Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂസമരങ്ങൾ: ഇടതുപക്ഷ എംപിമാർക്കും ശുഷ്കാന്തി പോരെന്ന് കിസാൻ സഭ

Hannan Mollah ഹന്നൻ മൊള്ള

ന്യൂഡൽഹി ∙ മിക്ക സംസ്‌ഥാനങ്ങളിലും നടക്കുന്ന ഭൂസമരങ്ങൾ പാർലമെന്റിൽ ഉന്നയിച്ചു ദേശീയ വിഷയമാക്കുന്നതിൽ ഇടതുപക്ഷ എംപിമാർ ശുഷ്‌കാന്തി കാട്ടുന്നില്ലെന്നു സിപിഎമ്മിന്റെ കർഷക സംഘടനയായ കിസാൻ സഭയുടെ വിമർശനം. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയിൽ എംപിമാർ വിഷയം ഉന്നയിക്കുമെന്നാണു കരുതുന്നതെന്നു കിസാൻ സഭാ ജനറൽ സെക്രട്ടറിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ ഹന്നൻ മൊള്ള പറഞ്ഞു.

ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ ജനവിരുദ്ധ വ്യവസ്‌ഥകൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട സ്‌ഥിതിയിൽ മോദി സർക്കാർ സംസ്‌ഥാനങ്ങളിലൂടെ നയം നടപ്പാക്കുന്നുവെന്നാണു കിസാൻ സഭയുടെ വിലയിരുത്തൽ. പല സംസ്‌ഥാനങ്ങളിലും ഭൂനിയമങ്ങൾ പൊളിച്ചെഴുതിക്കഴിഞ്ഞു. പട്ടികവർഗക്കാരല്ലാത്തവർക്കു ഭൂമി കൈമാറുന്നതു തടഞ്ഞു ജാർഖണ്ഡിലുള്ള ചോട്ടനാഗ്‌പൂർ ടെനൻസി നിയമവും സന്താൾ പർഗാന ടെനൻസി നിയമവും നിയമസഭ കഴിഞ്ഞ നവംബറിൽ വെറും മൂന്നു മിനിറ്റിലാണു ഭേദഗതി ചെയ്‌തത് – കേന്ദ്ര കമ്മിറ്റിയുടെ തീരുമാനങ്ങൾ വിശദീകരിക്കവെ ഹന്നൻ മൊള്ള പറഞ്ഞു.

കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്‌ട്ര, തെലങ്കാന സംസ്‌ഥാനങ്ങളിലായി 300 ജില്ലകളെങ്കിലും കടുത്ത വരൾച്ചയിലാണ്. അതിന്റെ കെടുതിയനുഭവിക്കുന്ന ദശലക്ഷക്കണക്കായ ജനങ്ങളെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കുന്നില്ലെന്നു കിസാൻ സഭ ആരോപിച്ചു.

ഭൂമി, കൃഷി തുടങ്ങിയവയ്‌ക്കുമേൽ കോർപറേറ്റുകൾ നടത്തുന്ന കടന്നാക്രമണത്തിനെതിരെ ഇടത്, പുരോഗമന ചിന്താഗതിക്കാരായ സംഘടനകളെ ഒരുമിച്ചുചേർത്തു പ്രതിരോധിക്കുമെന്നു സംഘടനയുടെ സാമ്പത്തികകാര്യ സെക്രട്ടറി പി.കൃഷ്‌ണപ്രസാദ് പറഞ്ഞു. കിസാൻ സഭയുടെ 34ാം ദേശീയ സമ്മേളനം ഒക്‌ടോബർ ആദ്യവാരം ഹരിയാനയിലെ ഹിസാറിൽ നടക്കും. മൊത്തം 731 പ്രതിനിധികൾ പങ്കെടുക്കും.