നന്മയുടെ തിളക്കം
കാസർകോട്– കാഞ്ഞങ്ങാട് മേഖലയിൽ പലരും നടത്തിയ പതിറ്റാണ്ടുകൾ നീണ്ട നിസ്വാർഥ ശ്രമങ്ങൾ എൻഡോസൾഫാൻ ഇരകളുടെ ജീവിതത്തിൽ ചെറുതല്ലാത്ത മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചില വീടുകളിൽ ഞങ്ങൾ കണ്ട അത്തരം വെളിച്ചങ്ങളിലൂടെ... ഷാക്കിറയുടെ സന്തോഷക്കുപ്പി എട്ടുവർഷം മുൻപാണ് ഷാക്കിറയുടെ ജീവിതം ‘മനോരമ’യിലൂടെ
കാസർകോട്– കാഞ്ഞങ്ങാട് മേഖലയിൽ പലരും നടത്തിയ പതിറ്റാണ്ടുകൾ നീണ്ട നിസ്വാർഥ ശ്രമങ്ങൾ എൻഡോസൾഫാൻ ഇരകളുടെ ജീവിതത്തിൽ ചെറുതല്ലാത്ത മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചില വീടുകളിൽ ഞങ്ങൾ കണ്ട അത്തരം വെളിച്ചങ്ങളിലൂടെ... ഷാക്കിറയുടെ സന്തോഷക്കുപ്പി എട്ടുവർഷം മുൻപാണ് ഷാക്കിറയുടെ ജീവിതം ‘മനോരമ’യിലൂടെ
കാസർകോട്– കാഞ്ഞങ്ങാട് മേഖലയിൽ പലരും നടത്തിയ പതിറ്റാണ്ടുകൾ നീണ്ട നിസ്വാർഥ ശ്രമങ്ങൾ എൻഡോസൾഫാൻ ഇരകളുടെ ജീവിതത്തിൽ ചെറുതല്ലാത്ത മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചില വീടുകളിൽ ഞങ്ങൾ കണ്ട അത്തരം വെളിച്ചങ്ങളിലൂടെ... ഷാക്കിറയുടെ സന്തോഷക്കുപ്പി എട്ടുവർഷം മുൻപാണ് ഷാക്കിറയുടെ ജീവിതം ‘മനോരമ’യിലൂടെ
ഷാക്കിറയുടെ സന്തോഷക്കുപ്പി
എട്ടുവർഷം മുൻപാണ് ഷാക്കിറയുടെ ജീവിതം ‘മനോരമ’യിലൂടെ വായിച്ചറിയുന്നത്. സെറിബ്രൽ പാൾസിയും എല്ലുവളയുന്ന രോഗവുമായി ജന്മനാ കിടപ്പുരോഗിയായ അവളുടെ കൈകകളും തലയും മാത്രമേ അനങ്ങുകയുള്ളൂ. കൈവിരലുകളാവട്ടെ ചുരുണ്ടുകൂടി മുറുകിയ നിലയിലും.
അവൾക്ക് ഏഴുവയസ്സുള്ളപ്പോൾ വടകര ആശുപത്രിയിൽനിന്നെത്തിയ ഫിസിയോതെറപ്പിസ്റ്റ് വലംകയ്യിലെ വിരലുകൾ നിവർത്തി വായുഗുളികയുടെ ഒരു കൊച്ചു കുപ്പി വച്ചുകൊടുത്തു. അതവൾക്കിഷ്ടമായി. പതിയെപ്പതിയെ കുപ്പിയുടെ വലുപ്പം കൂട്ടിക്കൊണ്ടുവന്നു. അതനുസരിച്ചു കൈവിരലുകൾ കുറെയൊക്കെ നിവർന്നു.
