ഉപദേശകരുടെ എണ്ണം കൂടിയപ്പോള്‍ മുഖ്യമന്ത്രിക്ക് മൊത്തം ആശയക്കുഴപ്പം: സർക്കാരിനെക്കുറിച്ച് പ്രതിപക്ഷനേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല:
∙ സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തെ എങ്ങനെ വിലയിരുത്തുന്നു? ഒരു വര്‍ഷത്തിനിടെ എന്തെങ്കിലും ശരിയായോ?
എല്ലാം ശരിയാക്കാം എന്ന വാഗ്ദാനവുമായി എത്തി, പറഞ്ഞതൊന്നും പാലിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല ജനജീവിതം കൂടുതല്‍ ദുസ്സഹവുമാക്കി കൊണ്ടാണ് ഒരാണ്ട് പിണറായി സര്‍ക്കാര്‍ പിന്നിടുന്നത്. ചരിത്രത്തില്‍ ആദ്യമായി പലതും ഈ സര്‍ക്കാരിന്റെ കാലത്ത് സംഭവിച്ചു. റേഷന്‍ വിതരണം മുടങ്ങി, പൊതു വിപണിയില്‍ അരിവില 50 രൂപയില്‍ എത്തി, സ്ത്രീ–ബാല പീഡനങ്ങള്‍ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ഉയര്‍ന്നു, രാഷ്ട്രീയ കൊലപാതകങ്ങള്‍ വർധിച്ചതോടെ സമാധാനം നഷ്ടസ്വപ്നമായി എന്നിങ്ങനെ നീളുന്നു ദുര്‍ഭരണത്തിന്റെ പട്ടിക. യുഡിഎഫ് ഭരണത്തില്‍ നാടുവിട്ടുപോയ ബ്ലേഡ് മാഫിയകള്‍ തിരികെ വന്നു. ഏറ്റവും കുറഞ്ഞ കാലം കൊണ്ട് ഏറ്റവും കൂടുതല്‍ ആളുകളെ വെറുപ്പിച്ച സര്‍ക്കാര്‍ എന്ന തൊപ്പിയാകും പിണറായിയുടെ തലയില്‍ ചേരുക.
∙മന്ത്രിസഭയുടെ തലവന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം തൃപ്തികരമാണോ?
പിണറായി വിജയന്‍ ഇപ്പോഴും പൊതുജന അഭിപ്രായത്തിന് വിരുദ്ധമായിട്ടാണ് പെരുമാറാറുള്ളത്. ഈഗോയും ധാര്‍ഷ്ട്യവും താന്‍ പോരിമയുമൊക്കെ ഒരു പെരുമാറ്റ ശൈലി ആയി. തെറ്റില്‍ നിന്നും തെറ്റിലേക്കാണ് മുഖ്യമന്ത്രി പോകുന്നത്. വിഡ്ഢിത്തത്തിന്റെ പ്രതീകമാണ് അദ്ദേഹം–ഇങ്ങനെ എഴുതിയത് പ്രമുഖ പത്രപ്രവര്‍ത്തകനായ ടിജെഎസ് ജോര്‍ജ് ആണ്. മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നവര്‍ ആ പദവിയുടെ ഔന്നത്യം സൂക്ഷിക്കാറുണ്ട്. എന്നാല്‍ പിണറായി വിജയന്‍ സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങിയത് എല്ലാവരെയും ഞെട്ടിപ്പിച്ചു. പിടിവാശികളാണ് മുഖ്യമന്ത്രിയെ നയിക്കുന്നത്.
അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേക്കുള്ള ഘോഷയാത്രയായിരുന്നു ഒരു വര്‍ഷം. എടുക്കുന്നതും തൊടുക്കുന്നതും എല്ലാം തെറ്റായ നടപടി ആയിരുന്നു. മുണ്ടുടുത്ത മോദിയെന്നു പിണറായിയെ വിളിച്ചത് ഞങ്ങളല്ല അദ്ദേഹത്തിന്റെ ഘടക കക്ഷി തന്നെ ആയിരുന്നു. കൂട്ടുത്തരവാദിത്വത്തോടെ മന്ത്രിസഭയെ നയിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണ്ടെന്ന അഭിപ്രായം മുതല്‍ കാവേരി സെല്‍ പിരിച്ചുവിടുന്നത് അബദ്ധങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുന്നു. ഉപദേശകരുടെ എണ്ണം കൂടിയപ്പോള്‍ മുഖ്യമന്ത്രിക്ക് മൊത്തം ആശയക്കുഴപ്പമായി എന്ന് മാത്രമല്ല ഉപദേശിയുടെ എണ്ണം എത്രയെന്ന് അറിയാത്ത സ്ഥിതിയുമായി.
