അർജൻ സിങ്ങിനെ ആദരിച്ച് പ്രത്യേക പരിപാടികൾ

ന്യൂഡൽഹി ∙ കഴിഞ്ഞ മാസം അന്തരിച്ച വ്യോമസേനയുടെ ഏക മാ‍ർഷലായിരുന്ന അർജൻ സിങ്ങിനെ ആദരിച്ച് ഇന്ത്യൻ വ്യോമസേന ദിനമായ എട്ടിന് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. ഇതിഹാസ വൈമാനികന് വ്യോമസേനാ ദിനത്തിലും അർഹമായ ആദരവ് നൽകുകയാണു വ്യോമസേനയുടെ ലക്ഷ്യം. ഇന്ത്യൻ വ്യോമസേനയിലേക്കു യുവാക്കളെ ആകർഷിക്കാനും മികച്ച വൈമാനികരാകാൻ യുവജനങ്ങളെ പ്രചോദിപ്പിക്കാനും അർജൻ സിങ്ങിന്റെ പൈതൃകം ഗുണകരമാകുമെന്നും വ്യോമസേന കരുതുന്നു. ഇതിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്ന് എയർ മാർഷൽ എസ്.ബി. ദിയോ പറഞ്ഞു.