Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർഷൽ അർജൻ സിങ്ങിന്റെ സംസ്കാരം ഇന്ന്

Arjan-Singh-last-Tribute ഇന്ത്യൻ വ്യോമസേനാ മാർഷൽ അർജൻ സിങ്ങിന് പ്രസിഡന്റ് രാംനാഥ് കോവിന്ദ് അന്ത്യോപചാരങ്ങൾ അർപ്പിക്കുന്നു.

ന്യൂഡൽഹി∙ കഴിഞ്ഞ ദിവസം അന്തരിച്ച ഇന്ത്യൻ വ്യോമസേനയുടെ ഏക മാർഷൽ അർജൻ സിങ്ങിന്റെ (98) സംസ്കാരം ഇന്നു രാവിലെ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ആദരസൂചകമായി ഡൽഹിയിലെ എല്ലാ സർക്കാർ ഓഫിസുകളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. രാവിലെ എട്ടരയ്ക്ക് കൗതിലിയ മാർഗിലെ വസതിയിൽ നിന്നു മൃതദേഹവും വഹിച്ചുകൊണ്ടുള്ള കവചിത വാഹനം പുറപ്പെടും.

പത്തിന് ബ്രാർ സ്ക്വയറിൽ സംസ്കാരം നടക്കും. 1965ലെ ഇന്ത്യ–പാക്ക് യുദ്ധത്തിലെ വീരനായകനായിരുന്ന മാർഷൽ അർജൻ സിങ്ങിന് ഇന്നലെ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ആദരാഞ്ജലികൾ അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി നിർമലാ സീതാരാമനും വസതിയിലെത്തി മൃതദേഹത്തിൽ റീത്തു സമർപ്പിച്ചു.

മൂന്നു സേനാ മേധാവികൾ, കേന്ദ്ര മന്ത്രിമാരായ അരുൺ ജയ്റ്റ്ലി, വി.കെ.സിങ്, ഹർദീപ് പൂരി, മുൻപ്രതിരോധ മന്ത്രി എ.കെ.ആന്റണി, കോൺഗ്രസ് എംപി കരൺസിങ്, മുൻ സൈനിക മേധാവികൾ തുടങ്ങിയവർ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.