തിരുവനന്തപുരം∙ എൽഡിഎഫിനു പുറത്തു മുന്നണിയുമായി സഹകരിക്കുന്ന കക്ഷികളിൽ ചിലതിന് എൽഡിഎഫ് അംഗത്വം നൽകുന്നതു സിപിഎം പരിഗണിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി തീരുമാനമുണ്ടാകും. ഈ കക്ഷികളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചുവെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.
ഐഎൻഎൽ, സിഎംപി, ജെഎസ്എസ്, കേരള കോൺഗ്രസ് (ഡെമോക്രാറ്റിക്) തുടങ്ങി വിവിധ കക്ഷികളാണ് ഇങ്ങനെ പ്രവർത്തിക്കുന്നത്. ഇവരിൽ ആരെയെങ്കിലും എൽഡിഎഫിലെടുക്കുമോയെന്നു ചോദിച്ചപ്പോൾ, എന്തുവേണമെന്ന കാര്യം എൽഡിഎഫിനു തന്നെ വിടാനാണു തീരുമാനമെന്നു കോടിയേരി അറിയിച്ചു.
ഇടതുമുന്നണിയുടെ പ്രവർത്തനശൈലി പരിഷ്കരിക്കും. എന്തെങ്കിലും ആവശ്യമുള്ളപ്പോൾ ഇടതുമുന്നണി ചേരുകയെന്ന ഇപ്പോഴത്തെ രീതി മാറ്റും. മാസത്തിൽ ഒന്നോ രണ്ടോ തവണ ചേരും. സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർഥിയെ അടുത്ത വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റേതു മണ്ഡലത്തിലെ ഏറ്റവും മോശമായ പ്രകടനമാണെന്നു സംസ്ഥാന കമ്മിറ്റി വിലയിരുത്തി. 30.48% വോട്ട് മാത്രമാണു മുന്നണിക്കു കിട്ടിയത്.
കഴിഞ്ഞതവണ 29.33% വോട്ട് ലഭിച്ച ബിജെപിയുടെ വോട്ട് 23.25% ആയി കുറഞ്ഞു. എൽഡിഎഫിന് 45% വോട്ട് ലഭിച്ചു. അപ്പോഴും 55% പേർ മുന്നണിക്ക് എതിരായി വോട്ട് ചെയ്തുവെന്നത് അംഗീകരിക്കുന്നു.
വേങ്ങര നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലും ബിജെപിയുടെ വോട്ട് കുറഞ്ഞുവെന്നതു സൂചിപ്പിക്കുന്നത് എൽഡിഎഫ് സർക്കാരിനു കീഴിൽ ബിജെപി തളരുന്നുവെന്നാണ്. കർണാടകയിൽ അതേസമയം കോൺഗ്രസ് ഭരിച്ചപ്പോൾ ബിജെപി വളരുകയാണു ചെയ്തത്. ബിജെപിയെ ചെറുക്കാൻ ഇടതുപക്ഷം ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയാണ് ഇതു ചൂണ്ടിക്കാട്ടുന്നത്.
ഈ സാഹചര്യത്തിലും 23% വോട്ട് ബിജെപിക്കു ലഭിച്ചുവെന്നതു കരുതലോടെ പ്രവർത്തിക്കണമെന്നാണു വ്യക്തമാക്കുന്നതെന്നു കോടിയേരി പറഞ്ഞു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലും അതിനുശേഷവും ഉണ്ടായ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നതു കോൺഗ്രസ് രാഷ്ട്രീയമായും സംഘടനാപരമായും വലിയ തകർച്ചയെ നേരിടുന്നുവെന്നാണ്. ഇതിന് ഒറ്റമൂലിയായി വർക്കിങ് പ്രസിഡന്റിനെ കൊണ്ടുവരാമെന്ന വിചാരം വ്യക്തമാക്കുന്നതു കോൺഗ്രസ് യാഥാർഥ്യങ്ങൾ മനസ്സിലാക്കുന്നില്ല എന്നതാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
മാണിയുടെ പിറകെ പോകില്ല: കോടിയേരി
കെ.എം.മാണിയുടെ പിറകെ പോകേണ്ട സ്ഥിതി ഇപ്പോൾ എൽഡിഎഫിനില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരെ കൂടുതലായി അടുപ്പിച്ചു മുന്നണി കൂടുതൽ ശക്തമാക്കാനാണു തീരുമാനം.
മാണിയെ ഇടതുമുന്നണിയുടെ ഭാഗമാക്കാൻ സിപിഎം സംസ്ഥാനകമ്മിറ്റി ആലോചിച്ചിട്ടില്ല. യുഡിഎഫ് വിട്ടശേഷം ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനെ പിന്തുണയ്ക്കുന്ന രീതിയാണ് അവർ പുലർത്തുന്നത്. തെറ്റു തിരുത്തി വന്നാൽ മാണിയെ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് അത്തരം ചർച്ചയ്ക്കു പ്രസക്തിയില്ലെന്നായിരുന്നു കോടിയേരിയുടെ മറുപടി. ചെങ്ങന്നൂരിൽ എസ്എൻഡിപി മാതൃകാപരമായ നിലപാടാണെടുത്തത്.
അതേസമയം, ബിജെപി രൂപീകരിച്ച പാർട്ടിയായാണ് ബിഡിജെഎസിനെ കാണുന്നത്. എസ്എൻഡിപിയും ബിഡിജെഎസും രണ്ടാണ്. ജാതി, മതാടിസ്ഥാനത്തിലുള്ള പാർട്ടികളെ ഇടതുമുന്നണിയുമായി ഞങ്ങൾ ബന്ധപ്പെടുത്താറില്ല. എസ്ആർപിയുടെ രൂപീകരണം തൊട്ട് അതാണു നിലപാട്. സിപിഎം–സിപിഐ ബന്ധം ദൃഢമാണെന്നു കോടിയേരി പറഞ്ഞു. സിപിഐക്ക് ഒരു അഭിപ്രായവും പറയാൻ പാടില്ലെന്നു സിപിഎം കരുതുന്നില്ല. തിരിച്ച്, സിപിഎമ്മിനും പറയാനുള്ളതു പറയാം. രണ്ടുപാർട്ടിയായി നിലനിൽക്കുന്നതു രണ്ടഭിപ്രായങ്ങൾ ഉള്ളതുകൊണ്ടാണല്ലോ.