ചോരച്ചാൽ ‘തേച്ചു’മിനുക്കി പാലക്കാട്ടെ ദാസൻ
ഇറച്ചിക്കടയ്ക്കു മുന്നിൽ പട്ടികൾ നിൽക്കുന്നതുപോലെ’യാണ് മാധ്യമപ്രവർത്തകർ പാലക്കാട്ട് സിപിഎം വിടാൻ തുനിഞ്ഞിറങ്ങിയ അബ്ദുൽ ഷുക്കൂറിന്റെ വീടിനുമുന്നിൽ നിന്നത് എന്നാണ് പാർട്ടി നേതാവ് എൻ.എൻ.കൃഷ്ണദാസിന്റെ നിരീക്ഷണം. മേൽപടിയാൻ എന്തോ വേണ്ടാത്തതു പറഞ്ഞു എന്നാണ് പിന്നീടു കോലാഹലം.
ഇറച്ചിക്കടയ്ക്കു മുന്നിൽ പട്ടികൾ നിൽക്കുന്നതുപോലെ’യാണ് മാധ്യമപ്രവർത്തകർ പാലക്കാട്ട് സിപിഎം വിടാൻ തുനിഞ്ഞിറങ്ങിയ അബ്ദുൽ ഷുക്കൂറിന്റെ വീടിനുമുന്നിൽ നിന്നത് എന്നാണ് പാർട്ടി നേതാവ് എൻ.എൻ.കൃഷ്ണദാസിന്റെ നിരീക്ഷണം. മേൽപടിയാൻ എന്തോ വേണ്ടാത്തതു പറഞ്ഞു എന്നാണ് പിന്നീടു കോലാഹലം.
ഇറച്ചിക്കടയ്ക്കു മുന്നിൽ പട്ടികൾ നിൽക്കുന്നതുപോലെ’യാണ് മാധ്യമപ്രവർത്തകർ പാലക്കാട്ട് സിപിഎം വിടാൻ തുനിഞ്ഞിറങ്ങിയ അബ്ദുൽ ഷുക്കൂറിന്റെ വീടിനുമുന്നിൽ നിന്നത് എന്നാണ് പാർട്ടി നേതാവ് എൻ.എൻ.കൃഷ്ണദാസിന്റെ നിരീക്ഷണം. മേൽപടിയാൻ എന്തോ വേണ്ടാത്തതു പറഞ്ഞു എന്നാണ് പിന്നീടു കോലാഹലം.
ഇറച്ചിക്കടയ്ക്കു മുന്നിൽ പട്ടികൾ നിൽക്കുന്നതുപോലെ’യാണ് മാധ്യമപ്രവർത്തകർ പാലക്കാട്ട് സിപിഎം വിടാൻ തുനിഞ്ഞിറങ്ങിയ അബ്ദുൽ ഷുക്കൂറിന്റെ വീടിനുമുന്നിൽ നിന്നത് എന്നാണ് പാർട്ടി നേതാവ് എൻ.എൻ.കൃഷ്ണദാസിന്റെ നിരീക്ഷണം. മേൽപടിയാൻ എന്തോ വേണ്ടാത്തതു പറഞ്ഞു എന്നാണ് പിന്നീടു കോലാഹലം. ‘ജനാധിപത്യത്തിന്റെ കാവൽനായ്ക്കൾ’ എന്നാണ് പണ്ടേ പത്രക്കാരുടെ പേരുദോഷം. പട്ടികൾ എന്നു വിളിക്കുന്നത് അപമാനമാണെന്ന് ഒരു നായയും ഇതുവരെ കേസു കൊടുത്തിട്ടുമില്ല.
‘മാധ്യമപ്രവർത്തകർ വിമർശനം ഉൾക്കൊള്ളണം’ എന്നു മുഖ്യമന്ത്രി പറഞ്ഞ് നാവ് അകത്തിട്ടിട്ട് അധികമായിട്ടില്ല. ‘കടക്കു പുറത്ത്’ എന്നു പറഞ്ഞു ശീലമുള്ള മുഖ്യമന്ത്രിക്ക് ഉപദേശിക്കാനുള്ള അവകാശത്തിലും സംശയമില്ല. പിണറായിയുടെ രീതി ഒന്നു പരീക്ഷിക്കാൻ ദാസിനുള്ള അവകാശത്തിലും സംശയമില്ല.
