ന്യൂയോർക്ക് ∙ ജനസംഖ്യയുടെ കാര്യത്തിൽ 2024ൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎൻ. നേരത്തെ, ഇന്ത്യ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ചൈനയെ 2026 ൽ കവച്ചുവയ്ക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. 2030ൽ ഇന്ത്യയിലെ ജനസംഖ്യ 150 കോടിയാകുമെന്നും യുഎൻ വ്യക്തമാക്കി.
ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക, സാമൂഹിക വിഭാഗം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഇപ്പോൾ ചൈനയിലെ ജനസംഖ്യ 141 കോടിയാണ്; ഇന്ത്യയിലേത് 134 കോടിയും. ഇത് യഥാക്രമം ലോകജനസംഖ്യയുടെ 19 ശതമാനവും 18 ശതമാനവും വരും. തുടർന്ന് ഏഴുവർഷം കൊണ്ട് ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യ ചൈനയെ മറികടക്കും – റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് അനുസരിച്ച് 2024 ന്റെ തുടക്കത്തിൽ ഇന്ത്യയിലെയും ചൈനയിലെയും ജനസംഖ്യ തുല്യമാകും– 144 കോടി. പിന്നീട് ഇന്ത്യയിലെ ജനസംഖ്യ 2030 ൽ 150 കോടിയും 2050 ൽ 166 കോടിയുമായി കുതിക്കും. ഇതേസമയം ചൈനയുടെ ജനസംഖ്യ തുടർന്ന് ഏകദേശം 2030 വരെ സ്ഥിരമായി നിൽക്കുകയും പിന്നീടു സാവധാനം കുറയുകയും ചെയ്യും.