അതു പാതിവെള്ളം നിറച്ചൊരു വെള്ളക്കുപ്പിയായി മാറി. കുപ്പി ചെരിക്കുകയും നിവർത്തുകയും ചെയ്യുമ്പോൾ സ്ഫടികം പോലെ അതിനകത്തു വെള്ളം തിളങ്ങും. അത് ആവേശമായി. കുപ്പി അവൾ തനിയെ അനക്കിക്കൊണ്ടു കിടക്കും. കൈയ്ക്ക് ഒരനക്കം കിട്ടും. അവൾക്കു ജീവിതത്തിൽ ആദ്യവും അവസാനവുമായി കിട്ടിയ സമ്മാനമെന്നതുപോലെ ആ കുപ്പി അവൾ ഒപ്പം കൂട്ടി, ആറുവർഷം. ആ ജീവിതത്തെക്കുറിച്ച് അന്ന് ‘ഈ പൂക്കളും വിരിയട്ടെ’ പരമ്പരയിൽ മനോരമ എഴുതി.
ഇപ്പോൾ ഷാക്കിറ എന്തുചെയ്യുന്നു എന്നറിയാനാണു ബോവിക്കാനം മാസ്തിക്കുണ്ട് എംകെ ക്വാർട്ടേഴ്സിനടുത്തുള്ള വീട്ടിൽ ഷാഫിയുടെ മകൾ ഷാക്കിറയെ തേടിയെത്തിയത്. അദ്ഭുതമെന്നു പറയട്ടെ, ആദ്യം കണ്ണുടക്കിയത് അവളുടെ കിടക്കയ്ക്കരികിലിരിക്കുന്ന പാതിവെള്ളം നിറഞ്ഞ കുപ്പിയിലാണ്. സന്തോഷം നിറഞ്ഞ മുഖത്താണ്.
അവൾക്ക് 21 വയസ്സായിരിക്കുന്നു. ആ വെള്ളക്കുപ്പിയാണ് അവളുടെ കൂട്ടുകാരി. അതു കയ്യിൽകിട്ടുമ്പോൾ അവൾ ‘ഹാപ്പി’യെന്ന് അമ്മ സമീറ.
എൻഡോസൾഫാൻ ഇരകൾക്കു സർക്കാർ ലഭ്യമാക്കിയ സഹായധനം കിട്ടി. കൂടുതൽ സൗകര്യമുള്ളൊരു വീട്ടിലേക്കു മാറി. അടച്ചിട്ട മുറിയിലല്ല, നല്ല കാറ്റും വെളിച്ചവുമുള്ള വലിയ ഹാളിലാണ് അവളുടെ കട്ടിൽ. കുളിപ്പിച്ചു വൃത്തിയാക്കി കണ്ണെഴുതി പൊട്ടുതൊടീച്ചാണ് സമീറ അവളെ കിടത്തിയിരിക്കുന്നത്.
കലാഭവൻ മണിയുടെ പാട്ടും മാപ്പിളപ്പാട്ടുമൊക്കെ കേട്ടാൽ എത്രനേരം വേണമെങ്കിലും അവൾ ആസ്വദിച്ചു കിടക്കും. സമീറ പാട്ടുവച്ചു. അവളുടെ മുഖം തെളിഞ്ഞു. മണീ, ഇതുമാത്രം പോരേ, നിന്റെ ജന്മം ധന്യമാകാൻ – എന്നു മനസ്സിൽ പറഞ്ഞു.
ഞാൻ ആ കുപ്പിയെടുത്ത് അവളുടെ കൺമുന്നിൽ പിടിച്ച് അനക്കി. അതിനുള്ളിലെ സ്ഫടികത്തുള്ളികൾ കണ്ട് അവൾ ചിരിച്ചു. എനിക്ക് എന്തെന്നില്ലാത്ത സന്തോഷംതോന്നി.
പോകാൻ നേരം യാത്രപറയാൻ ഞാൻ ആ കൈകളിൽ തൊട്ടു. അവൾ എന്റെ വിരലിൽ മുറുകെപ്പിടിച്ചു. എന്നെ മടങ്ങാൻ അനുവദിച്ചില്ല. ഞാൻ അങ്ങനെ നിന്നു, ഏറെനേരം!