∙ മന്ത്രിസഭയെ ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയാത്തത് ദൈനംദിനപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ലേ? മൂന്നാര്‍ അടക്കമുള്ള വിഷയങ്ങളില്‍ റവന്യൂ വകുപ്പുമായുള്ള ഭിന്നത മറനീക്കി പുറത്തുവന്നിരുന്നു. ഇപ്പോഴും അത് അവസാനിച്ചിട്ടില്ല?
വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മ ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ ശാപമാണ്. ഉദാഹരണത്തിന് മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ പരിതാപകരമായ അവസ്ഥ തന്നെ ആലോചിച്ചു നോക്കൂ. തസ്തിക സൃഷ്ടിക്കാനും സ്റ്റാഫ് പാറ്റേണ്‍ പുനഃക്രമീകരിക്കാനുമുള്ള ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ധനകാര്യ വകുപ്പിനു മുന്നില്‍ അനുമതി കാത്തു കിടക്കാന്‍ തുടങ്ങിയിട്ടു മാസങ്ങളായി. ആലപ്പുഴ ജില്ലയിലെ റോഡ് നിര്‍മാണം മുടങ്ങിക്കിടക്കുകയാണ്. ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചെന്നു പൊതുമരാമത്തു വകുപ്പ് മന്ത്രി സമ്മതിച്ചിട്ടുണ്ട്. മൂന്നാറില്‍ അനധികൃതമായി നിര്‍മിച്ച കുരിശു പൊളിച്ചത്തിന്റെ പേരില്‍ എന്തൊക്കെ കോലാഹലമാണ് കേരളത്തില്‍ നടന്നത്. മൂന്നാറില്‍ 144 പ്രഖ്യാപിച്ചിട്ടു പോലും പൊലീസ് വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അറിയില്ലെന്നു പറയുന്നത് എന്തു കഷ്ടമാണ് ?
ലോ അക്കാദമി വിഷയത്തില്‍ സിപിഎം, സിപിഐ രണ്ടു തട്ടിലായിരുന്നു. എസ്എഫ്ഐ സമരം പാതി വഴിക്ക് അവസാനിപ്പിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ പരിഹസിച്ചതും സിപിഐ ആയിരുന്നു. ഇതൊന്നും കൂടാതെ, മൂന്നാര്‍ എംഎല്‍എ രാജേന്ദ്രന്റെ പട്ടയം വ്യാജമാണെന്നു ഞാന്‍ മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം വ്യക്തമാക്കിയിരുന്നു. എന്നാല്‍, പട്ടയം ഉണ്ടെന്നാണു മുഖ്യമന്ത്രിയുടെ അവകാശവാദം. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ അവകാശ വാദത്തെ പൊളിച്ചു റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍ രാജേന്ദ്രന്റെ ഭൂമിക്കു പട്ടയം ഇല്ല എന്നു വ്യക്തമാക്കുകയായിരുന്നു. മാവോയിസ്റ്റ് വേട്ട മുതല്‍ വിവരാവകാശ രേഖ വരെയുള്ള കാര്യങ്ങളില്‍ രണ്ടു പാര്‍ട്ടിയും രണ്ടു തട്ടിലാണ്. യോജിക്കുന്ന കാര്യങ്ങളെക്കാളേറെ വിയോജിക്കുന്ന കാര്യങ്ങളാണ് ഇവര്‍ക്കിടയിലുള്ളത്.
∙മൂന്നാറിലെ പ്രശ്‌ന പരിഹാരത്തിനു പ്രതിപക്ഷത്തിനു മുന്നോട്ടുവയ്ക്കാന്‍ കഴിയുന്ന പരിഹാര മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
കുടിയേറ്റത്തെയും കയ്യേറ്റത്തെയും രണ്ടായി തന്നെ കാണണം എന്നാണ് യുഡിഎഫ് നിലപാട്. കയ്യേറ്റത്തിനെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. ജാതി, മത, രാഷ്ട്രീയം നോക്കാതെ എടുക്കുന്ന എല്ലാ കയ്യേറ്റ വിരുദ്ധ നിലപാടിനും ഞങ്ങള്‍ പിന്തുണ നല്‍കുന്നുണ്ട്. വന്‍കിട കയ്യേറ്റം ഒഴിപ്പിക്കേണ്ടി വരുമ്പോള്‍, വലിയ മത്സ്യത്തെ കാണുമ്പോള്‍ കണ്ണടയ്ക്കുന്ന കൊറ്റിയെപ്പോലെയാണ് ഈ സര്‍ക്കാര്‍. മൂന്നാറിന്റെ പ്രകൃതിയെ പരുക്കേല്‍പ്പിക്കാതെയുള്ള വികസനം ആണ് നമുക്ക് അനിവാര്യം. ഇതിനായി മൂന്നാര്‍ വികസന അതോറിറ്റി രൂപീകരിക്കുകയാണ് വേണ്ടത്. ഈ ആവശ്യം പലതവണ ഞാന്‍ മുന്നോട്ട് വച്ചിരുന്നു. പതിറ്റാണ്ടുകളായി മൂന്നാറില്‍ കുടിയേറി താമസിക്കുന്നവരെ സംരക്ഷിക്കണം. അവരുടെ ജീവിതത്തില്‍ ദൈനം ദിനം നേരിടുന്ന പ്രശനങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുകയും ചെയ്യണം.
