Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർട്ടോസാറ്റ്–2 ഭ്രമണപഥത്തിൽ

Cartosat-2 കാർട്ടോസാറ്റ്–2ഇ അടക്കം 30 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്നപ്പോൾ.

ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ്)∙ ‘ആകാശത്തിലെ കണ്ണ്’ എന്നറിയപ്പെടുന്ന കാർട്ടോസാറ്റ്–2 ശ്രേണിയിലെ ഉപഗ്രഹവുമായി പിഎസ്എൽവി റോക്കറ്റ് ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു. സായുധസേനയ്ക്കു വേണ്ടിയുള്ള ഭൗമനിരീക്ഷണ ഉപഗ്രഹത്തിനൊപ്പം മറ്റു 30 ഉപഗ്രഹങ്ങളും കൂടി വഹിച്ചാണു സതീഷ്​ധവാൻ സ്പേസ് സെന്ററിൽനിന്ന് ഇന്നലെ രാവിലെ 9.29നു പിഎസ്എൽവി–സി 38 കുതിച്ചുയർന്നത്. 

മാനത്തെ ഇന്ത്യൻ കണ്ണ്

ഭൗമനിരീക്ഷണ രംഗത്ത് ഇന്ത്യയുടെ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കി കാർട്ടോസാറ്റ്–2 ശ്രേണിയിലെ ആറാമത്തെ ഉപഗ്രഹം ഭ്രമണപഥത്തിൽ. കഴിഞ്ഞവർഷം അതിർത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ കാർട്ടോസാറ്റ് നൽകിയ ചിത്രങ്ങൾ നിർണായകമായിരുന്നു. ഇന്നലെ ഭ്രമണപഥത്തിലെത്തിയ കാർട്ടോസാറ്റ്–2 ഇ സായുധസേനാ ആവശ്യങ്ങൾക്കാണു സമർപ്പിച്ചിട്ടുള്ളത്.

പിഎസ്എൽവി @ 40

പിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചുള്ള 40–ാം വിക്ഷേപണ ദൗത്യത്തിലാണ് ഇന്നലെ ശ്രീഹരിക്കോട്ടയിൽ നിന്നു കാർട്ടോസാറ്റ്–2 ഇ വിക്ഷേപിച്ചത്. ഫ്രാ‍ൻസ്, ജർമനി, യുഎസ് എന്നിവ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള ഉപഗ്രഹങ്ങൾ കൂടി ഐഎസ്ആർഒ ഭ്രമണപഥത്തിൽ എത്തിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ കാർട്ടോസാറ്റ് ശ്രേണിയിലെ മറ്റൊരു ഉപഗ്രഹം (2ഡി) അടക്കം 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒയുടെ പിഎസ്എൽവി 37 ദൗത്യം ചരിത്രം സൃഷ്ടിച്ചിരുന്നു.

ഉപഗ്രഹങ്ങൾ 30, ഭാരം 243 കിലോ

വിക്ഷേപിച്ച ഉപഗ്രഹങ്ങളിൽ കന്യാകുമാരിയിലെ നൂറുൽ ഇസ്‌ലാം യൂണിവേഴ്‌സിറ്റി വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ വിദ്യാർഥി നിർമിത ഉപഗ്രഹമായ ന്യൂസാറ്റും (കേരൾശ്രീ) ഉൾപ്പെടുന്നു. പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവും മുൻകൂട്ടി പ്രവചിക്കാനാകും. കഴിഞ്ഞ വർഷം നിർമാണം പൂർത്തിയാക്കിയ ഇതു ഗവർണർ പി.സദാശിവമാണ് ഐഎസ്ആർഒയ്‌ക്കു കൈമാറിയത്.

ജിസാറ്റ്–17 വിക്ഷേപണം 28ന്

ശ്രീഹരിക്കോട്ട∙ ജിസാറ്റ്–17 ഫ്രഞ്ച് ഗയാനയിൽനിന്നു 28നു വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഒരു മാസത്തിനിടെ മൂന്നാമത്തെ വിക്ഷേപണമാണിത്. കഴിഞ്ഞ അഞ്ചിനാണ് ഇന്ത്യയുടെ ഏറ്റവും ശക്തമായതും ഭാരമേറിയതുമായ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ്–19 (ഭാരം 3136 കിലോഗ്രാം) വിക്ഷേപിച്ചത്.

കാർട്ടോസാറ്റ്–2 ഇ

പ്രധാന ലക്ഷ്യം: സായുധസേനയ്ക്കു വേണ്ടി ഭൗമനിരീക്ഷണം 

ഭാരം: 712 കിലോഗ്രാം 

ഭ്രമണപഥം: 505 കിലോമീറ്റർ ഉയരത്തിൽ

സവിശേഷതകൾ:

ആകാശം മേഘാവൃതമാണെങ്കിൽ പോലും ഭൂമിയിലെ നിയന്ത്രണ കേന്ദ്രത്തിൽനിന്ന് ആവശ്യപ്പെടുന്ന സ്ഥലത്തിന്റെ സൂക്ഷ്മചിത്രം നൽകാൻ കാർട്ടോസാറ്റിന്റെ നവീനമായ ക്യാമറകൾക്കു കഴിയും. കാർട്ടോസാറ്റിൽ നിന്നുള്ള ചിത്രങ്ങൾ കാർട്ടോഗ്രഫിയിലേക്കാണു കൂടുതലായും ഉപയോഗിക്കുന്നത്. ഭൂപടനിർമാണവുമായി ബന്ധപ്പെട്ടതാണ് ഈ മേഖല. റോഡ് ശൃംഖലകൾ, ജലാശയങ്ങൾ‌ എന്നിവയുടെ നിരീക്ഷണത്തിനും ഉപഗ്രഹം സഹായകരമാകും. ഉപഗ്രഹങ്ങൾ ഉപയോഗിച്ചു ഭൗമനിരീക്ഷണം നടത്തുന്ന ‘ഇന്ത്യൻ റിമോട്ട് സെൻസിങ് പ്രോഗ്രാമിൽ’ ഉൾപ്പെട്ടതാണു കാർട്ടോസാറ്റ്.