സർക്കാർ കാര്യസ്ഥനായാൽ മതി, കച്ചവടക്കാരനാകേണ്ട
കേരള സർക്കാർ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ദുഃഖസത്യം നമുക്കെല്ലാം അറിയാം. ബാധ്യതകൾ സമയത്തു കൊടുത്തുതീർക്കാനാകാത്തതിനാൽ സർക്കാർ പാപ്പരായിക്കഴിഞ്ഞെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഇങ്ങനെയൊരവസ്ഥ മുൻപെങ്ങും ഉണ്ടായിട്ടില്ല. ചെയ്യേണ്ടതൊന്നും ചെയ്യാൻ കഴിവില്ലെങ്കിൽപോലും സംസ്ഥാന സർക്കാരുകൾക്ക് അധികാരത്തിൽ തുടരാൻ തടസ്സമില്ല എന്ന അപൂർവ ആനുകൂല്യമുള്ളതുകൊണ്ടു മാത്രമാണു കേരള സർക്കാർ ഇപ്പോഴും തുടരുന്നത്!
കേരള സർക്കാർ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ദുഃഖസത്യം നമുക്കെല്ലാം അറിയാം. ബാധ്യതകൾ സമയത്തു കൊടുത്തുതീർക്കാനാകാത്തതിനാൽ സർക്കാർ പാപ്പരായിക്കഴിഞ്ഞെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഇങ്ങനെയൊരവസ്ഥ മുൻപെങ്ങും ഉണ്ടായിട്ടില്ല. ചെയ്യേണ്ടതൊന്നും ചെയ്യാൻ കഴിവില്ലെങ്കിൽപോലും സംസ്ഥാന സർക്കാരുകൾക്ക് അധികാരത്തിൽ തുടരാൻ തടസ്സമില്ല എന്ന അപൂർവ ആനുകൂല്യമുള്ളതുകൊണ്ടു മാത്രമാണു കേരള സർക്കാർ ഇപ്പോഴും തുടരുന്നത്!
കേരള സർക്കാർ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ദുഃഖസത്യം നമുക്കെല്ലാം അറിയാം. ബാധ്യതകൾ സമയത്തു കൊടുത്തുതീർക്കാനാകാത്തതിനാൽ സർക്കാർ പാപ്പരായിക്കഴിഞ്ഞെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഇങ്ങനെയൊരവസ്ഥ മുൻപെങ്ങും ഉണ്ടായിട്ടില്ല. ചെയ്യേണ്ടതൊന്നും ചെയ്യാൻ കഴിവില്ലെങ്കിൽപോലും സംസ്ഥാന സർക്കാരുകൾക്ക് അധികാരത്തിൽ തുടരാൻ തടസ്സമില്ല എന്ന അപൂർവ ആനുകൂല്യമുള്ളതുകൊണ്ടു മാത്രമാണു കേരള സർക്കാർ ഇപ്പോഴും തുടരുന്നത്!
കേരള സർക്കാർ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ദുഃഖസത്യം നമുക്കെല്ലാം അറിയാം. ബാധ്യതകൾ സമയത്തു കൊടുത്തുതീർക്കാനാകാത്തതിനാൽ സർക്കാർ പാപ്പരായിക്കഴിഞ്ഞെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഇങ്ങനെയൊരവസ്ഥ മുൻപെങ്ങും ഉണ്ടായിട്ടില്ല. ചെയ്യേണ്ടതൊന്നും ചെയ്യാൻ കഴിവില്ലെങ്കിൽപോലും സംസ്ഥാന സർക്കാരുകൾക്ക് അധികാരത്തിൽ തുടരാൻ തടസ്സമില്ല എന്ന അപൂർവ ആനുകൂല്യമുള്ളതുകൊണ്ടു മാത്രമാണു കേരള സർക്കാർ ഇപ്പോഴും തുടരുന്നത്!
ഈ നിലയിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്കു കേരളം എത്തിപ്പെട്ടത് എങ്ങനെയാണ്? മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയാണു കേരളം ഭരിച്ചിരുന്നതെങ്കിൽ സ്ഥിതിയിൽ വ്യത്യാസമുണ്ടാകുമായിരുന്നോ? തീർച്ചയായും, ഒരു വ്യത്യാസവും ഉണ്ടാകില്ല. മൂന്നു പതിറ്റാണ്ടിനിടെ സംസ്ഥാനം ഭരിച്ച എല്ലാ സർക്കാരുകളുടെ കാലത്തും നടന്നതുപോലെ കേരളത്തിന്റെ സാമ്പത്തികാരോഗ്യം ശോഷിച്ചു കൊണ്ടിരിക്കുകതന്നെ ചെയ്യും. അതിന്റെ രീതികളിൽ വ്യത്യാസമുണ്ടാകാമെന്നു മാത്രം.
