ചെങ്ങന്നൂർ ∙ കണക്കുകളിൽ മൂന്നു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തി ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്. നിലവിൽ ലഭ്യമായ ഏറ്റവും ഒടുവിലെ കണക്ക് അനുസരിച്ച് 76.269% പോളിങ് ആണ് ഇത്തവണ ഉപതിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.
അന്തിമ കണക്കെടുപ്പിൽ നേരിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെങ്കിലും, അവസാനമായി ഇതിനു മുൻപ് ഇതിനെക്കാൾ ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് 1987ൽ നടന്ന തിരഞ്ഞെടുപ്പിലാണ്– 79.69%.
എന്നാൽ, ആകെ പോൾ ചെയ്ത വോട്ടിന്റെ എണ്ണത്തിൽ ചരിത്രമാകുന്നത് ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പാകും. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിനെക്കാൾ ഏകദേശം എണ്ണായിരത്തിലധികം വോട്ടർമാർ ഇത്തവണ വോട്ട് ചെയ്തിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.
ചരിത്രത്തിൽ ഇതുവരെ കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തിയതു വിമോചന സമരത്തെത്തുടർന്ന് 1960ൽ നടന്ന പൊതു തിരഞ്ഞെടുപ്പിലാണ്–87.02%.
ഇത്തവണ തിരഞ്ഞെടുപ്പ് രാത്രി എട്ടുമണിയോടെ അവസാനിച്ചപ്പോൾ, തിരഞ്ഞെടുപ്പു കമ്മിഷനിൽ നിന്നു ലഭ്യമായ വിവരം അനുസരിച്ച് 83,536 സ്ത്രീ വോട്ടർമാരും 68,499 പുരുഷ വോട്ടർമാരും വോട്ട് രേഖപ്പെടുത്തി. പുരുഷൻമാരുടെ വോട്ടിങ് ശതമാനം 73.72 ആയപ്പോൾ 78.495 ശതമാനമാണ് സ്ത്രീകളുടെ പോളിങ്.
പൊലീസ്, ചെങ്ങന്നൂർ: സിപിഎം വിലയിരുത്തൽ ജൂൺ ഒന്നിന്
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയസാഹചര്യങ്ങളുടെ വിലയിരുത്തലിലേക്കു സിപിഎമ്മും ഇടതുമുന്നണിയും. തിരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിന്റെ അടുത്തദിവസമായ ജൂൺ ഒന്നിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇടതുമുന്നണി നേതൃയോഗവും ചേരും. തുടർന്നുള്ള രണ്ടുദിവസം സിപിഎം സംസ്ഥാന കമ്മിറ്റിയും ചേരും.
പൊലീസിനെതിരെ ഇടതുമുന്നണിക്കകത്തും പുറത്തും രൂക്ഷവിമർശനമുയർന്നിരിക്കുന്നതു യോഗങ്ങളുടെ ഗൗരവം കൂട്ടുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ചുമതല സംബന്ധിച്ച അന്തിമതീരുമാനം സിപിഎം യോഗങ്ങളിലുണ്ടാകും. ഇതു സംബന്ധിച്ച പ്രാഥമിക രൂപം സെക്രട്ടേറിയറ്റ് തയാറാക്കിയിട്ടുണ്ട്.
പുതിയ എൽഡിഎഫ് കൺവീനർ വന്നേയ്ക്കാം. മന്ത്രിസഭയിൽ പുനഃക്രമീകരണങ്ങളുണ്ടാകുമോയെന്നതും ഉറ്റുനോക്കപ്പെടുന്നു. ചെങ്ങന്നൂരിലെ ജനവിധി തുടർതീരുമാനങ്ങളെ സ്വാധീനിക്കും.