സിൽചർ (അസം) ∙ മുൻ കേന്ദ്രമന്ത്രിയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് അടിത്തറയുണ്ടാക്കിയ മുതിർന്ന നേതാവുമായിരുന്ന സന്തോഷ് മോഹൻ ദേവ് (86) അന്തരിച്ചു. ഏതാനും നാളുകളായി രോഗബാധിതനായിരുന്നു. സിൽചറിലെ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. കോൺഗ്രസിലും ദേശീയ രാഷ്ട്രീയത്തിലും അഞ്ചു പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന ദേവ്, മൻമോഹൻ സിങ് നേതൃത്വം നൽകിയ ആദ്യ യുപിഎ സർക്കാരിൽ കേന്ദ്ര ഘനവ്യവസായ, പൊതുസംരംഭ മന്ത്രിയായിരുന്നു.
1980 മുതൽ ഏഴുതവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് – അഞ്ചു തവണ സിൽചറിൽനിന്നും രണ്ടു തവണ ത്രിപുരയിൽനിന്നും. 1986–1991ൽ വാർത്താവിതരണം, ആഭ്യന്തരം, ഉരുക്ക് വകുപ്പുകളിലായി മൂന്നു തവണ കേന്ദ്ര സഹമന്ത്രിയുമായി. പ്രഫഷനൽ ഫുട്ബോൾ റഫറിയായും ടെന്നിസ് കളിക്കാരനായും കായികമേളകളുടെ സംഘാടകനായും സജീവസാന്നിധ്യമായിരുന്ന ദേവ് പൈപ്പ് വലിക്കുന്ന ശീലമുള്ള അപൂർവം നേതാക്കളിലൊരാളായും ശ്രദ്ധേയനായി.
സ്വാതന്ത്ര്യസമരസേനാനിയായിരുന്ന സതീന്ദ്ര മോഹൻ ദേവിന്റെ മൂത്ത മകനായി ജനിച്ച അദ്ദേഹം സിൽചറിൽ കോളജ് വിദ്യാഭ്യാസത്തിനുശേഷം ബ്രിട്ടനിലാണ് ഉപരിപഠനം നടത്തിയത്. അസം മുൻ എംഎൽഎ ബിതിക ദേവ് ആണു ഭാര്യ. കോൺഗ്രസ് എംപിയായ സുഷ്മിത ദേവ് ഉൾപ്പെടെ നാലു പെൺമക്കൾ. ദേവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവർ അനുശോചിച്ചു.