Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയയുടെ മരണം: ശശികലയെ ലക്ഷ്യമിട്ട് അണ്ണാഡിഎംകെ

sasikala-jayalalithaa ജയലളിതയും ശശികലയും.

ചെന്നൈ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനു കേസെടുക്കണമെന്നും അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയമിക്കണമെന്നും നിയമ മന്ത്രി സി.വി.ഷൺമുഖം. സംസ്ഥാന ആരോഗ്യസെക്രട്ടറി ജെ.രാധാകൃഷ്ണനെ അന്വേഷണ പരിധിയിൽ കൊണ്ടുവരണം.

ജയയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖ സാമി കമ്മിഷന്റെ ഭാഗമായ അഭിഭാഷകൻതന്നെ അപ്പോളോ ആശുപത്രി അധികൃതർ, വി.കെ.ശശികല, ജെ.രാധാകൃഷ്ണൻ, മുൻ ചീഫ് സെക്രട്ടറി രാമമോഹന റാവു എന്നിവർക്കെതിരെ പരാതിയുമായി എത്തിയതിനു പിന്നാലെയാണ് മന്ത്രിയുടെ നിർദേശം.

മന്ത്രിയുടെ ആരോപണങ്ങൾ: മൂന്നു വിദഗ്ധ ഡോക്ടർമാർ ജയയ്ക്കു ആൻജിയോഗ്രാം ചെയ്യണമെന്നു നിർദേശിച്ചിരുന്നു. ഇതാരാണ് തടഞ്ഞതെന്ന് കണ്ടെത്തണം. ജയയെ വിദേശത്തു ചികിൽസയ്ക്കു കൊണ്ടുപോകേണ്ടതില്ലെന്നു മന്ത്രിസഭ തീരുമാനിച്ചുവെന്ന അന്നത്തെ ചീഫ് സെക്രട്ടറി രാമമോഹനറാവുവിന്റെ വാദം പച്ചക്കള്ളമാണ്. ജയയെ വിദേശത്തു കൊണ്ടുപോകുന്നതു ഇന്ത്യൻ ഡോക്ടർമാരുടെ കഴിവിനെക്കുറിച്ച് ചോദ്യമുയർത്തുമെന്നാണ് ആരോഗ്യ സെക്രട്ടറി പറഞ്ഞത്. ഇത് എന്തു ന്യായമാണ്?.

ശശികല കുടുംബം അപ്പോളോ ആശുപത്രിയെ സുഖവാസ കേന്ദ്രമാക്കി. ജയയുടെ ആശുപത്രി വാസത്തിനിടെ 1.17 കോടിയുടെ ഇഡ്ഡലിയും ദോശയും കഴിച്ചതാരെന്നു കണ്ടെത്തണം.
തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ജയയുടെ മരണവുമായി ബന്ധപ്പെട്ട് ശശികല കുടുംബത്തെ പ്രതിരോധത്തിലാക്കാനാണു അണ്ണാഡിഎംകെയുടെ ശ്രമം.