Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെംഗളൂരുവിൽ ബാറിൽ തീ; അഞ്ചു ജീവനക്കാർക്ക് ദാരുണാന്ത്യം

bangalore-fire തീപിടിച്ച ലഹരി: ബെംഗളൂരു കലാശിപാളയത്ത് ന്യൂ ബാംബൂ ബസാർ റോഡിലെ കൈലാഷ് ബാറിലുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ച ബാർകൗണ്ട‌റും മദ്യക്കുപ്പികളും. ചിത്രം: റോയിട്ടേഴ്സ്

ബെംഗളൂരു ∙ കലാശിപാളയ ന്യൂ ബാംബൂ ബസാർ റോഡിലെ കൈലാഷ് ബാറിലുണ്ടായ തീപിടിത്തത്തിൽ അഞ്ചു ജീവനക്കാർ മരിച്ചു. മൂന്നു പേർ പുകയിൽ ശ്വാസം മുട്ടിയും രണ്ടു പേർ പൊള്ളലേറ്റുമാണു മരിച്ചത്. വാരാന്ത്യമായതിനാൽ രാത്രി ഒരു മണിവരെ തുറന്നിരുന്ന ബാറിൽ  പുലർച്ചെ രണ്ടരയോടെയായിരുന്നു തീപിടിത്തം. 70 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണു ബാറും അതിന്റെ ഭാഗമായ റസ്റ്ററന്റും പ്രവർത്തിക്കുന്നത്.

ഷോർട്ട് സർക്യൂട്ട് കാരണം തീ പടരുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. പുറത്തുനിന്നു ഷട്ടറിട്ട ബാറിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നു ജീവനക്കാർ. പുറത്തേക്കിറങ്ങാൻ അടിയന്തര രക്ഷാ വാതിൽ ഉണ്ടായിരുന്നില്ല. തീയും പുകയും വ്യാപിക്കുന്നതിനിടെ, ഹാളിനോടു ചേർന്നുള്ള ശുചിമുറിയിൽ പ്രാണരക്ഷാർഥം കയറിയവരാണു ശ്വാസം മുട്ടി മരിച്ചതെന്നു പൊലീസ് പറഞ്ഞു. ബാർ ഉടമയെ അറസ്റ്റ് ചെയ്തു. മരിച്ചവരുടെ ബന്ധുക്കൾക്കു സർക്കാർ അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.