∙ പൊലീസ് നയമാണ് വിമര്‍ശനം ക്ഷണിച്ചുവരുത്തുന്ന മറ്റൊരു വിഷയം. ഡിജിപി: ടിപി സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീംകോടതിപോലും സര്‍ക്കാരിനെ വിമര്‍ശിക്കുകയും ഒടുവില്‍ മാപ്പു പറയേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പിടിവാശിയാണോ പ്രശ്‌നങ്ങളെ വഷളാക്കുന്നത്?
ഉത്തരം വളഞ്ഞാല്‍ മോന്തായം മുഴുവന്‍ വളയും എന്നു പറയുന്നത് പോലെയാണു പൊലീസ് വകുപ്പിന്റെ കാര്യം. പൊലീസ് മന്ത്രിക്ക് പൊലീസില്‍ നിയന്ത്രണം നഷ്ടപ്പെട്ടാല്‍ പിന്നെ അഭ്യന്തര വകുപ്പു മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണ്. മികച്ച പൊലീസ് ഉദ്യോഗസ്ഥന്‍ എന്നു പരക്കെ അറിയപ്പെടുന്ന സെന്‍കുമാറിനെ പൊലീസ്‌മേധാവി സ്ഥാനത്തുനിന്നും നീക്കിയാണു ലോക്‌നാഥ് ബഹ്‌റയെ നിയമിച്ചത്. രാഷ്ട്രീയ കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും ശിശു പീഡനങ്ങളും നിയന്ത്രിക്കാനാവാതെ പൊലീസ് കുഴഞ്ഞു. സെന്‍കുമാറിനെ ലക്ഷ്യമിട്ടതോടെ സകല ആയുധവും അദ്ദേഹത്തിനു നേരെ തൊടുത്തുവിട്ടു.
സംഘപരിവാര്‍ പാളയത്തിലാണെന്നുവരെ ആക്ഷേപിച്ചു. കഴിവുകെട്ടവനാക്കി. ഒടുവില്‍ സുപ്രീം കോടതിക്കു സത്യം ബോധ്യമായതോടെ പൊലീസ് മേധാവി സ്ഥാനം തിരിച്ചു കൊടുക്കാന്‍ ഉത്തരവിട്ടു. കോടതി ഉത്തരവില്‍ വ്യക്തത ഇല്ലെന്നായി അടുത്ത മുടന്തന്‍ ന്യായം. ഒടുവില്‍ സംസ്ഥാന ഖജനാവില്‍ നിന്നും 25,000 രൂപ അടക്കാന്‍ പറഞ്ഞു ഹര്‍ജി തള്ളിയതോടെ നല്ല വ്യക്തത കൈവന്നു. അടുത്ത അവ്യക്തത അത് പിഴയാണോ എന്ന കാര്യത്തിലായിരുന്നു. ഭാഗ്യത്തിന് അക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സുപ്രീം കോടതിയില്‍ പോയില്ല.
∙ ഒരു വര്‍ഷമായിട്ടും ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാനോ, യോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാനോ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നാണു മറ്റൊരു ആരോപണം...