രാഷ്ട്രീയപാർട്ടികൾ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ഈ വിഷയം അനന്തമായി ചർച്ചചെയ്തുകൊണ്ടിരിക്കും. ഒരു പ്രയോജനവുമില്ലാത്ത ചർച്ചകൾ. നമ്മൾ അഭിമുഖീകരിക്കുന്നതൊരു അടിസ്ഥാനപ്രശ്നമാണ്. കൂടുതൽ ആഴത്തിലുള്ളത്. എല്ലാവരും പറയുന്ന പോലുള്ള പതിവു ചെലവുചുരുക്കൽ പരിപാടികൾകൊണ്ടൊന്നും അതു പരിഹരിക്കാനാവില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ മാത്രമാണു നമ്മൾ കാണുന്നത്. അതിന്റെ അടിസ്ഥാനകാരണം കാണുന്നില്ല. നമ്മൾ ഉണ്ടാക്കിവച്ചിരിക്കുന്ന സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ കഷ്ടസ്ഥിതി നമ്മുടെ ചിന്താഗതിയുടെ തന്നെ ഉൽപന്നമാണ്. അതു മാറ്റണമെന്നു നമുക്ക് ആഗ്രഹമുണ്ടെങ്കിൽ നാം നമ്മുടെ ചിന്താഗതിതന്നെ മാറ്റേണ്ടതുണ്ട്.
കമ്പനി നടത്തലല്ല സർക്കാരിന്റെ പണി
ആരോഗ്യമുള്ള സർക്കാരുകൾക്കു ശമ്പളവും പെൻഷനും അടക്കമുള്ള നിത്യനിദാനച്ചെലവുകൾക്കും നാടിന്റെ വികസനത്തിനാവശ്യമായ മൂലധന നിക്ഷേപത്തിനും ആവശ്യമായ നികുതി വരുമാനം സ്വന്തമായി ഉണ്ടായിരിക്കും. നികുതി വരുമാനം കൂടുന്തോറും സർക്കാരിന്റെ സാമ്പത്തികാരോഗ്യവും കൂടും. ലാഭകരമായ സംരംഭങ്ങളും ഉയർന്ന വേതനമുള്ള തൊഴിലുകളും നാട്ടിലുണ്ടാകുമ്പോഴാണു നികുതി വരുമാനവും നികുതി വരുമാനത്തിന്റെ ഗുണനിലവാരവും ഉയരുക. സർക്കാരിന്റെ ചെലവിനു പണം കണ്ടെത്താൻ യുക്തിരഹിതമായി നികുതി വർധിപ്പിച്ചു വരുമാനം കൂട്ടുകയെന്ന അറ്റകൈപ്രയോഗം സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ സഹായിക്കുകയല്ല, സാമ്പത്തിക വളർച്ചയെ തടയുകയാണു ചെയ്യുക. എന്നു മാത്രമല്ല, നികുതി കുറയ്ക്കുമ്പോഴാണു സാമ്പത്തിക വളർച്ചയിൽ കുതിപ്പുണ്ടാകുന്നതും. കാരണം, നികുതി കുറയുമ്പോൾ നിക്ഷേപങ്ങൾ വർധിക്കും. ജനങ്ങൾ വിപണിയിൽ കൂടുതൽ പണം ചെലവഴിക്കാൻ തയാറാവുകയും ചെയ്യും.
ബന്ധപ്പെട്ട വിപണിയിൽ ആധിപത്യവും ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിൽ സർക്കാരിനു കുത്തകാവകാശവും ഇല്ലാത്തിടത്തോളം നമ്മുടെ നാട്ടിൽ പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ തന്നെയായിരിക്കും; ചുരുക്കം ചില അപവാദങ്ങൾ ഉണ്ടായേക്കാമെങ്കിലും. അങ്ങനെയായാൽപോലും ജനത്തെ സംബന്ധിച്ച് അതു ഹാനികരം തന്നെ.