റേഷൻ കാർഡിൽ ഇടമില്ല; ആധാറിലും
നിങ്ങൾക്കറിയാമോ, ഷാക്കിറയ്ക്ക് ആധാർ കാർഡില്ല. റേഷൻ കാർഡിൽ പേരില്ല. സർക്കാർ രേഖകൾ ഒന്നുമില്ല. കാരണം എന്താണെന്നോ?
ചുരുണ്ടിരിക്കുന്ന കൈവിരലുകളിൽനിന്ന് വിരലടയാളം പതിച്ചെടുക്കാൻ കഴിയുന്നില്ല. പലതവണ ഉദ്യോഗസ്ഥർ ശ്രമിച്ചു. കൃത്യമായി വിരലടയാളം കിട്ടാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു.
ഇങ്ങനെ തിരിച്ചറിയൽ രേഖകളോ, ‘സർക്കാർ ഹാജർ ബുക്കിൽ’ പേരോ ഇല്ലാത്ത ധാരാളം ഇരകളുണ്ട് ഇവിടെ.
സർക്കാരിന്റെ എൻഡോസൾഫാൻ ഇരകളുടെ പട്ടികയിൽ ഇടംപിടിച്ചവർ 5600 പേരാണ്. ഇടംകിട്ടാത്ത അപേക്ഷകൾ ഇരുപതിനായിരത്തിലേറെയും!
മൂളിയാർ സ്കൂളിലെ തംപ്്സ് അപ്!
ബൗദ്ധിക ഭിന്നശേഷിയുള്ള കുട്ടികളിൽ ഒരാൾ മതി, ചുറ്റുമുള്ള ഇരുട്ടു നീക്കി പ്രകാശം പരത്താൻ. എൻഡോസൾഫാൻ ദുരിതബാധിതരായ 71 പേർക്ക് ആനന്ദവും ആശ്രയവുമായ മൂളിയാർ ബഡ്സ് സ്കൂളിലേക്കു ഞാനെത്തുമ്പോൾ എന്നെ സ്വീകരിച്ചത് അത്തരമൊരു വെളിച്ചമാണ്. ഷെസ ഫാത്തിമ.
ആരുവന്നാലും അവരുടെ നേരെ നിഷ്കളങ്കമായി ചിരിച്ച് വലതുകൈവിരലുകൾ ചുരുട്ടിപ്പിടിച്ച് തള്ളവിരൽ ഉയർത്തിക്കാട്ടി തംപ്സ് അപ് അടിക്കും.
അതു വെറുതേ കാണിക്കുക മാത്രമല്ല, ചെല്ലുന്ന നമ്മൾ തിരികെ തംപ്സ് അപ്പടിച്ച് അവളുടെ കയ്യിൽ മുട്ടിക്കണം. അത്ര മതി അവൾക്കു സ്വർഗം കിട്ടിയ പ്രതീതിയാണ്.
മൂളിയാർ ബഡ്സ് സ്കൂളിലെ 3 സ്പെഷൽ ടീച്ചർമാർ, ആയമാർ, ഡ്രൈവർ, സെക്യൂരിറ്റി ഇവരെല്ലാം ഒരേ മനസ്സോടെ കുട്ടികൾക്കായി ജോലി ചെയ്യുന്നു. അതിന്റെ പ്രകാശമുണ്ട് അവിടെ. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ അനുവദിച്ച സെൻസറി റൂമിന്റെ ഒരുക്കം പൂർത്തിയായി വരുന്നു. തെറപ്പിസ്റ്റ് ഇല്ലാത്ത പ്രശ്നം കഴിഞ്ഞ ദിവസം കലക്ടറേറ്റിലെ യോഗത്തിൽ ഉന്നയിക്കപ്പെട്ടു. ജൂൺ മുതൽ തെറപ്പിസ്റ്റ് ഉണ്ടാകും.
റജിസ്റ്ററിൽ പേരുള്ള 71 പേരിൽ 45 പേരെങ്കിലും ദിവസവും ഈ ബഡ്സ് സ്കൂളിലെത്തുന്നുണ്ടെന്ന് അധ്യാപകർ പറഞ്ഞു. അത്രയും ആശ്വാസം.
