൃദ സംസ്ഥാനമല്ല എന്ന ധാരണ തിരുത്തി. നിസാനും എയർബസും ടെക് മഹീന്ദ്രയും ടോറസും ടാറ്റാ എലക്സിയും സഫ്രാനും ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ പ്രവർത്തനമാരംഭിച്ചു. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണു ലക്ഷ്യമിട്ടതെങ്കിൽ 8 മാസംകൊണ്ടുതന്നെ ലക്ഷ്യം കൈവരിച്ചു.
ഇടതുപക്ഷം ആധുനിക സാങ്കേതിക ജ്ഞാനത്തിനു മുഖം തിരിഞ്ഞു നിൽക്കുന്നുവെന്ന പ്രചാരണം തിരുത്തി. ഇന്റർനെറ്റ് അവകാശമാണെന്നു പ്രഖ്യാപിച്ചതിന്റെ തുടർച്ചയായി എല്ലാവർക്കും ഇന്റർനെറ്റ് സൗകര്യങ്ങൾ ഉറപ്പു വരുത്തുന്ന കെ-ഫോൺ പദ്ധതി പൂർത്തിയാകുന്നു. കേരള സ്റ്റാർട്ടപ് മിഷനെ ലോകത്ത് ഒന്നാം സ്ഥാനമുള്ള പബ്ലിക് ബിസിനസ് ഇൻക്യുബേറ്റർ ആയി സ്റ്റോക്കോം ആസ്ഥാനമായ ഇന്റലിജൻസ് കമ്പനി യുബിഐ ഗ്ലോബൽ പ്രഖ്യാപിച്ചു. 2026ന് അകം കേരളത്തിൽ 15,000 സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ രണ്ടു ഘട്ടങ്ങളിലുള്ള സമഗ്ര പദ്ധതിയാണ് സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. കാർഷികമേഖലയുടെ വളർച്ചയ്ക്ക് വലിയ പ്രാധാന്യമാണു നൽകിവരുന്നത്. അതിന്റെ ഫലമായാണ് 2018ലെ പ്രളയം, 2019ലെ അതിവർഷം, 2020 മുതലുള്ള കോവിഡ് മഹാമാരി എന്നീ പ്രതിസന്ധികളെ അതിജീവിച്ച് 2021-22ൽ 4.64 ശതമാനം വളർച്ച കൈവരിക്കാൻ കാർഷികമേഖലയ്ക്കു കഴിഞ്ഞത്.
ഇതിനെല്ലാം പുറമേയാണു കേരളത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുന്ന വൻകിട വികസന പദ്ധതികൾ. 1,136 കോടി രൂപ ചെലവഴിച്ചു പൂർത്തീകരിച്ച കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ചു. ബേക്കൽ മുതൽ കോവളം വരെയുള്ള ദേശീയ ജലപാതയുടെ പുനരുദ്ധാരണം പൂർത്തീകരിക്കുന്നതിനുവേണ്ട നടപടികളായി. തിരുവനന്തപുരം മുതൽ കാസർകോടുവരെ നീളുന്ന ദേശീയപാതയുടെ വികസനം യാഥാർഥ്യമാകുന്നു. ദേശീയപാതാ വികസനം കേന്ദ്ര സർക്കാരിന്റെ പൂർണ ഉത്തരവാദിത്തം ആയിരിക്കുമ്പോഴും 5,580 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്.
അമിതാധികാര സ്വേച്ഛാധിപത്യ പ്രവണതകളും വർഗീയതയുടെയും വിദ്വേഷത്തിന്റെയും ശക്തിപ്പെടലുംകൊണ്ട് കലുഷിതമായ ദേശീയാന്തരീക്ഷത്തിൽ പ്രത്യാശയുടെ ദ്വീപ് എന്ന നിലയിൽ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന സംസ്ഥാനമാണ് നമ്മുടേത്. മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളിൽ അൽപവും വിട്ടുവീഴ്ച ചെയ്യാതെയും വർഗീയതയുടെ ജനവിരുദ്ധ നീക്കങ്ങളെ ചെറുത്തും ജനദ്രോഹ നടപടികൾക്കെതിരായ ജനകീയ ബദലുകൾ അവതരിപ്പിച്ചും കേരളം മുന്നോട്ടു പോകും. ആ മുന്നേറ്റത്തിനായി എല്ലാവർക്കും കൈകോർക്കാം.
