ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു റദ്ദാക്കിയ നടപടി ചോദ്യംചെയ്ത് അരുണാചൽപ്രദേശ് മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമെങ് ദോലോ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ബിജെപി സ്ഥാനാർഥി അതുംവെല്ലിയുടെ ഹർജിയിൽ ഗുവാഹത്തി ഹൈക്കോടതി ദോലോയുടെ തിരഞ്ഞെടുപ്പു റദ്ദാക്കിയിരുന്നു.
ഇതു ചോദ്യംചെയ്തു സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയാണു തള്ളിയത്. 2014ൽ പക്കെ കെസാങ് അസംബ്ലി മണ്ഡലത്തിൽ ഇരുവരും മത്സരരംഗത്തുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം അതുംവെല്ലി പത്രിക പിൻവലിച്ചതിനെത്തുടർന്നു ദോലോ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
താനോ താൻ ചുമതലപ്പെടുത്തിയ പോളിങ് ഏജന്റോ അറിയാതെയാണു പത്രിക പിൻവലിച്ചതെന്നായിരുന്നു വെല്ലിയുടെ വാദം. സ്ഥാനാർഥി അറിയാതെ പത്രിക പിൻവലിക്കുന്ന നടപടി ജനാധിപത്യത്തെ തകർക്കുന്നതാണെന്നു കോടതി നിരീക്ഷിച്ചു. 2016ൽ ഖലികോ പൂൽ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു കമെങ് ദോലോ.