പോരാനായി അവിടെ നിന്നിറങ്ങുമ്പോൾ ഷെസ ഫാത്തിമ വീണ്ടും തംസ് അപ്പുമായി ഓടിവന്നു. പിന്നെ, ചെരിപ്പിട്ട് ഞങ്ങളുടെ കൂടെ വരാനിറങ്ങി. അധ്യാപകർ അവളെ തടഞ്ഞു. അല്ലാതെന്തു ചെയ്യാൻ. വരാൻ കഴിയില്ലെന്നറിഞ്ഞപ്പോൾ അവളുടെ ചിരി മാഞ്ഞു. ശബ്ദമില്ലാതെ വായപൊളിച്ചു കരഞ്ഞുതുടങ്ങി. അതൊരു നൊമ്പരമായി. പക്ഷേ, അടുത്തനിമിഷം അവൾ ആ പ്രകാശം തിരിച്ചുപിടിക്കും. മറ്റൊരാളുടെ നേരെ സന്തോഷത്തിന്റെ പൂച്ചെണ്ടു നീട്ടുമ്പോലെ അവളുടെ ‘തംപ്സ് അപ്’ നീളും.
അത്തരം പ്രതീക്ഷകളാണ് ഈ ലോകത്തെ കൊച്ചുകൊച്ചു സന്തോഷങ്ങൾ.
‘പെരിയ സ്നേഹത്തിന്റെ’ കൂട്
‘മനോരമ’ 2016ൽ ഈ പൂക്കളും വിരിയട്ടെ എന്ന പരമ്പരയെത്തുടർന്നു രൂപപ്പെടുത്തിയ പദ്ധതിയാണ് പെരിയയിലെ ബഡ്സ് സ്കൂളിനെ സ്നേഹക്കൂട് എന്ന പേരിൽ രാജ്യാന്തര രീതിയിലേക്കു മാറ്റുക എന്നത്. മനോരമയും വായനക്കാരും കൈകോർത്തതോടെ ലഭിച്ച ഫണ്ട് ഉപയോഗിച്ച് സെൻസറി മുറികൾ, ഫിസിയോതെറപ്പി സെന്റർ, ഒക്യുപേഷൻ തെറപ്പി സെന്റർ, വായുസഞ്ചാരവും വെളിച്ചവുമുള്ള തുറന്ന മുറികൾ, ശലഭങ്ങളും കിളികളുമെത്തുന്ന നടുത്തളം ഇവയെല്ലാമുള്ള കേന്ദ്രമാക്കി ഈ ബഡ്സ് സ്കൂളിനെ മാറ്റി. എൻഡോസൾഫാൻ സെൽ നോഡൽ ഓഫിസറായിരുന്ന ഡോ. മുഹമ്മദ് അഷീൽ, ആർക്കിടെക്ടും പത്മശ്രീ ജേതാവുമായ ജി.ശങ്കർ എന്നിവർ ചേർന്നാണിതു രൂപകൽപന ചെയ്തത്.
വീടുകളിൽ കുടുങ്ങിപ്പോയ കുഞ്ഞുങ്ങളെ ബഡ്സ് സ്കൂളുകളിലെത്തിക്കാൻ 7 സ്നേഹവാഹനങ്ങൾ നൽകി. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് എളുപ്പത്തിൽ കയറാനും സൗകര്യപ്രകാരം ഇരിക്കാനും മറ്റും കഴിയുന്നവിധം പ്രത്യേകം രൂപകൽപന ചെയ്തെടുത്ത വാഹനങ്ങൾ. കുട്ടികളെ സ്കൂളിലെത്തിക്കുന്ന അമ്മമാർക്കു ജോലിചെയ്തു വരുമാനമുണ്ടാക്കാൻ കുടുംബശ്രീയുമായി ചേർന്നുള്ള തൊഴിൽകേന്ദ്രം ഇവയുമുണ്ടായി.
