ന്യൂഡൽഹി∙ ബോക്സ്ഓഫിസിൽ പുതുചരിത്രമെഴുതി ‘ബാഹുബലി–2’ 1000 കോടി ക്ലബ്ബിൽ. ഏപ്രിൽ 28ന് അഞ്ചു ഭാഷകളിലായി ഇന്ത്യയിലും വിദേശത്തും 8000 തിയറ്ററുകളിൽ റിലീസ് ചെയ്ത എസ്.എസ്. രാജമൗലി ചിത്രം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായി. ഇന്ത്യയിൽ നിന്ന് 800 കോടിയും വിദേശ രാജ്യങ്ങളിൽ നിന്ന് 200 കോടി രൂപയുമാണ് ചിത്രം ഇതേവരെ നേടിയെടുത്തത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം ആദ്യവാരം തന്നെ 300 കോടി വാരി. വടക്കേ അമേരിക്കയിൽ നിന്നു 100 കോടി രൂപ കലക്ട് ചെയ്യുന്ന ആദ്യ ചിത്രമെന്ന റെക്കോർഡും ബാഹുബലി നേടി.
പണം വാരുന്നുവെന്നതു മാത്രമല്ല; ചിത്രത്തിന്റെ സാങ്കേതിക മികവും കലാമൂല്യവും ലോകമെമ്പാടും ശ്രദ്ധ നേടിക്കഴിഞ്ഞു. ‘ബാഹുബലി ഇന്ത്യൻ സിനിമയുടെ അഭിമാനം’ എന്നാണ് സൂപ്പർ സ്റ്റാർ രജനികാന്ത് ട്വീറ്റ് ചെയ്തത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ വിതരണാവകാശം നേടിയ ബോളിവുഡ് സംവിധായകൻ കരൺ ജോഹറും സന്തോഷം മറച്ചുവയ്ക്കുന്നില്ല. ജീവിതകാലം മുഴുവൻ മനസ്സിൽ സൂക്ഷിക്കാൻ തക്ക വിജയം നൽകിയ ആരാധകരോട് രാജമൗലിയും നന്ദി അറിയിച്ചു. ബാഹുബലിയുടെ രണ്ടു ഭാഗങ്ങൾക്കായി അഞ്ചു വർഷം നൽകിയ നായകൻ പ്രഭാസും മഹാവിജയത്തിന്റെ ത്രില്ലിലാണ്. കട്ടപ്പ എന്തിനാണു ബാഹുബലിയെ കൊന്നതെന്ന ആകാംക്ഷ നിറച്ചാണ് ആദ്യ ചിത്രം അവസാനിച്ചതെങ്കിൽ ബാഹുബലിക്കൊരു മൂന്നാം ഭാഗം ഉണ്ടോയെന്ന ആകാംക്ഷയാണ് ഇപ്പോൾ ആരാധക മനസ്സുകൾ നിറയെ.