ന്യൂഡൽഹി∙ നോട്ടു പരിഷ്കരണ നടപടിയെ നേരത്തേ പ്രകീർത്തിച്ച യോഗാ ഗുരു ബാബ രാംദേവ് പരിഷ്കരണത്തിലൂടെ മൂന്നു മുതൽ അഞ്ചു ലക്ഷം കോടി രൂപയുടെ അഴിമതിക്കു വഴിവച്ചെന്ന് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായാണ് അദ്ദേഹം അറിയപ്പെടുന്നത് ‘ബാങ്കുകൾ കോടികളാണു നോട്ട് പരിഷ്കരണത്തിലൂടെ സമ്പാദിച്ചത്. ബാങ്കുകളുടെ അഴിമതി മോദി പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ബാങ്കിങ് സംവിധാനത്തെ സംബന്ധിച്ച ദുരൂഹതയാണ് ഇപ്പോഴുള്ളത്.
അഴിമതിക്കാരായ ബാങ്കുകാരുടെ കൈകളിലാണു നരേന്ദ്ര മോദി. പണത്തിന്റെ വിതരണത്തിലല്ല പ്രശ്നം. പണം അഴിമതിക്കാരുടെ കൈകളിലേക്കാണ് ഒഴുക്കുന്നത് എന്നതാണു പ്രശ്നം. കൂടുതൽ കാര്യക്ഷമമായി നോട്ടു പരിഷ്കരണം നടത്താനാകുമായിരുന്നു’– രാംദേവ് പറഞ്ഞു.
‘ഒരേ സീരീസിലുള്ള രണ്ടു നോട്ടുകൾ കണ്ടെത്തിയിരുന്നു. മുൻ കോൺഗ്രസ് സർക്കാരോ, അല്ലെങ്കിൽ ആർബിഐയോ ആകാം നോട്ടുകൾ പ്രിന്റ് ചെയ്തത്. റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ തന്നെ അഴിമതിക്കു കൂട്ടുനിന്നിട്ടുണ്ട്’– യോഗാ ഗുരു പറഞ്ഞു. കള്ളപ്പണത്തെ ചെറുക്കാനുള്ള നടപടി സംബന്ധിച്ചു താൻ പ്രധാനമന്ത്രിക്ക് ഉപദേശം നൽകിയിരുന്നതായി രാംദേവ് വ്യക്തമാക്കി.
മൂന്നു കാര്യങ്ങളാണു പ്രധാനമന്ത്രിയുമായി പങ്കുവച്ചത്.
1. മൂല്യം കൂടുതലുള്ള നോട്ടുകൾ (1000, 500) പിൻവലിക്കുക.
2. പണം കൂടാതെയുള്ള ഇടപാടുകൾ നടത്തുക; വിനിമയത്തിനു ടാക്സ് ഈടാക്കുക.
3. ബാങ്കിങ് സംവിധാനം കൂടുതൽ സുതാര്യമാക്കുക. എന്നാൽ, ആദ്യത്തെ നടപടി മാത്രം സ്വീകരിച്ചു; മറ്റുള്ളവ നടപ്പാക്കിയില്ല. നോട്ടു പരിഷ്കരണ നടപടിയെ എതിർക്കുന്നവർ ദേശദ്രോഹികളാണെന്നായിരുന്നു രാംദേവ് കഴിഞ്ഞമാസം പറഞ്ഞത്. കള്ളപ്പണമാണു ഭീകരപ്രവർത്തനങ്ങളെ സഹായിക്കുന്നതെന്നും പറഞ്ഞിരുന്നു.