പെരിയ സ്നേഹക്കൂട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പതിവു ബഡ്സ് സ്കൂളുകളിൽനിന്നു വ്യത്യസ്തമായി രൂപപ്പെട്ട ഈ സ്നേഹക്കൂട് വളരെ പോസിറ്റീവ് ആയ മാറ്റം ഇവിടത്തെ കുട്ടികളിലും മാതാപിതാക്കളിലുമുണ്ടാക്കിയിട്ടുണ്ട്.
സെൻസസിൽ കാണപ്പെടാത്തവർ
ഇന്ത്യയിൽ ഭിന്നശേഷി സെൻസസ് നടന്നിട്ട് വർഷം ഏഴ്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ജനസംഖ്യയുടെ 15% ആളുകൾ ഭിന്നശേഷിക്കാരാണ്. സർക്കാരിന്റെ കണക്കുപ്രകാരമാകട്ടെ ഇന്ത്യയിൽ വെറും 2.2 ശതമാനവും.
ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് കേരളത്തിൽ 50 ലക്ഷത്തോളം ഭിന്നശേഷിക്കാരുണ്ടാവും. കേരളം 2015ൽ നടത്തിയ സെൻസസിൽ മൂന്നു ലക്ഷം പേരേ ഉൾപ്പെട്ടിട്ടുള്ളൂ. ഈ കണക്ക് സൂചിപ്പിക്കുന്നത് ഭിന്നശേഷിപ്പട്ടികയിൽപോലും പെടാതെ ലക്ഷണക്കണക്കിനുപേർ പുറത്തുണ്ടെന്നാണ്. – ദി ഇൻവിസിബിൾ മജോറിറ്റി!
കൃത്യമായ സെൻസസ് നടത്തി വ്യക്തമായ കണക്കെടുത്താൽ മാത്രമേ ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനും ചികിത്സയ്ക്കും വേണ്ട ഫണ്ട് എത്രയെന്നു കണ്ടെത്താൻ കഴിയൂ. നമ്മുടെ വീട്ടിലും ഒരു ഭിന്നശേഷി വ്യക്തി എപ്പോൾ വേണമെങ്കിലും പിറക്കാമെന്ന ജാഗ്രതയുണ്ടാകൂ.
അതിനാൽ ഒരു ഭിന്നശേഷി സെൻസസ് ഉടൻ നടത്തണമെന്നാണു സർക്കാരുകളോടു പറയാനുള്ളത്.
കണക്കില്ലാത്തവിധം ഭിന്നശേഷിക്കാർ വർധിച്ചുവരുന്ന ഒരു കാലത്താണു നമ്മൾ. ദ് റൈറ്റ്സ് ഓഫ് പഴ്സൻസ് വിത്ത് ഡിസബിലിറ്റീസ് ആക്ട് (2016) പ്രകാരം 21 ഇനം ഭിന്നശേഷിക്കാരുണ്ട്. കാഴ്ചയില്ലാത്തവർ മുതൽ ഓട്ടിസമുള്ളവർ വരെ. കുട്ടികളിലെ സ്മാർട് ഫോൺ അടിമത്തം മൂലം രൂപപ്പെടുന്ന ‘വെർച്വൽ ഓട്ടിസം’ പോലുള്ള പുതിയ അവസ്ഥകൾ വേറെയും.
കാത്തിരിപ്പുണ്ട്, ഒരു വീൽചെയർ
ആയുസ്സ് പരമാവധി നീട്ടിക്കിട്ടുക എന്നതാണ് മനുഷ്യസ്വപ്നം. അങ്ങനെ കിട്ടിയാൽ നമ്മൾ എല്ലാവരും ജീവിതത്തിന്റെ അറ്റത്ത് ഒരു ‘ഭിന്നശേഷിക്കാരൻ’ ആകും. ഒരു ഊന്നുവടി, കൈത്താങ്ങ്, തലഭാഗം ഉയർത്തിവയ്ക്കാന്നൊരു കട്ടിൽ... അല്ലെങ്കിൽ ഒരു വീൽചെയർ. അത് ഒഴിവാക്കാൻ മായാജാലങ്ങളില്ല. സമൂഹം ഭിന്നശേഷിസൗഹൃദമായേ തീരൂ; സർക്കാരും.