ഇന്നത്തെ സാഹചര്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്തിനു സാമ്പത്തികബാധ്യത മാത്രമല്ല, വിപുലമായ അവസരനഷ്ടത്തിന്റെ കാരണം കൂടിയാണ്. ലാഭമുണ്ടാക്കാൻ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ സർക്കാരുകൾ ശ്രമിച്ചുകൂടാ. ആളുകൾക്കു തൊഴിൽ നൽകാൻ മാത്രമായി സർക്കാരുകൾ വ്യാപാരമോ വ്യവസായമോ നടത്താനും പാടില്ല. അത് ഒരു സർക്കാരിനും പറ്റുന്ന പണിയല്ല. കെഎസ്ആർടിസി, കെഎസ്ഇബി, സ്വകാര്യവൽക്കരണത്തിനു മുൻപത്തെ എയർ ഇന്ത്യ എന്നിവയും നഷ്ടത്തിലോടുന്ന നൂറുകണക്കിനു പൊതുമേഖലാ സ്ഥാപനങ്ങളും ഉദാഹരണം. മറിച്ച്, ലാഭകരമായി വ്യവസായം നടത്താൻ നിക്ഷേപകരെ ആകർഷിക്കുകയാണു സർക്കാർ ചെയ്യേണ്ടത്.
ഉയർന്ന വേതനമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും വേണം. അതാണു നികുതി വരുമാനം വർധിപ്പിക്കാനുള്ള ശരിയായ മാർഗം.
സംരംഭകരായ വ്യക്തികളിലാണു രാജ്യത്തിന്റെ ഭാവി. സ്വകാര്യ സംരംഭകരെ കഴിയുന്നത്ര പ്രോത്സാഹിപ്പിച്ചും സഹായിച്ചും ആ അവസരം പരമാവധി വിനിയോഗിക്കാൻ നമ്മൾ ശ്രമിക്കണം. ആകർഷകങ്ങളായ സംരംഭങ്ങളും തൊഴിലവസരങ്ങളുമായി നാട്ടിലെ മികച്ച പ്രതിഭകളെ ഇവിടെത്തന്നെ പിടിച്ചുനിർത്തുകയാണ് മുന്നേറിക്കൊണ്ടിരിക്കുന്നൊരു രാജ്യം ചെയ്യേണ്ടത്.
വിജയകരമായ സംരംഭങ്ങൾ നാട്ടിൽത്തന്നെ ഒരുക്കിയെടുത്തുകൊണ്ടു വേണം അനാരോഗ്യകരമായ വിദേശ കുടിയേറ്റത്തെയും മസ്തിഷ്കച്ചോർച്ചയെയും നേരിടാൻ. സേവനമേഖലകൾ സർക്കാരിനു കീഴിൽത്തന്നെ ആയിരിക്കണം. പക്ഷേ, കഴിയുന്നിടത്തോളം അവയുടെ നിർവഹണം സ്വകാര്യ സംരംഭകരെ ഏൽപിക്കണം; പാസ്പോർട്ട് സേവനങ്ങൾ ടാറ്റ കൺസൽറ്റൻസി സർവീസിനെ (ടിസിഎസ്) ഏൽപിച്ചപോലെ.
ചുരുക്കത്തിൽ, കേരളത്തിന്റെ സാമ്പത്തികാരോഗ്യം നന്നാവണമെന്നുണ്ടെങ്കിൽ സർക്കാർ ഒരുപാടു കാര്യങ്ങൾ ചെയ്യരുത്, ചെയ്യുന്നതു നന്നായി ചെയ്യുക.
യാഥാർഥ്യങ്ങൾ കണ്ണുതുറന്ന് കാണുക
സാമ്പത്തിക അഭിവൃദ്ധിയുടെ തത്വങ്ങൾ ഇതൊക്കെയാണെന്നിരിക്കെ, കേരളത്തിലെ ഇന്നത്തെ യാഥാർഥ്യങ്ങളിലേക്കു നമുക്കൊന്നു കണ്ണോടിക്കാം.
സംരംഭകവിരുദ്ധ വികാരം: തദ്ദേശ ഭരണകൂടങ്ങളും അവയെ നിയന്ത്രിക്കുന്ന രാഷ്ട്രീയപാർട്ടികളും വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോ അൽപംപോലും ഉത്തരവാദിത്തം കാണിക്കാറില്ല. അതെല്ലാം അവരുടെ ഉത്തരവാദിത്തമായി ആരും കണക്കാക്കുന്നുമില്ല. ലാഭകരമായ സംരംഭങ്ങളും ഉയർന്ന വേതനമുള്ള തൊഴിലവസരങ്ങളും ഒരുക്കുന്നതിന് ഇതു തടസ്സമാകുന്നു. അതു മൂലം നികുതി വരുമാനം വറ്റിവരണ്ട് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടുന്നു.