ചുവപ്പു കാര്‍ഡ് കാണിക്കാനെത്തിയ ജേക്കബ് തോമസ് അവധിയിലാണ്. മടങ്ങിയെത്തുമെന്ന് ഉറപ്പുമില്ല. ഫയല്‍നീക്കം സ്തംഭിച്ചിരിക്കുന്നു. മുന്‍പെങ്ങും സംസ്ഥാനത്തുണ്ടായിട്ടില്ലാത്ത സാഹചര്യമല്ലേ ഇപ്പോള്‍?സംസ്ഥാനത്തു ഭരണം നിലവിലില്ല എന്നതാണ് വാസ്തവം. സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ ഒന്നും നീങ്ങുന്നില്ല. ഐഎഎസുകാര്‍ അപ്രഖ്യാപിത നിസ്സഹരണത്തില്‍ ആയി. ഐപിഎസ്– ഐഎഎസ് പോര് മറനീക്കി പുറത്തു വന്നപ്പോഴും കൈയും കെട്ടി നോക്കി നില്‍ക്കുകയാണു മുഖ്യമന്ത്രി ചെയ്തത്. കൂട്ടയിടി മൂലം റിപ്പബ്ലിക് ദിനത്തില്‍ സമ്മാനിക്കാനുള്ള പൊലീസ് മെഡലിനു നാമനിര്‍ദേശം ചെയ്യാന്‍ പോലും കഴിഞ്ഞില്ല. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ദുരനുഭവം. സിനിമാ ലോകത്തെ പ്രതിസന്ധി, മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലെ പ്രശ്‌നങ്ങള്‍ എന്നിവയില്‍ പരിഹാരം ഇനിയും അകലെ. ഭസ്മാസുരന് വരം കൊടുത്തതു പോലെയായി ജേക്കബ് തോമസിനെ കയറൂരി വിട്ടത്. നിവൃത്തിയില്ലാതെ ഒടുവില്‍ സര്‍ക്കാരിനു തന്നെ ജേക്കബ് തോമസിനോട് അവധിയിൽപോകാന്‍ ആവശ്യപ്പെടേണ്ടി വന്നു. അവധിയെടുത്ത എടുത്ത തക്കത്തില്‍ ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് മേധാവിയാക്കി. ഇപ്പോള്‍ ജേക്കബ് തോമസ് അകത്തോ പുറത്തോ എന്നറിയാത്ത അവസ്ഥയിലാണ്.
∙ എക്‌സൈസ് നയം ഇതുവരെ രൂപീകരിച്ചിട്ടില്ല. എന്തൊക്കെ നിര്‍ദേശങ്ങളാണ് ഇക്കാര്യത്തില്‍ പ്രതിപക്ഷം മുന്നോട്ടുവയ്ക്കുക?
ഒളിഞ്ഞും തെളിഞ്ഞും മദ്യം സുലഭമാക്കാനുള്ള തന്ത്രപ്പാടിലാണ് ഇടതുപക്ഷം. മദ്യ ലഭ്യത കുറഞ്ഞാല്‍ ലഹരിമരുന്ന് ഉപയോഗം കൂടും എന്നാണ് ഇവരുടെ വാദം. അവിടെയാണ് പൊലീസും എക്‌സൈസും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് എന്ന് മനസിലാകുന്നതേയില്ല. ഘട്ടം ഘട്ടമായി മദ്യ ലഭ്യത കുറച്ചു കൊണ്ടുവരികയാണ് യുഡിഎഫ് ലക്ഷ്യം. ബവ്റിജസ് ഔട്‌ലെറ്റുകള്‍ ഓരോ വര്‍ഷവും പത്തു ശതമാനം വീതം പൂട്ടണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. മദ്യനയത്തില്‍ വെള്ളം ചേര്‍ത്താല്‍ കടുത്ത പ്രക്ഷോഭമായിരിക്കും സര്‍ക്കാര്‍ നേരിടാന്‍ പോകുന്നത്.
∙ കിഫ്ബിക്കെതിരെ മന്ത്രി ജി.സുധാകരന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. കേരളത്തില്‍ പ്രാവര്‍ത്തികമാകുന്ന ഒന്നാണോ കിഫ്ബി എന്ന ആശയം?
ആദ്യം കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതി കാണിക്കട്ടെ, എന്നിട്ടു വിശ്വസിക്കാം. ഇത്തരം ഭാവനാ പദ്ധതികള്‍ ഡോ.ഐസക്കില്‍ നിന്നും ധാരാളം കേട്ടിട്ടുണ്ട്. അണക്കെട്ടില്‍ നിന്നും മണല്‍ വാരുന്നതടക്കമുള്ള പദ്ധതികള്‍. ഇവയൊന്നും പ്രാവര്‍ത്തികമായിട്ടില്ല. പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ നിരവധി പദ്ധതികള്‍ക്കു മേലെ സൂപ്പര്‍മുഖ്യമന്ത്രി ചമയുകയാണ് ഐസക്. ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ വരുമാനത്തില്‍ മാറ്റം വരും. മാത്രമല്ല 2030 വരെയുള്ള അന്തംവിട്ട പരിപാടിയാണ് ഐസക് ആസൂത്രണം ചെയ്യുന്നത്.
