വഴിയടയ്ക്കുന്ന ഏകാധിപത്യം
ജനങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്‌ഥമായ ഭരണകൂടവും മുഖ്യഭരണകക്ഷിയും റോഡ് കയ്യേറി, സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച്, ജനത്തിനു നരകയാതന വിധിക്കുന്നതു കാണുകയാണു കേരളമിപ്പോൾ.

ജനജീവിതത്തിന്റെ വഴിമുട്ടിച്ചുവെന്നു സിപിഎമ്മിന് ‘അഭിമാനത്തോടെ’ അവകാശപ്പെടാൻ ഒരു സംഭവംകൂടി ഉണ്ടായിരിക്കുന്നു. സിപിഎം പാളയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തിനുള്ള സ്റ്റേജിനുവേണ്ടി റോഡിലെ 150 മീറ്റർ ഭാഗം വ്യാഴാഴ്ച രാവിലെ മുതൽ രാത്രിവരെ കെട്ടിയടച്ചപ്പോൾ തിരുവനന്തപുരം നഗരത്തിലെ വഞ്ചിയൂരിൽ അതു ദുരിതത്തിലാക്കിയത് സ്കൂൾ കുട്ടികളും രോഗികളും ഉൾപ്പെടെയുള്ള സാധാരണക്കാരെയാണ്.
അമിതാധികാരത്തിന്റെ മുഷ്ക്കിൽ മനുഷ്യാവകാശ ധ്വംസനങ്ങളുടെ പുതുവഴികൾ തേടുകയാണു സിപിഎം എന്നു പറയാതെവയ്യ. ഭരിക്കുന്ന പാർട്ടി എന്തു നിയമലംഘനം നടത്തിയാലും ജില്ലാ ഭരണകൂടവും പൊലീസും കയ്യുംകെട്ടി നോക്കിനിൽക്കുമെന്നതിനും വഞ്ചിയൂർ സാക്ഷ്യംപറയുന്നു. അനുമതി ഇല്ലാതെ റോഡ് ഗതാഗതം പൂർണമായി തടഞ്ഞു പാർട്ടി സമ്മേളനത്തിനു സ്റ്റേജ് കെട്ടിയപ്പോൾ പൊലീസ് അനങ്ങിയില്ലെന്നു മാത്രമല്ല, വാഹനങ്ങൾ വഴിതിരിച്ചുവിടാൻ രണ്ടു വശത്തും പൊലീസുകാരെ നിയോഗിക്കുകയും ചെയ്തു. ഗതാഗതം തടസ്സപ്പെടുത്തി റോഡിൽ സ്റ്റേജ് കെട്ടാൻ പാടില്ലെന്ന കോടതി നിർദേശമുണ്ടായിട്ടും ജില്ലാ ഭരണകൂടം കണ്ണടച്ചതേയുള്ളൂ.
ഒരു പകൽ മുഴുവൻ നോക്കിനിന്ന പൊലീസ് രാത്രിയോടെ കേസെടുത്ത് ഭരണത്തോടുള്ള വിധേയത്വം പ്രഖ്യാപിക്കുകയും ചെയ്തു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞു, റോഡ് കയ്യേറി, ഗതാഗതതടസ്സമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി സമ്മേളനാനന്തരം അഞ്ഞൂറോളം പേർക്കെതിരെ കേസെടുത്തതു പ്രഹസനവുമായി.
കോടതിക്കുമുന്നിലെ തിരക്കേറിയ റോഡിലായിരുന്നു സിപിഎംവിലാസം വഴിയടയ്ക്കൽ. ഡിവൈഡറിന് ഇരുഭാഗത്തായി രണ്ടു വശത്തേക്കും പോകേണ്ട വാഹനങ്ങൾ ഒരു വരിയിലൂടെ കടത്തിവിട്ടതോടെ വൻ ഗതാഗതക്കുരുക്കാണുണ്ടായത്. രാവിലെയും വൈകിട്ടും സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കുരുക്കിൽപെട്ടു. ഓഫിസുകളിലും സ്കൂളുകളിലും സമയത്തിന് എത്താനാവാതെവന്നവരേറെ. ജനറൽ ആശുപത്രിയിലേക്കുള്ള ആംബുലൻസുകളും കുരുങ്ങി. വൈകിട്ടു സമ്മേളനം തുടങ്ങിയപ്പോൾ രണ്ടുവരി റോഡിലും ഗതാഗതം പൂർണമായി തടയുകയും ചെയ്തു. രാത്രിയിൽ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകവുംകൂടി കഴിഞ്ഞാണ് വാഹനങ്ങൾ കടത്തിവിട്ടത്.
വഞ്ചിയൂർ ജംക്‌ഷൻ മുതൽ ഉപ്പിടാംമൂടിനു സമീപത്തെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ മുൻവശം വരെയുള്ള റോഡിലെ 150 മീറ്റർ ഭാഗം സിപിഎമ്മിന് ഇഷ്ടദാനംപോലെ പതിച്ചുകിട്ടിയതാണെന്നാണോ വഴിയടച്ചവർ കരുതിയത്? ഒരിക്കൽക്കൂടി പാർട്ടി ജയിക്കുകയും ജനം നിസ്സഹായരായി തോൽക്കുകയും ചെയ്യുകയായിരുന്നു. ജനങ്ങൾക്ക് ഒരു നീതിയും സിപിഎമ്മുകാർക്കു മറ്റൊരു നീതിയുമെന്നു കരുതുന്നവരുടെ അധികാരമുഷ്ക് കാലമാവും ചോദ്യം ചെയ്യുക. അമിതാധികാരബാധയിൽ തോന്നിയപടി ചെയ്യുന്നവർ ജനങ്ങളോട് ഉത്തരം പറയേണ്ടിവരുമെന്ന് ഇടയ്ക്ക് ഓർക്കുന്നതു നന്ന്.
അധികാരത്തണലിൽ തോന്ന്യാസം നടപ്പാക്കുന്ന പാർട്ടിക്കാരുടേതു മാത്രമല്ല, പ്രത്യേകാവകാശങ്ങളില്ലാത്ത അതിസാധാരണക്കാരുടേതുകൂടിയാണ് ഈ നാടെന്ന് സിപിഎം എന്നാണിനി തിരിച്ചറിയുക? ജനങ്ങൾക്കൊപ്പമെന്നു സദാ മേനി നടിക്കുന്ന മുഖ്യ ഭരണകക്ഷി, അതേ ജനങ്ങൾക്കു ക്ലേശം വിധിക്കുമ്പോൾ അതു സ്വേച്ഛാധിപത്യ വാഴ്ചതന്നെയാണ്.
സാധാരണക്കാരിൽനിന്ന് അകന്നുപോകുന്നുവെന്നു പരിതപിക്കുന്ന പാർട്ടിക്ക് ഇനിയും അതിന്റെ മൂലകാരണം മനസ്സിലായിട്ടില്ലെങ്കിൽ വഞ്ചിയൂരിൽ വഴിയടച്ചു നടപ്പാക്കിയ ഏകാധിപത്യം ഓർക്കുകയേവേണ്ടൂ.