‘വിമർശിക്കുമ്പോൾ സൗന്ദര്യമുള്ള ഭാഷ ഉപയോഗിക്കാമായിരുന്നു’ എന്നു പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പിന്നീട് ഇതെപ്പറ്റി പരിതപിച്ചതായി കേട്ടു. ‘നീ തല പൊട്ടിത്തെറിച്ചു ചാകണേ’ എന്നു പ്‌രാകുന്ന കൃഷ്ണദാസിന്റെ പ്രാകൃതരീതിക്കു പകരം ‘അങ്ങ് ശിരസ്സു പിളർന്ന് അന്തരിക്കണേ’ എന്ന സംസ്കൃതരീതിയാണ് എല്ലാകാലത്തും ഗോവിന്ദനു പഥ്യം.
പുറത്തുനിൽക്കുന്നതു പട്ടികളാണെങ്കിലും അകത്തു നടന്നതു കശാപ്പിനു തുല്യമായ കാര്യമാണെന്ന രഹസ്യം സമ്മതിച്ച കൃഷ്ണദാസിന്റെ നന്മ കാണാതെ പോകരുത്. ഷുക്കൂറിനെ കഴുത്തിൽ കുരുക്കി ഇറങ്ങിവരുമ്പോൾ ആരാച്ചാരുടെ മട്ടും ഭാവവും കൃഷ്ണദാസിനുണ്ടായിരുന്നോ?. ഷുക്കൂർ കരയുന്നുണ്ടായിരുന്നു. അറവുമൃഗത്തിന്റെ ദൈന്യത കണ്ടവർക്കു തോന്നി. ‘നിന്നെ കത്തികൊണ്ടരിഞ്ഞു ഞാൻ കടയിൽ കെട്ടിത്തൂക്കും’ എന്നായിരുന്നോ ഒത്തുതീർപ്പു വ്യവസ്ഥ. ആർക്കറിയാം?
രക്തസംബന്ധിയായ കാര്യങ്ങളിൽ പണ്ടേ തൽപരനാണ് കൃഷ്ണദാസ്. അത് ഇറച്ചിയിലേക്കുകൂടി വ്യാപിച്ചു എന്നതു വലിയ നയംമാറ്റമല്ല. രക്തവും മാംസവും ഇറച്ചിക്കടയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുതാനും. ‘ചോരകണ്ട് അറപ്പു മാറിയവൻ’ എന്നു ഗുണ്ടകളെ ബഹുമാനിക്കാറുണ്ട്. രാഷ്ട്രീയക്കാരിൽ അങ്ങനെ ബഹുമാനിതനാകാൻ കൃഷ്ണദാസിന് എല്ലാ യോഗ്യതയുമുണ്ട്. മുത്തങ്ങ വെടിവയ്പിനെതിരായ സമരത്തിൽ പാലക്കാട്ടു നടന്ന ലാത്തിച്ചാർജിൽ ടി.ശിവദാസമേനോന്റെ ദേഹത്തുനിന്നൊഴുകിയ രക്തം തുള്ളിപോലും പാഴാക്കാതെ തന്റെ മുഖത്തും വസ്ത്രത്തിലും തേച്ച് പത്രത്തിൽ പടം വരുത്തിയ പടനായകനാണ്. ചോരച്ചാലുകൾ നീന്തിക്കയറിയ ധീരന്മാർ പാർട്ടിയിൽ രൂപയ്ക്കു പത്ത് എന്ന മട്ടിൽ എടുക്കാനുണ്ട്. പക്ഷേ ‘ചോരച്ചാലുകൾ തേച്ചുമിനുക്കിയ വീരൻ’ പേരിനുപോലും വേറെയില്ല. പത്തിരുപതു കൊല്ലം മുൻപത്തെ ആ ചോരക്കളി അന്നു കണ്ടുപിടിച്ചത് ‘ഇറച്ചിക്കടയ്ക്കു മുന്നിൽ കഴിഞ്ഞദിവസം കാവൽനിന്ന അതേ പട്ടികൾ’ തന്നെ. ചമ്മലും ചൊരുക്കും കൃഷ്ണദാസിനു മാറാത്തതിൽ തെറ്റു പറയാനില്ല. പത്രക്കാരുടെ ‘ക്യാമറയും കോലും’ കാണുമ്പോൾ കലി കയറുന്നത് അതുകൊണ്ടാണ്. ‘വേലി ചാടുന്ന പശു കോലുകൊണ്ടു ചാകും’ എന്നാണു പണ്ടേ ചൊല്ല്.