പൊതുമേഖലാ മനസ്സ്: അർഥവത്തായ തൊഴിലവസരങ്ങളൊന്നും സൃഷ്ടിക്കാത്ത പൊതുമേഖലാ സംരംഭങ്ങളിലാണു കേരളത്തിലെ രാഷ്ട്രീയക്കാർക്കു കൂടുതൽ താൽപര്യം. പൊതുമേഖലാ സ്ഥാപനങ്ങൾ, വാണിജ്യ–വ്യവസായ മേഖലകളുടെ വികസനത്തിനെന്ന പേരിൽ രൂപീകരിക്കപ്പെട്ട അസംഖ്യം കോർപറേഷനുകൾ എന്നിവ ഉദാഹരണം. സംസ്ഥാനത്തിന്റെ സാമ്പത്തികഭാരം വർധിപ്പിക്കുന്ന പാഴ്ച്ചെലവുകൾ മാത്രമാണവ.
നഷ്ടപ്പെട്ട അവസരങ്ങൾ: ഐടി, ആരോഗ്യരംഗം, ടൂറിസം, ഉന്നതനിലവാരത്തിലുള്ള ഉൽപന്നങ്ങളുടെ നിർമാണം, ചില്ലറ വ്യാപാരം തുടങ്ങി ഒട്ടേറെ മേഖലകളിൽ മുൻനിരയിലെത്താനുള്ള ശേഷി കേരളത്തിനുണ്ട്. പക്ഷേ, ആ ശേഷി വിനിയോഗിക്കാൻ നമുക്കു കഴിയുന്നില്ല. കഴിഞ്ഞവർഷം ചരക്ക്–സേവന ഇനത്തിൽ കേരളത്തിന്റെ സംസ്ഥാനാന്തര വാണിജ്യക്കമ്മി ഒരു ലക്ഷം കോടിയിലേറെയായിരുന്നു.
അനാരോഗ്യകരമായ കുടിയേറ്റം: മികച്ച പ്രതിഭയും നൈപുണ്യവുമുള്ള യുവാക്കൾ ഇവിടെയുണ്ട്. പക്ഷേ, ഇവിടെ അവസരങ്ങളില്ലെന്നു കണ്ട് അവർ കൂട്ടത്തോടെ നാടുവിടുന്നു.
മൂലധന വരവിന്റെയും നിക്ഷേപത്തിന്റെയും അഭാവം: നിക്ഷേപങ്ങൾക്ക് അത്ര യോജിച്ച പ്രദേശമെന്ന ഖ്യാതി കേരളത്തിനില്ല. ഇവിടേക്ക് എത്തുന്ന തുച്ഛമായ മൂലധന പ്രവാഹം തന്നെ അതിനു തെളിവ് (കഴിഞ്ഞ മൂന്നു വർഷവും അത് 0.5 ശതമാനത്തിൽ താഴെയായിരുന്നു). മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മികച്ച മൂലധനം ആവശ്യമാണ്.
ചിന്താഗതിക്കൊപ്പം മാറണം, മാതൃകയും
കേരളത്തിന്റെ ശേഷിയും നൈപുണ്യവും പൂർണമായി വിനിയോഗിക്കണമെങ്കിൽ ചിന്താഗതി മാറ്റത്തിനൊപ്പം താഴെപ്പറയുന്ന കാര്യങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ട്.
കച്ചവടത്തിൽനിന്നു സർക്കാർ വിട്ടുനിൽക്കുക: സർക്കാർ സ്വന്തമായി വാണിജ്യ–വ്യവസായ സ്ഥാപനങ്ങൾ നടത്തുന്നത് അവസാനിപ്പിക്കുക. ക്രമസമാധാനം, പ്രാഥമിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യരക്ഷ, അടിസ്ഥാന സൗകര്യമൊരുക്കൽ, ജനക്ഷേമം തുടങ്ങി സർക്കാരിനു മാത്രം ചെയ്യാനാവുന്ന മേഖലകളിലേക്കു സർക്കാരിന്റെ പ്രവർത്തനം ഒതുക്കുക. “government has no business to be in business” എന്ന വാക്യം ഓർമിക്കുക.
