ന്യൂഡൽഹി∙ കേന്ദ്രത്തിന്റെ ‘ഓണത്തല്ല്’. പാചകവാതക സിലിണ്ടർ ഒന്നിന് ഏഴു രൂപ കൂട്ടി. വരുന്ന മാർച്ചോടെ സബ്സിഡി അവസാനിപ്പിക്കും. അതിനുള്ള ‘ഓണപ്പാച്ചിലി’ലാണു സർക്കാർ. കഴിഞ്ഞ മാസം മുതൽ നാലു രൂപ വീതമാണ് കൂട്ടാൻ ഉദ്ദേശിച്ചത്. എന്നാൽ ഓഗസ്റ്റിൽ 2.31 രൂപ മാത്രമേ കൂട്ടിയുള്ളൂ. ആ കുറവും ചില്ലറയും ചേർത്താണ് ഈ മാസം ഏഴു രൂപ വർധിപ്പിച്ചത്. കഴിഞ്ഞ വർഷം ജൂലൈ മുതൽ ഇതുവരെ സിലിണ്ടറൊന്നിന് കൂടിയത് 68 രൂപയാണ്. സബ്സിഡിയില്ലാത്ത കുറ്റിയൊന്നിന് 73.5 രൂപയും കൂട്ടിയിട്ടുണ്ട് (കഴിഞ്ഞ തവണ 40 രൂപ കുറച്ചിരുന്നു). ഇപ്പോൾ വില. 597.50
14.2 കിലോ ‘സബ്സിഡി’ കുറ്റി പുതിയ വില (ഡൽഹി)
നിലവിൽ 479.77
പുതിയ വില 487.18
(2016 ജൂലൈ: 419.18)
വിമാനഇന്ധനത്തിനും കൂടി
വിമാനഇന്ധനത്തിനും 4% വില കൂട്ടി. കിലോലീറ്ററിന് 1910 രൂപ കൂടി 50,020 രൂപയായി. ഓഗസ്റ്റിലും 2.3% വർധനയുണ്ടായി. ഇതോടെ വിമാനക്കൂലി കൂടാൻ സാധ്യതയേറി.
വിളക്കെരിയുന്നത് കുറയും
മണ്ണെണ്ണ ലീറ്ററിന് 25 പൈസ കൂട്ടി. കഴിഞ്ഞ ജൂലൈ ഒന്നു മുതൽ മണ്ണെണ്ണയ്ക്കും രണ്ടാഴ്ച തോറും 25 പൈസ വച്ച് കൂട്ടുകയാണ്. 14 മാസത്തിനിടയിൽ കൂടിയത് 7.25 രൂപ. ഏതാണ്ട് 50% വർധന. മണ്ണെണ്ണ സബ്സിഡിയും വരുന്ന മാർച്ചിൽ നിർത്തുകയാണു ലക്ഷ്യം.
∙ മണ്ണെണ്ണ വില ലീറ്ററിന് (മുംബൈ)
നിലവിൽ: 22.00
പുതിയ വില: 22.27
(2016 ജൂലൈ ഒന്ന്: 15.02)