പ്രാണിമാരും പ്രമാണിമാരും
‘വിജയവിഭവനാകട്ടെ മാണി പ്രമാണി’ എന്നു സാക്ഷാൽ കെ.എം.മാണിക്ക് ആശംസനേർന്ന് മഹാകവി പാലാ നാരായണൻ നായർ പണ്ടു കവിതയെഴുതിയിട്ടുണ്ട്. മാണി പ്രമാണിയും കേരള കോൺഗ്രസിനു പ്രാമാണിത്തവും ഉണ്ടായിരുന്ന ചരിത്രാതീതകാലത്താണത്. മാണിയും പേരിൽ പാലാ ഉള്ള കവിയും ചേർന്ന് പാലായുടെ പേരു വീതിച്ചെടുത്ത കാലം. ഇപ്പോഴും പാലായുടെ പേരിൽ മാണിയുണ്ട്. മാണി സി.കാപ്പൻ എന്നൊരു ചെറിയ മാറ്റം കാലം വരുത്തി. പാർട്ടിയുടെ പ്രാമാണിത്തം പോയി. ഒരു മുന്നണിയിലെ പ്രമാണി പറന്ന് അടുത്തതിൽ ചേക്കേറുമ്പോൾ പ്രാണിയാവുന്ന മറിമായം.
പാലക്കാട്ട് കോൺഗ്രസ് വിട്ട് പി.സരിൻ പോയപ്പോൾ ‘ഒരു പ്രാണി പോയതുപോലെയേ’ കെപിസിസി പ്രസിഡന്റ് കെ.സുധാകരനു തോന്നിയുള്ളൂ. വീണ്ടും അതേ പഴുതിലൂടെ ഒന്നുരണ്ടു പ്രാണികൾകൂടി പിന്നാലെ ചാടി. പോയവരുടെ വലുപ്പക്കുറവു കാരണമോ സുധാകരന്റെ കാഴ്ചക്കുറവു മൂലമോ അതു കക്ഷി അറിഞ്ഞതായിപ്പോലും തോന്നിയില്ല. ചാടിപ്പോയതു പ്രാണിയാണെന്ന് ഉറപ്പുണ്ടെങ്കിലും അപ്പുറത്തുനിന്നു വേലി ചാടിവന്ന അൻവർ പ്രമാണിയാണ് എന്നൊരു തോന്നൽ സുധാകരനു മനസ്സിലുറച്ചു പോകുകയും ചെയ്തു. എന്നാലോ, അൻവർ വെറും പ്രാണി എന്ന ഉറപ്പിൽ വി.ഡി.സതീശനുണ്ടോ വലിയമാറ്റം. ‘അത്ര ഊതി വീർപ്പിക്കേണ്ട എന്നാണ്’ സതീശൻ പറയുന്നത്. ‘നീതിയില്ലെങ്കിൽ നീ തീ ആവുക’ എന്നു പുകഞ്ഞു തുടങ്ങിയതാണ് അൻവർ. പഴയ ചങ്ങാതിയാണ്. കനൽ കെടുംമുൻപ് ഒന്ന് ഊതിക്കൊടുക്കാൻ സുധാകരൻ സ്നേഹം കാണിച്ചെങ്കിൽ കണ്ണുരുട്ടേണ്ട കാര്യമില്ല.
ആരാണ് പ്രാണി, ആരാണ് പ്രമാണി എന്ന തർക്കം കോൺഗ്രസിൽ പുതിയ കാര്യമല്ല. ഓരോരുത്തർക്കും താൻ പ്രമാണിയും മറ്റവൻ പ്രാണിയുമാണെന്നു തോന്നുന്ന രോഗം മാറുന്നില്ല എന്നേയുള്ളൂ. സിപിഎമ്മിൽ അത്തരം കുഴപ്പങ്ങളൊന്നുമില്ല. താൻ പറയുന്നതാണ് സിപിഎമ്മിന്റെ അവസാനവാക്കെന്ന് എം.വി.ഗോവിന്ദൻ പറയാറുണ്ടെങ്കിലും ആ വാക്ക് എന്താണെന്നു പിണറായി പറഞ്ഞുകൊടുക്കുന്നതുവരെ എല്ലാവരും കാത്തിരിക്കുന്നതാണ് ശീലം.
