ഐ‌സിഎസ്ഇ, ഐഎസ്‌സി പാസ് മാർക്ക് കുറച്ചു

ന്യൂഡൽഹി∙ ഐ‌സിഎസ്ഇ, ഐഎസ്‌സി വിദ്യാർഥികൾക്കു സന്തോഷ വാർത്ത. രണ്ടു പരീക്ഷകളുടെയും പാസ് മാർക്ക് കുറയ്ക്കാൻ കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സിഐഎസ്‌സിഇ) തീരുമാനിച്ചു. ഐസിഎസ്ഇ (പത്താംക്ലാസ്) പരീക്ഷ വിജയിക്കാനുള്ള പാസ് മാർക്ക് നിലവിലുള്ള 35 ശതമാനത്തിൽ നിന്നു 33 ശതമാനമാക്കിയപ്പോൾ, ഐഎസ്‌സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷയുടേതു നാൽപ്പതിൽ നിന്നു 35 ശതമാനമാക്കി.

തീരുമാനം ഈ വർഷം പരീക്ഷ എഴുതുന്നവർക്കു മുതൽ ബാധകമാകുമെന്നു സിഐഎസ്‌സിഇ ചീഫ് എക്സിക്യൂട്ടീവും സെക്രട്ടറിയുമായ ജെറി അരാത്തോൺ അറിയിച്ചു. ഈ വർഷത്തെ ഐഎസ്‌സി പരീക്ഷ ഫെബ്രുവരി ഏഴിനാണ് ആരംഭിക്കുക. ഏപ്രിൽ രണ്ടിന് അവസാനിക്കും. പത്താംക്ലാസ് പരീക്ഷ ഫെബ്രുവരി 26നു തുടങ്ങി മാർച്ച് 28 നാണ് അവസാനിക്കുക. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ പരീക്ഷാ സമയക്രമത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.