അഹമ്മദാബാദ് ∙ അധികാരത്തിലെത്തിയാൽ പത്തു ദിവസത്തിനകം സംസ്ഥാനത്തെ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. വിമാനത്തിന്റെ ചിറകുകൾ വീണിട്ടും സീറ്റ് ബെൽറ്റ് മുറുക്കി സ്വയം രക്ഷിച്ചുകൊള്ളാനാണു കേന്ദ്ര സർക്കാർ നിർദേശിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാളിപ്പോയ സാമ്പത്തിക പരിഷ്കാരങ്ങളെ ഉദ്ദേശിച്ചു രാഹുൽ ട്വിറ്ററിൽ പരിഹസിച്ചു.
തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന നാൾ മൂന്നു വാഗ്ദാനങ്ങളാണു രാഹൽ ജനങ്ങൾക്കു മുന്നിൽ വച്ചത്: കാർഷിക കടം എഴുതിത്തള്ളും, തൊഴിലവസരങ്ങൾ സൃഷ്ടിക്കും, ചെറുകിട വ്യാപാര രംഗത്തെ സഹായിക്കും. ഗ്രാമീണ ഭാരതത്തോടും കർഷകരോടും കോൺഗ്രസ് എക്കാലത്തും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ സാമ്പത്തിക നയങ്ങൾ ചെറുകിട മേഖലയിലെ സംരംഭകർക്കു വൻതിരിച്ചടിയുണ്ടാക്കിയതായി അദ്ദേഹം കുറ്റപ്പെടുത്തി. പതിനഞ്ചോളം വ്യവസായികൾക്കു വേണ്ടി ഒന്നേകാൽ ലക്ഷത്തോളം കോടിയുടെ കടങ്ങളാണു പ്രധാനമന്ത്രി എഴുതിത്തള്ളിയത്. ചെറുകിട കമ്പനികളെ അങ്ങനെ സഹായിച്ചിരുന്നെങ്കിൽ നൂറുകണക്കിന് ആളുകൾക്കു തൊഴിൽ ലഭിക്കുമായിരുന്നു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ചെറുകിട വ്യാപാരികൾക്കും ബിസിനസുകാർക്കും വ്യാപാരവികസനത്തിനായി കുറഞ്ഞ പലിശ നിരക്കിൽ വായ്പ ഉറപ്പാക്കും. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയപാളിച്ചകൾക്കെതിരെ മുൻ ധനമന്ത്രി യശ്വന്ത് സിൻഹയുടെ ലേഖനത്തോടനുബന്ധിച്ചു ട്വിറ്ററിൽ പ്രതികരിക്കവേയാണു ‘ചിറകുകൾ നഷ്ടപ്പെട്ട വിമാനത്തിലാണു’ ജനങ്ങളെന്ന പരിഹാസം രാഹുൽ ഉയർത്തിയത്.