കൊള്ളക്കാരുടെ ഭരണം: വി.ഡി. സതീശൻ (പ്രതിപക്ഷ നേതാവ്)
ഭരണത്തുടർച്ചയുടെ ദുരന്തഫലങ്ങളാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. ഒറ്റവാചകത്തിൽ പറഞ്ഞാൽ – ഇതൊരു സർക്കാരല്ല, കൊള്ളസംഘമാണ്. ഭരണകൂടഭീകരതയും പ്രത്യാഘാതങ്ങളും ചേർന്ന് ഭീതിദമായ ദിനങ്ങളിലൂടെയാണ് രണ്ടാം പിണറായി സർക്കാർ രണ്ടാം വർഷത്തിൽ എത്തിനിൽക്കുന്നത്.
റോഡ് സുരക്ഷയുടെ പേരിൽ എഐ സാങ്കേതികവിദ്യ ഉണ്ടെന്ന വ്യാജേന ക്യാമറകൾ സ്ഥാപിച്ചതിനു പിന്നിൽ നടന്നത് സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണ്. ഈ പകൽക്കൊള്ള തെളിവുസഹിതമാണ് പ്രതിപക്ഷം തുറന്നുകാട്ടിയത്. എന്നിട്ടും ഭീരുവിനെപ്പോലെ മഹാമൗനത്തിന്റെ മാളത്തിൽ ഒളിച്ചിരിക്കുകയാണു മുഖ്യമന്ത്രി. മുഖ്യമന്ത്രിക്കു മറുപടി ഇല്ലാതായപ്പോൾ കറക്കുകമ്പനിയെക്കൊണ്ടു വക്കീൽ നോട്ടിസ് അയപ്പിച്ചു പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാമെന്ന് കരുതുന്നുവെങ്കിൽ അതു മൗഢ്യമാണ്.
അഴിമതി ക്യാമറയെയും വെല്ലുന്ന അഴിമതിയാണ് കെ ഫോണിൽ നടത്തിയത്. എസ്ആർഐടിക്കു കിട്ടിയ കരാർ പാലങ്ങളും റോഡുകളും മാത്രം നിർമിക്കുന്ന അശോക ബിൽഡ്‌കോണിനു നൽകി. അശോക ബിൽഡ്‌കോൺ ഈ കരാർ മുഖ്യമന്ത്രിയുടെ ബന്ധുവിനു ബന്ധമുള്ള കമ്പനിയായ പ്രസാഡിയോയ്ക്കു നൽകി. ഇവിടെയും എല്ലാ വഴികളും അവസാനിക്കുന്നത് ഒരു പെട്ടിയിലേക്കാണ്.
ലൈഫ് മിഷൻ അഴിമതിയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഇപ്പോഴും ജയിലിലാണ്. 20 കോടിയുടെ പദ്ധതിയിൽ 9 കോടിയും കമ്മിഷൻ ഇനത്തിൽ തട്ടിയെടുത്തു. കേന്ദ്രത്തിലെ ബിജെപി നേതാക്കളുമായി ഒത്തുതീർപ്പുണ്ടായിരുന്നില്ലെങ്കിൽ ലൈഫ് മിഷൻ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി എന്നേ കേസിൽ പ്രതിയാകുമായിരുന്നു.
