ഭോപാൽ∙ കടാശ്വാസവും വിളകൾക്കു ന്യായവിലയും ആവശ്യപ്പെട്ടു കഴിഞ്ഞ ഒന്നിനു പടിഞ്ഞാറൻ മധ്യപ്രദേശിലെ മൻസോറിൽ ആരംഭിച്ച കർഷകസമരം ശക്തമായി തുടരുന്നു. കഴിഞ്ഞദിവസം വെടിവയ്പിൽ ആറു കർഷകർ കൊല്ലപ്പെട്ടതിനെ തുടർന്നു സംഘർഷാവസ്ഥ തുടരുന്ന പ്രദേശത്തേക്ക് 1100 ദ്രുതകർമസേനയെ കേന്ദ്രം അയച്ചു. വെടിവയ്പു സംബന്ധിച്ചു വിശദമായ റിപ്പോർട്ടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
ഇന്നലെ സമരക്കാരെ അനുനയിപ്പിക്കാനെത്തിയ കലക്ടർക്കു നേരെ കയ്യേറ്റശ്രമമുണ്ടായി. മൻസോറിൽ ഇന്റർനെറ്റ്–മൊബൈൽ സേവനങ്ങൾ നിർത്തിവച്ചു. നിരോധനാജ്ഞ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്നലെയും കർഷകർ റോഡ് ഉപരോധിച്ചു. ഇവരെ അനുനയിപ്പിക്കാനാണു കലക്ടർ എസ്.കെ.സിങ്ങും ജില്ലാ പൊലീസ് മേധാവിയും സ്ഥലത്തെത്തിയത്.
രോഷാകുലരായ സമരക്കാർ കലക്ടറെ വളഞ്ഞു കയ്യേറ്റം ചെയ്യാനൊരുങ്ങിയതോടെ പൊലീസ് അദ്ദേഹത്തെ രക്ഷിച്ചുകൊണ്ടു പോകുകയായിരുന്നു. കഴിഞ്ഞദിവസം കർഷക സമരത്തിനിടെ അക്രമികൾ നൂറുകണക്കിനു വാഹനങ്ങൾക്കാണു തീയിട്ടത്. കൊള്ളയടിച്ചശേഷം കടകൾക്കും തീയിട്ടു. പൊലീസ് വെടിവയ്പു സംബന്ധിച്ചു സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സംഘർഷം കൂടുതൽ മേഖലകളിലേക്കു പടരാതിരിക്കാൻ സംസ്ഥാനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് അർധസേനയെ കേന്ദ്രം അയച്ചത്. വെടിവയ്പിൽ മരിച്ച ആറു കർഷകരുടെയും സംസ്കാരച്ചടങ്ങുകൾ ഇന്നലെ നടന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിക്കാൻ പുറപ്പെട്ട മുൻ എംപിയും കോൺഗ്രസ് നേതാവുമായ മീനാക്ഷി നടരാജനെ പൊലീസ് വഴിയിൽ തടഞ്ഞു. കോൺഗ്രസ് ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് പടിഞ്ഞാറൻ മേഖലയെ ബാധിച്ചു.
അതേസമയം, കർഷകർക്കു നേരെ വെടിവച്ചില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണു പൊലീസ്. സമരത്തിൽ നുഴഞ്ഞുകയറിയ അക്രമികളാണു വെടിയുതിർത്തതെന്ന പൊലീസ് ഭാഷ്യം കലക്ടറും ആവർത്തിച്ചു. പ്രത്യേക മന്ത്രിസഭായോഗം വിളിച്ചുകൂട്ടിയ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ പ്രതിപക്ഷമാണ് അക്രമങ്ങൾക്കു പ്രേരിപ്പിക്കുന്നതെന്നു കുറ്റപ്പെടുത്തി.
കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപ വീതം പ്രഖ്യാപിച്ചു. കുടുംബാംഗങ്ങളിലൊരാൾക്കു സർക്കാർ ജോലിയും ബിജെപി സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനിടെ, കർഷകർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ കേന്ദ്ര മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കാനുള്ള ഡൽഹിയിലെ വാർത്താസമ്മേളനവും കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിങ്ങിന്റെ വാർത്താ സമ്മേളനവും റദ്ദാക്കി.
അടുത്ത വർഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ കർഷകർ ബിജെപി സർക്കാരിനെതിരെ തെരുവിലിറങ്ങുന്നതു പാർട്ടി കേന്ദ്രനേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. മധ്യപ്രദേശിൽ മൻസോർ അടക്കം 15 ജില്ലകളടങ്ങിയ മൽവാ–നിമദ് മേഖലയിലാണു കർഷകർ സമരരംഗത്തുള്ളത്. അയൽസംസ്ഥാനമായ മഹാരാഷ്ട്രയിലെ ചില ജില്ലകളിലും കർഷകർ സമരത്തിലാണ്.
പ്രതിദിനം 35 കർഷകർ ജീവനൊടുക്കുന്നു
ഹൈദരാബാദ്∙ നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷം രാജ്യത്ത് ഓരോ ദിവസവും 35 കർഷകരെങ്കിലും ജീവനൊടുക്കുന്നുവെന്നു കോൺഗ്രസ് ആരോപിച്ചു. തെലങ്കാനയിൽ ഇതു പ്രതിദിനം മൂന്നുപേരാണെന്നും കഴിഞ്ഞ മൂന്നുവർഷത്തിനിടെ തെലങ്കാനയിൽ 2964 കർഷകർ ജീവനൊടുക്കിയെന്നും തെലങ്കാന പിസിസി അധ്യക്ഷൻ ഉത്തംകുമാർ റെഡ്ഡി പറഞ്ഞു. സന്നദ്ധസംഘടന നടത്തിയ സർവേയിലെ വിവരങ്ങൾ ഉദ്ധരിച്ചാണു കോൺഗ്രസ് ആരോപണമുന്നയിച്ചത്.