ലാഭമുണ്ടാക്കാൻ കഴിവുള്ള വ്യവസായങ്ങളെ സഹായിക്കുക: ലാഭകരമായ സംരംഭങ്ങളും ഉയർന്ന വേതനമുള്ള തൊഴിലുകളും സൃഷ്ടിക്കാൻ സൗകര്യം ചെയ്തു കൊടുക്കുക എന്നതായിരിക്കണം ഭരണത്തിന്റെ എല്ലാ തലങ്ങളിലും സർക്കാരിന്റെ പ്രഥമലക്ഷ്യം. സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തപ്പെടേണ്ടതും അതിന്റെ അടിസ്ഥാനത്തിലായിരിക്കണം.
ജനസേവന മാതൃകയിലും മാറ്റം വേണം:: ‘ഉടമസ്ഥത സർക്കാരിന്, നിർവഹണം സ്വകാര്യമേഖലയ്ക്ക്’, ‘സർക്കാരിന്റെ നിയമങ്ങൾ, സ്വകാര്യമേഖലയുടെ മേൽനോട്ടം’ തുടങ്ങിയവ നമുക്കു മാതൃകാവാക്യങ്ങളാക്കാം. വിശ്വാസ്യതയും സൽപേരുമുള്ള സ്വകാര്യ സംരംഭകരെ നിർവഹണച്ചുമതല ഏൽപിക്കുന്നതു സേവനങ്ങളുടെ നിലവാരവും ഫലപ്രാപ്തിയും വർധിപ്പിക്കുക മാത്രമല്ല, അഴിമതി കുറയ്ക്കുകയും ചെയ്യും.
കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ചില നിർദേശങ്ങൾ
ഈ ഭൂമിയിൽ ‘ജീവിക്കാനും തൊഴിലെടുക്കാനുമുള്ള ഏറ്റവും നല്ല സ്ഥലമായി മാറുക’ എന്ന കേരളത്തിന്റെ ലക്ഷ്യം യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ആരംഭിക്കണം. ജനങ്ങളുടെ അഭിവൃദ്ധിക്കും വികസനത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട മൂന്നു വിഷയങ്ങളിൽ മുൻഗണനയും ശ്രദ്ധയും കേന്ദ്രീകരിച്ചാൽ ഇതു സാധ്യമാകും.
1. ശുചിത്വ കേരളം
മാലിന്യ സംസ്കരണവും പരിസര ശുചിത്വവും. പുഴകളും കായലുകളും വൃത്തിയാക്കുക. അങ്ങനെ വൃത്തിയുള്ള അന്തരീക്ഷം സൃഷ്ടിക്കുക.
2. സുരക്ഷിത കേരളം
സുരക്ഷിതവും ഫലപ്രദവുമായ ഗതാഗതത്തിനുതകുന്ന അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷിതമായ കുടിവെള്ളം, സുരക്ഷിതമായ ആഹാരം, പ്രകൃതിദുരന്തങ്ങളിൽ നിന്നുള്ള സംരക്ഷണം.
യാത്രാസൗകര്യങ്ങളുടെ കാര്യത്തിൽ, പ്രത്യേകിച്ച് നഗരങ്ങൾക്കിടയിലെ യാത്രയുടെ കാര്യത്തിൽ, ദയനീയമാണു കേരളത്തിലെ സ്ഥിതി. ഗതാഗതമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ കേരളത്തിന്റെ സ്തംഭനാവസ്ഥ തുടരും.
3. ഡിജിറ്റൽ കേരളം
ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ഇക്കാലത്ത്, വിജ്ഞാനത്തിൽ അധിഷ്ഠിതമായ ഡിജിറ്റൽ ഭാവിയാണു കേരളം ലക്ഷ്യമിടേണ്ടത്. ഉൽപാദന രംഗത്തായാലും ഉപഭോക്തൃരംഗത്തായാലും ഡിജിറ്റൽ മികവിനു കേരളം തയാറെടുത്തിട്ടുണ്ട്. ഏറ്റവും മികച്ച ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ മുഴുവൻ ജനങ്ങൾക്കും പ്രാപ്യമാകുന്നെന്ന് ഉറപ്പുവരുത്തുകയാണു സർക്കാർ ചെയ്യേണ്ടത്.
(ഐബിഎസ് സോഫ്റ്റ്‌വെയർ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമാണു ലേഖകൻ)