ഭരണപരാജയവും ധൂർത്തും ഉണ്ടാക്കിയ കടക്കെണിയിൽനിന്നു കരകയറുന്നതിനും സർക്കാർ ജനങ്ങളുടെ പോക്കറ്റടിക്കുകയാണ്. ബജറ്റിലൂടെ മാത്രം ഇന്ധനസെസും മദ്യത്തിന്റെ വിലവർധനയും ഉൾപ്പെടെ 4500 കോടിയുടെ അധിക നികുതിയാണ് അടിച്ചേൽപിച്ചത്. വെള്ളം, വൈദ്യുതി നിരക്കുകളും കുത്തനെ വർധിപ്പിച്ചു. നിർമാണ സാമഗ്രികളുടെ വിലക്കയറ്റത്തിനു പുറമേ കെട്ടിട നിർമാണ പെർമിറ്റ് ഫീസും വർധിപ്പിച്ചത് സാധാരണക്കാരന്റെ വീട് എന്ന സ്വപ്‌നത്തിലാണു കരിനിഴൽ വീഴ്ത്തിയത്.
സംസ്ഥാനത്ത് എല്ലാ മേഖലകളിലും ലഹരി വ്യാപകമായി പടർന്നു. തടയാനോ നിയന്ത്രിക്കാനോ ഒരു സംവിധാനവുമില്ല. സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾതന്നെ ലഹരിക്കടത്തിന്റെ ഭാഗമാകുമ്പോൾ സർക്കാർ നോക്കുകുത്തിയായി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുന്ന കാര്യം വ്യക്തമാക്കുന്നതാണ് പൊലീസിന്റെതന്നെ കണക്കുകൾ. സ്ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ സർക്കാരിനു സ്തുതി പാടുന്ന സംഘമായി നിൽക്കുകയാണ് പൊലീസ്.
നെല്ലുസംഭരണത്തിൽ മാത്രം 1000 കോടി കുടിശികയുണ്ട്. കഴിഞ്ഞ ബജറ്റിൽ 500 കോടി വകയിരുത്തിയ റബർ വിലസ്ഥിരതാ ഫണ്ടിൽ ചെലവഴിച്ചത് വെറും 32 കോടി രൂപ. എല്ലാ മേഖലകളിലെ കർഷകരും പ്രതിസന്ധിയിലാണ്. മത്സ്യത്തൊഴിലാളികൾക്കും എസ്‌സി, എസ്ടി വിഭാഗങ്ങൾക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ നൽകാതെ കബളിപ്പിക്കുന്നു. കെഎസ്ആർടിസിയെ തകർത്തു. യുഡിഎഫിന്റെ അഭിമാനപദ്ധതിയായ ‘കാരുണ്യ’ ഇല്ലാതാക്കി. ശമ്പളം നൽകാത്തതിനെത്തുടർന്ന് കൊല്ലത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു.
അനധികൃതമായി ലൈൻസ് നൽകിയ ബോട്ട് മറിഞ്ഞ് താനൂരിൽ 22 പേർ മരിച്ച അതിദാരുണ സംഭവം സർക്കാർ ‘സ്‌പോൺസേഡ്’ ദുരന്തമാണ്. വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി പൊലീസിന്റെ കൺമുന്നിൽ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത് കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്നു.
അഴിമതി നടത്താനായി അഴിമതി വിരുദ്ധ സംവിധാനങ്ങളുടെ ചിറകരിഞ്ഞ സർക്കാർ എന്ന കുപ്രസിദ്ധിയും ഈ സർക്കാരിനു സ്വന്തം. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അഴിമതികൂടി പുറത്തുവരുമ്പോൾ പിണറായി വിജയനു തലയിൽ മുണ്ടിട്ടു നടക്കേണ്ടി വരും. ജനദ്രോഹ ഭരണത്തിന്റെ രണ്ടാം വാർഷികം ആഘോഷിക്കാൻ പിണറായി സർക്കാരിന് അർഹതയും അവകാശവുമില്ല.
English Summary: Pinarayi Vijayan and V.D. Satheesan writeups on Pinarayi Vijayan second government second anniversary