ലൈംഗിക വിഡിയോകൾ തടയാൻ സംവിധാനം: കേന്ദ്രസർക്കാർ

ന്യൂഡൽഹി ∙ ലൈംഗികാതിക്രമങ്ങൾക്കു പ്രേരിപ്പിക്കുന്ന വിഡിയോകൾ തടയാനും സൈബർ കുറ്റകൃത്യങ്ങൾക്കു തടയിടാനും സഹായിക്കുന്ന പ്രത്യേക സംവിധാനവും അതിനു മേൽനോട്ടം വഹിക്കുന്ന ഏജൻസിയും സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചു കൊണ്ടുവരുമെന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

ഈ ഏജൻസിയുടെ പ്രവർത്തനം സിബിഐ, ആഭ്യന്തര മന്ത്രാലയം എന്നിവയിൽ ഏതിന്റെ കീഴിലാണു വരുന്നതെന്നു വ്യക്തമാക്കണമെന്നു ജസ്റ്റിസുമാരായ എം.ബി.ലോക്കുർ, യു.യു.ലളിത് എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് തുടർന്ന് ആവശ്യപ്പെട്ടു.

ലൈംഗിക വിഡിയോകൾ തടയുന്നതു സംബന്ധിച്ചു സുപ്രീം കോടതി കഴിഞ്ഞ ഡിസംബർ അഞ്ചിന് ഇന്റർനെറ്റ് കമ്പനികളായ ഗൂഗിൾ, മൈക്രോസോഫ്റ്റ്, യാഹു, ഫെയ്സ്ബുക് എന്നിവയുടെ അഭിപ്രായം തേടിയിരുന്നു.

ഇന്റർനെറ്റ് കമ്പനികളുടെ അഭിപ്രായങ്ങളും ഉൾക്കൊള്ളിച്ചു വിശദമായ നിർദേശം കേസ് ഇനി പരിഗണിക്കുന്ന 21നു സമർപ്പിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.