തിരുവനന്തപുരം∙ ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കെ.എം.മാണിയുടെ അക്കൗണ്ടിൽ സിപിഎം വകയിരുത്തിയതു വെറും 1295 വോട്ട്. ഉപതിരഞ്ഞെടുപ്പു ഫലം വിലയിരുത്തി സിപിഎം സംസ്ഥാന കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം. എൽഡിഎഫിന് അനുകൂല സൂചനകൾ നൽകിയശേഷം മാണി യുഡിഎഫുമായി വീണ്ടും അടുത്തതു ചെങ്ങന്നൂർ തിരഞ്ഞെടുപ്പു വേളയിലായിരുന്നു.
ആകെ 1.88 ലക്ഷം വോട്ടർമാരുള്ള ചെങ്ങന്നൂർ കേരള കോൺഗ്രസിനു സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നായാണു കരുതപ്പെടുന്നത്. അതുകൊണ്ടാണ് അവരുടെ സഹായം തേടാൻ സിപിഎം ശ്രമിച്ചതും. എന്നാൽ യുഡിഎഫ് ബന്ധത്തിന്റെ സൂചന മാണി നൽകുന്നതിനു മുൻപ് മേയ് ഏഴിനുള്ള കണക്കിലാണ് 1295 വോട്ടെന്നു രേഖപ്പെടുത്തിയിരിക്കുന്നതെന്നു നേതാക്കൾ പറഞ്ഞു.
മേയ് 22ന് ആണു യുഡിഎഫ് നേതൃത്വം പാലായിലെ മാണിയുടെ വസതിയിലെത്തി പിന്തുണ ഉറപ്പാക്കിയത്. മാണിയെക്കാൾ വോട്ട് ബിഡിജെഎസിനു സിപിഎം വകയിരുത്തി– 2975. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎം സമാഹരിച്ച കണക്കുകളെല്ലാം ഏതാണ്ടു കൃത്യമാണ്. സജി ചെറിയാനു ലഭിക്കുമെന്നു കരുതിയ ഭൂരിപക്ഷം 21,098 ആണെങ്കിൽ കിട്ടിയത് 20,956. എൽഡിഎഫിന് ആകെ ലഭിക്കുമെന്നു വിചാരിച്ചത് 67,821, ലഭിച്ചത് 67,303 വോട്ട്.