∙ മുഖ്യമന്ത്രിയുടെ ഉപദേശകര്‍ കേരളത്തിനു ഗുണകരമായോ?
അതിപ്പോള്‍ ഓരോ ദിവസവും കേരളം അനുഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ. സെന്‍കുമാര്‍ കേസില്‍ കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടപ്പോള്‍ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞതാണ് ഓര്‍മ വരുന്നത് ‘പിഴയടക്കേണ്ട കാല്‍ലക്ഷം രൂപ ഉപദേശകരില്‍ നിന്നും പിടിക്കണം’ എന്ന്. ഏതായാലും ഇത്തരം ഉപദേശകര്‍ ഉണ്ടെങ്കില്‍ ശത്രുക്കളുടെ പണി ഗണ്യമായി കുറയും. ആരൊക്കെ ഉപദേശിച്ചാലും പതിറ്റാണ്ടുകള്‍ കൊണ്ട് നേടിയ രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടല്ലോ, ഈ പരിചയം ആണ് ഭരണാധികാരിയെ നയിക്കേണ്ടത്. സ്വന്തം കാഴ്ചപ്പാട് മാറ്റിവച്ചു ഉപദേശകര്‍ നയിക്കുന്ന വഴിയിലൂടെ പോയാല്‍ കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രി എന്ന പദവി പിണറായി വിജയന് ഉറപ്പിക്കാന്‍ കഴിയും.
∙ പ്രതിപക്ഷം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല എന്ന വിമര്‍ശനത്തെ എങ്ങനെ കാണുന്നു?
പൊലീസില്‍ നിന്നും കിരാത മര്‍ദ്ദനം കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയിട്ടും എംഎല്‍എമാര്‍ നിരാഹാര സമരം നടത്തിയിട്ടും നിയമ സഭയില്‍ ആഞ്ഞടിച്ചിട്ടും ഹരിപ്പാടും തിരുവനന്തപുരത്തും സത്യാഗ്രഹം നടത്തിയിട്ടും മേഖലാ ജാഥകള്‍ സംഘടിപ്പിച്ചിട്ടും പ്രതിപക്ഷം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല എന്ന വിമര്‍ശനം ഉണ്ടെങ്കില്‍ സര്‍ക്കാരിനെതിരേ ജനരോഷം അത്രയ്ക്ക് ശക്തമാണ് എന്നർഥം. സ്ത്രീ സംരക്ഷണ മുദ്രാവാക്യം ഉയര്‍ത്തി അധികാരത്തില്‍ എത്തിയവരുടെ കാലത്താണ് സ്ത്രീകളോട് ഏറ്റവും അധികം ക്രൂരത. മന്ത്രി എം.എം. മണിയുടെ അശ്ലീല ഭാഷ, ഫോണിലൂടെ അശ്ലീലം പറഞ്ഞ മന്ത്രി, അഴിമതി കേസില്‍ ജയിലില്‍ കിടന്ന ബാലകൃഷ്ണപിള്ളയെ എതിര്‍പ്പെല്ലാം മാറ്റി വച്ചു പുണരുന്നതുമൊക്കെ കാണുമ്പോള്‍ വോട്ടു ചെയ്ത ജനത്തിനു വളരെയധികം അവമതിപ്പു സര്‍ക്കാരിനെക്കുറിച്ചു സൃഷ്ടിച്ചിട്ടുണ്ട്.
അധികാരമേറ്റ് 144 ദിവസത്തിനുള്ളില്‍ ഇ.പി. ജയരാജനു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതു പ്രതിപക്ഷത്തിന്റെ ജാഗ്രത കൊണ്ടുമാത്രമാണ്. സഭയ്ക്ക് അകത്തും പുറത്തും നടത്തിയ എത്രയോ പോരാട്ടങ്ങള്‍ക്കു ജനം സാക്ഷിയാണ്. പൊതുമുതല്‍ നശിപ്പിക്കലടക്കമുള്ള സമരങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാന്‍ യുഡിഎഫിന് താൽപര്യമില്ല. കര്‍മ്മനിരതമായ പ്രതിപക്ഷമായി നാടിന്റെ നന്മയ്ക്കായി ഇനിയും മുന്നോട്ടുപോകും. അഴിമതിക്കാരെ തുറന്നു കാട്ടിയും അക്രമ രാഷ്ട്രീയത്തിനെതിരേ ശക്തമായ നിലപാട് തുടര്‍ന്നും കേരള മനസാക്ഷിയുടെ ശബ്ദമായും രൂപമായും പ്രതിപക്ഷം പ്രവര്‍ത്തനം തുടരും.