Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാ ജില്ലകളിലും ആയുർവേദ ആശുപത്രി: പ്രധാനമന്ത്രി

modi-ayurveda നമോ വൈദ്യദേവായ... ന്യൂഡൽഹിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർ‌വേദ രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയുർവേദത്തിന്റെ ദേവനായ ധന്വന്തരിമൂർത്തിയുടെ പ്രതിമയിൽ മാല ചാർത്തുന്നു. ചിത്രം: പിടിഐ

ന്യൂഡൽഹി ∙ രാജ്യത്തെ എല്ലാ ജില്ലകളിലും ആയുർവേദ ആശുപത്രികൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണു കേന്ദ്രസർക്കാരെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുഷ് മന്ത്രാലയം കഴിഞ്ഞ മൂന്നു വർഷത്തിനിടെ 65 ആയുഷ് ആശുപത്രികൾ സ്ഥാപിച്ചെന്നും ആയുർവേദത്തിനു പ്രാധാന്യം നൽകുന്ന ആരോഗ്യ വിപ്ലവത്തിനു സമയമായെന്നും രാജ്യത്തെ ആദ്യത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ ഉദ്ഘാടനം നിർവഹിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ അടുത്ത അഞ്ചു വർഷത്തിനകം രാജ്യത്ത് ആയുർവേ ചികിൽസാ സൗകര്യങ്ങൾ മൂന്നിരട്ടിയാക്കാനാണു ലക്ഷ്യമിടുന്നതെന്ന് ആയുഷ് മന്ത്രി ശ്രീപദ് യശോ നായിക് പറഞ്ഞു. ആയുർവേദവും യോഗയും പ്രോൽസാഹിപ്പിക്കാനായി യുഎസിലെ നാഷനൽ ഹെൽത്ത് ഓർഗനൈസേഷനുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

∙ എയിംസ് മാതൃക

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) മാതൃകയിലാണ് ഡൽഹിയിലെ സരിത വിഹാറിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിച്ചത്. 10 ഏക്കറിലേറെ വരുന്ന ക്യാംപസിൽ 157 കോടി രൂപ ചെലവിലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. എൻഎബിഎച്ച് അക്രഡിറ്റേഷനുള്ള ആശുപത്രിയും അക്കാദമിക് ബ്ലോക്കുമുണ്ട്. 200 രോഗികളെ കിടത്തി ചികിൽസിക്കാം. ഒപി വിഭാഗത്തിൽ സൗജന്യ മരുന്നു നൽകും.

related stories