സ്വീകരിക്കാം, രാജ്യാന്തര മാതൃകകൾ
∙ അമ്മയിൽനിന്നു വേർപെടുത്തൽ
ന്യൂയോർക്കിലെ അഡൾഫ് സർവകലാശാലയിലെ പ്രഫ.സ്റ്റീവൻ ഷോർ ആണ് ഓട്ടിസമുള്ളവരുടെ പുനരധിവാസത്തിൽ ലോകത്തെ ഏറ്റവും മികച്ച പരിശീലകൻ. അദ്ദേഹത്തിന്റെ 3 ദിവസത്തെ ക്ലാസിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. ഇത്തരം കുട്ടികളെ നോക്കാൻ അമ്മമാരെ പരിശീലിപ്പിക്കുകയും അമ്മയുടെ ജീവിതത്തെ കുട്ടിയുടെ ചുറ്റും തളച്ചിടുകയും ചെയ്യുന്ന നമ്മുടെ നാട്ടിലെ രീതിയല്ല അദ്ദേഹം നടപ്പാക്കുന്നത്. ഡിറ്റാച്ചിങ് ദ് പേരന്റ്സ് – കുട്ടിയെ അമ്മയിൽനിന്നു മാറ്റുക. സ്വന്തം കാര്യങ്ങൾ തനിയെ ചെയ്യാൻ തെറപ്പികളിലൂടെ പരിശീലിപ്പിക്കുക, മികവുള്ള മേഖല കണ്ടെത്തി വരുമാനം കണ്ടെത്താൻ പര്യാപ്തരാക്കുക.
‘എന്റെ കാലത്തിനുശേഷം മകളുടെ കാര്യം എന്താകും സാറേ?’ കാസർകോട്ടെ അമ്മമാരിൽനിന്നു ഞാൻ ഏറ്റവും കൂടുതൽ കേട്ട ചോദ്യമാണിത്. അതിന് എനിക്കുകിട്ടിയ ഉത്തരമാണ് സ്റ്റീവൻ ഷോറിന്റെ മാതൃക.
∙ യന്ത്രം കൂട്ടാകണം
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രത്തിനു കരുത്തായത് ഓർക്കുന്നുണ്ടാവും. ഈ ശൈലിയാണ് സ്റ്റാൻഫഡ് സർവകലാശാലയിൽനിന്നു നാം പഠിക്കേണ്ടത്. ഓരോരുത്തരുടെയും പോരായ്മകൾക്ക് അനുസരിച്ചു തയാറാക്കുന്ന (കസ്റ്റമൈസ്ഡ്) യന്ത്രങ്ങൾ.
സ്റ്റീഫൻ ഹോക്കിങ്ങിനു ചക്രക്കസേരയിൽ ഇരുന്ന് ഒരു വിരൽകൊണ്ട് ലോകത്തിന്റെ നെറുകയിലെത്താൻ കഴിഞ്ഞെങ്കിൽ അതിനുകാരണം നാമ നാച്മാൻ എന്ന ഇന്റൽ ശാസ്ത്രജ്ഞയാണ്. കണ്ണുമാത്രം ചലിക്കുന്നയാൾക്ക് യന്ത്രക്കസേരയിൽ മുന്നിലുള്ള സ്ക്രീനിൽ ശുചിമുറിയുടെ ഐക്കണിലേക്കു നോക്കിയാൽ മതി. കസേര ശുചിമുറിയിലേക്കു തനിയെ സഞ്ചരിക്കുന്ന സംവിധാനംവരെ വന്നുകഴിഞ്ഞു.
