Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് നിർദേശിച്ചു, സിസിടിവി ഓഫ് ചെയ്തു: ജയയുടെ മരണം അന്വേഷിക്കുന്ന കമ്മിഷനോട് ആശുപത്രി

jayalalitha

ചെന്നൈ∙ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിത ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഭാഗത്തെ സിസിടിവി ക്യാമറകൾ പൊലീസിന്റെ നിർദേശാനുസരണം സ്വിച്ച്ഓഫ് ചെയ്തു വച്ചിരുന്നുവെന്ന് അപ്പോളോ ആശുപത്രി. രാജ്യാന്തര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രവർത്തിക്കുന്നതിനാൽ ഐസിയു, സിസിയു, ആശുപത്രിയിലെ ചികിത്സാ മുറികൾ തുടങ്ങിയവയിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നില്ല. സുരക്ഷ മുൻനിർത്തി ആശുപത്രി ഇടനാഴികളിലും പ്രവേശന കവാടങ്ങളിലുമാണു സിസിടിവി ക്യാമറകൾ സ്ഥാപിച്ചിക്കുന്നതെന്നും ആശുപത്രി സത്യവാങ്മുലത്തിൽ അറിയിച്ചു.

ജയലളിതയുടെ മരണം അന്വേഷിക്കുന്ന സമിതിക്കു നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്. സിസിടിവി ക്യാമറകൾ‍, ആശുപത്രി പുറത്തുവിടുന്ന പ്രസ് റിലീസുകൾ തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയായി നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

സ്കാനിങ് അടക്കമുള്ള വിവിധ പരിശോധനകൾക്കായി ജയലളിതയെ മുറിയിൽനിന്നു പുറത്തേക്കു കൊണ്ടുവരുമ്പോൾ ആ ഭാഗത്തെ സിസിടിവി ക്യാമറകൾ പൊലീസിന്റെ നിർദേശപ്രകാരം ഓഫ് ചെയ്തു വച്ചിരുന്നു. ഇന്റലിജൻസ് ഐജി കെ.എൻ. സത്യമൂർത്തി നേരിട്ടുതന്നെ ഇത്തരം നിർദേശം നൽകിയിരുന്നു. ജയലളിത തിരിച്ചു മുറിയിലെത്തിയതിനു പിന്നാലെ ഈ ക്യാമറകൾ സ്വിച്ച് ഓൺ ചെയ്യാറുണ്ടായിരുന്നുവെന്നും ആശുപത്രിക്കുവേണ്ടി ഹാജരായ മൈമുന ബാദ്ഷ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

2016 സെപ്റ്റംബർ 23ന് ആദ്യത്തെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയപ്പോൾ ജയലളിത ഇടപെട്ടിരുന്നു. തന്റെ ആശുപത്രിവാസം പരസ്യമാക്കണമെന്നും ആളുകൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കരുതെന്നും അവർ നിർദേശിച്ചു. മാത്രമല്ല, തുടർന്നു പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനുകളെല്ലാം അന്നത്തെ ചീഫ് സെക്രട്ടറി, രാമ മോഹന റാവു, ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണൻ എന്നിവർ അംഗീകരിച്ചതിനുശേഷമാണു പുറത്തുവിട്ടതെന്നും അവർ കൂട്ടിച്ചേർത്തു. 2016 ഡിസംബർ അഞ്ചിനാണു ജയലളിത അന്തരിച്ചത്.