തീർത്താൽ തീരാത്ത സ്നേഹം
തുപ്പാൻ സൗകര്യമില്ലാത്ത മുറിയിൽ പെട്ടുപോയ വെറ്റില മുറുക്കുകാരന്റെ നിവൃത്തികേടിലാണ് കോൺഗ്രസ് വിട്ട് ഇടതുപാളയത്തിൽ ചേക്കേറിയ പാലക്കാട്ടെ പി.സരിൻ. വോട്ടു ചോദിക്കാനല്ലാതെ മറ്റൊന്നിനും വായ തുറന്നുപോകരുതെന്നാണ് സരിനോടു സിപിഎമ്മിന്റെ കൽപന. കോൺഗ്രസിലെ ഏകാധിപത്യം സഹിക്കാൻ കഴിയാതെ പുറപ്പെട്ടുപോയ ഡോക്ടർ ഈ ജനാധിപത്യം താങ്ങുമോ എന്നു തിട്ടമില്ല. പിണറായിയെയും സിപിഎമ്മിനെയും ഫെയ്സ്ബുക് വഴിയും മൈക്കിനു മുന്നിലുമൊക്കെയായി കടിച്ചുകുടഞ്ഞാണ് കാലങ്ങളായി സരിനു ശീലം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ‘ഉറ്റ സ്നേഹിതൻ’ ഷാഫി പറമ്പിലിനെ ജയിപ്പിക്കാൻ വോട്ടു ചെയ്ത പത്തയ്യായിരം സിപിഎമ്മുകാരോടു തീർത്താൽ തീരാത്ത സ്നേഹവുമാണ്. ‘കഴിഞ്ഞ തവണ സഖാക്കളാണ് ഷാഫിയെ ജയിപ്പിച്ചത്’
എന്നു വീണ്ടും വീണ്ടും സരിനു പറയാൻ തോന്നുന്നത് അതുകൊണ്ടാണ്. സ്ഥാനത്തും അസ്ഥാനത്തും ഇതു തന്നെ വായില്‍ വരുന്നത് എന്തു രോഗമാണെന്നു ഡോക്ടർ കൂടിയായ സരിനു തിരിച്ചറിയാന്‍ കഴിയാത്തതാണ് അദ്ഭുതം.
‘വിഷപ്പാമ്പുപോലും പാലു കൊടുത്ത കൈക്ക് കൊത്തില്ല, അൻവർ അതും ചെയ്തു’ എന്നാണ് എ.കെ.ബാലൻ പരിതപിച്ചത്. പടം പൊഴിച്ചുള്ള സരിന്റെ വരവിനു സർപ്പശാസ്ത്രത്തിൽ എന്താണു പറയുകയെന്നു ബാലൻ പറഞ്ഞിട്ടില്ല. ‘കടിച്ച പാമ്പിനെക്കൊണ്ടു വിഷം ഇറക്കിക്കുക’ എന്നൊരു രീതിയുണ്ട്. വിഷം വമിപ്പിക്കാൻ എളുപ്പമാണെങ്കിലും തിരിച്ചുവിഴുങ്ങാൻ സരിനും അത്ര എളുപ്പമാവില്ല. എന്നാലും, ചെയ്യിക്കുന്ന പാമ്പാട്ടിക്കും മുൻപു കടികൊണ്ടവർക്കും ക്രൂരമായ ഒരു സംതൃപ്തി നിഷേധിക്കുന്നതു നീതിയല്ല.
സ്റ്റോപ് പ്രസ്
പാഠം പഠിക്കണമെന്ന്് അപ്പൻ തന്നോട് പറഞ്ഞിട്ടേയില്ലെന്നു മന്ത്രി സജി ചെറിയാൻ. അതുകൊണ്ട് ഭരണഘടനയെ തൊട്ടുകളിക്കരുതെന്ന പാഠം നാട്ടുകാർ പഠിച്ചു.