∙ എക്സ്ക്ലൂസീവ് എജ്യുക്കേഷൻ
ജപ്പാനിൽ ഞാൻ കണ്ട മാതൃക. ഭിന്നശേഷിക്കാരെ സാധാരണ സ്കൂളുകളിൽ പഠിപ്പിക്കുന്ന നമ്മുടെ ‘ഇൻക്ലൂസീവ് എജ്യുക്കേഷൻ’ രീതിയുടെ നേരെ എതിർവശം.
നല്ല ഉദ്ദേശ്യത്തോടെ നമ്മൾ നടപ്പാക്കിയ ഇൻക്ലൂസീവ് എജ്യുക്കേഷൻ ഭിന്നശേഷിക്കുട്ടികൾക്കും അല്ലാത്ത കുട്ടികൾക്കും ദോഷം ചെയ്യുന്നുണ്ട്. സാധാരണ കുട്ടികളെ പഠിപ്പിക്കുന്നതു ഭിന്നശേഷി കുട്ടികൾക്കു മനസ്സിലാക്കാൻ കഴിയില്ല. അവരുടെ അസ്വസ്ഥതകൾ മൂലം ക്ലാസ് അലങ്കോലമാകുകയും ചെയ്യും. സ്പെഷൽ സ്കൂൾ അധ്യാപകപരിശീലനം നേടാത്ത അധ്യാപകർ കഷ്ടപ്പെടും.
ജപ്പാനിൽ ഓരോരുത്തർക്കും ഓരോ അധ്യാപകർ എന്നതാണു രീതി. അതിനു ‘സ്പെഷൽ എജ്യുക്കേറ്റർ’ കോഴ്സിൽ ധാരാളം പേരെ പഠിപ്പിച്ചിറക്കുന്നു. അവർ കുട്ടികളുടെ മികവിന്റെ മേഖല കണ്ടെത്തുന്നു. അതിൽ ജോലിസാധ്യത കണ്ടെത്തി വരുമാനവും ഉറപ്പാക്കുന്നു. ‘എക് സ്ക്ലൂസീവ് എജ്യുക്കേഷൻ, ഇൻക്ലൂസീവ് സൊസൈറ്റി’ എന്നതാണ് ജപ്പാന്റെ തത്വം. നമ്മൾക്കിതു നേരെ തലതിരിഞ്ഞു പോയിരിക്കുന്നു.
ചെയ്യാം, ചിലത്
∙ ഭിന്നശേഷിക്കാരുടെ എണ്ണം കൂടി വരുന്നു. രാജ്യാന്തരമാതൃകകൾ ഏകോപിപ്പിച്ചുള്ളതും കുട്ടികളെ സ്വന്തമായി ജീവിക്കാൻ സ്വായത്തമാക്കുന്നതും അമ്മമാർക്കു തൊഴിൽ പുനരധിവാസം ഉറപ്പാക്കുന്നതുമായ കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും സർക്കാർ–സ്വകാര്യ പങ്കാളിത്തത്തിൽ തുടങ്ങണം.
∙ എൻഡോസൾഫാൻ ഇരകൾക്കു ദേശീയ ആരോഗ്യദൗത്യം പദ്ധതിയിലൂടെ ലഭ്യമായിരുന്ന മരുന്നും ചികിത്സയും പുനഃസ്ഥാപിക്കാൻ സർക്കാർതല നടപടി വേണം.
∙ ഭിന്നശേഷിക്കാരുടെ കലാമികവ് അദ്ഭുതകരമാണ്. അവർക്കായി കലോത്സവം നടത്തുന്നെങ്കിലും ശ്രദ്ധനേടുന്നില്ല. ഈ കലോത്സവം സംസ്ഥാന സ്കൂൾ കലോത്സവത്തിനൊപ്പം നടത്തുന്നത് സമൂഹത്തിൽ ഭിന്നശേഷി സൗഹൃദകാഴ്ചപ്പാടുണ്ടാകാൻ ഗുണം ചെയ്യും.
∙ കേരളത്തിലെ ഭിന്നശേഷിക്കാരുടെ സെൻസസ് നടത്തി എണ്ണം കണ്ടുപിടിച്ച് അതനുസരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യണം.
English Summary : Write up about life changes of endosulfan victims