രാഷ്ട്രീയവും സിനിമയും: ഇരട്ട സഹോദരൻമാർ

ചെന്നൈ ∙ തമിഴകത്തു വെള്ളിത്തിരയും രാഷ്ട്രീയവും ഇരട്ടസഹോദരൻമാരാണ്. കരുണാനിധിയുടെയും ജയലളിതയുടെയും പാത പിന്തുടർന്നു പല താരങ്ങളും സിനിമയിൽനിന്നു രാഷ്ട്രീയത്തിലെത്തിയെങ്കിലും ജനം എല്ലാവരെയും സഹായിച്ചില്ല.

എം.കരുണാനിധി (ഡിഎംകെ) 

വിപ്ലവം നിറയുന്ന വാക്കുകൾകൊണ്ട് തമിഴ് തിരയ്ക്കു തീപിടിപ്പിച്ച തിരക്കഥാകൃത്തായിരുന്നു എം.കരുണാനിധി. അണ്ണാദുരൈയ്ക്കൊപ്പം ദ്രാവിഡപാർട്ടിയെ കെട്ടിപ്പടുത്ത കരുണാനിധി, അദ്ദേഹം മരിച്ചതോടെ തമിഴകത്തിന്റെ മുഖ്യമന്ത്രിയായി.

എംജിആർ (അണ്ണാഡിഎംകെ)

കോൺഗ്രസുകാരനായി തുടങ്ങി ഡിഎംകെ വഴി അണ്ണാഡിഎംകെ എന്ന സ്വന്തം പ്രസ്ഥാനത്തിനു രൂപം നൽകി ഡിഎംകെയുടെ ട്രഷററായിരുന്ന എംജിആർ, കരുണാനിധിയുമായി തെറ്റിപ്പിരിഞ്ഞാണ് 1972-ൽ അണ്ണാഡിഎംകെ സ്ഥാപിക്കുന്നത്. പിന്നീട് മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകൾ ജയിച്ച് മുഖ്യമന്ത്രിയായി.

വിജയകാന്ത് (ഡിഎംഡികെ) 

ആരാധകർ കറുത്ത എംജിആർ എന്നു വിളിച്ച വിജയകാന്ത് 2005-ലാണ് ഡിഎംഡികെ സ്ഥാപിച്ചു രാഷ്ട്രീയത്തിലിറങ്ങിയത്. ആദ്യ തിരഞ്ഞെടുപ്പിൽ (2006) 10 ശതമാനം വോട്ടു നേടി. 2011-ൽ 29 സീറ്റ് നേടി പ്രതിപക്ഷ നേതാവായി. 2016-ൽ പക്ഷേ, അക്കൗണ്ട് ശൂന്യമായി.

ശിവാജി ഗണേശൻ (തമിഴക മുന്നേറ്റ മൺട്രം)

ഡിഎംകെ വഴി കോൺഗ്രസിലെത്തിയ ശിവാജി, പിന്നീടു തമിഴക മുന്നേറ്റ മൺട്രം എന്ന സ്വന്തം പാർട്ടിയുണ്ടാക്കി. 1989-ലെ തിരഞ്ഞെടുപ്പിൽ ശിവാജി തന്നെ തോറ്റു. ഇതോടെ, മൺട്രം തമിഴ്നാട് ജനതാദളിൽ ലയിച്ചു.

ജയലളിത (അണ്ണാഡിഎംകെ) 

സിനിമയിൽ എംജിആറിന്റെ നായികയായ ജയലളിത പിന്നീടു രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി.. ആറുവട്ടം മുഖ്യമന്ത്രിയായി.

ശരത് കുമാർ (സമത്വ മക്കൾ കക്ഷി) 

ഡിഎംകെയിൽ പ്രവർത്തിച്ചിരുന്ന ശരത് കുമാർ, നേതൃത്വവുമായി പിണങ്ങി 2007-ലാണു സമത്വ മക്കൾ കക്ഷി രൂപീകരിച്ചത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ സഖ്യത്തിന്റെ ഭാഗമായി രണ്ടു സീറ്റുകൾ നേടി. നിലവിൽ നിയമസഭയിൽ അംഗങ്ങളില്ല.

എൻടിആർ മാതൃക; ചിരഞ്ജീവി മുന്നറിയിപ്പ്

ആന്ധ്രയിൽ സൂപ്പർതാരമായിരുന്ന ചിരഞ്ജീവി രാഷ്ട്രീയത്തിലെത്തിയെങ്കിലും കാര്യമായ ചലനം ഉണ്ടാക്കിയില്ല. മുഖ്യമന്ത്രിപദമെന്ന ലക്ഷ്യത്തോടെയാണ് ചിരഞ്ജീവി 2008ൽ സ്വന്തം പാർട്ടി പ്രഖ്യാപിച്ചത്. എൻടിആറിനു ലഭിച്ച വിജയം ചിരഞ്‌ജീവിക്ക് നേടാനായില്ല. 1982 ൽ തെലുങ്കുദേശം രൂപീകരിച്ച രാമറാവു മൂന്നു തവണ മുഖ്യമന്ത്രിയായി.

ചിരഞ്ജീവിയാകട്ടെ, 2009ലെ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാകാതെ പോയതോടെ സ്വന്തം പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുകയായിരുന്നു. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ ചിരഞ്ജീവിയുടെ നേതൃത്വത്തിൽ പ്രചാരണം നടത്തിയ സീമാന്ധ്ര മേഖലയിൽ കോൺഗ്രസ് നിലംതൊടാതെ പോയതു താരത്തിനു ക്ഷീണമായി.