ഒഎൻജിസി കോപ്റ്റർ അപകടം: മലയാളിക്കായി തിരച്ചിൽ തുടരുന്നു

കൊല്ലപ്പെട്ട ജോസ് ആന്റണി, പി.എൻ.ശ്രീനിവാസന്‍, വി.കെ.ബിന്ദുലാൽ ബാബു (മുകളിൽ നിന്ന് ഘടികാര ക്രമത്തിൽ)

മുംബൈ ∙ ബോംബെ ഹൈയിലെ എണ്ണ സംസ്കരണ പ്ലാറ്റ്ഫോമിലേക്ക് ഒഎൻജിസി ഉദ്യോഗസ്ഥരുമായി പറക്കവെ കടലിൽ തകർന്നുവീണ ഹെലികോപ്റ്ററിന്റെ എയർക്രാഫ്റ്റ് വോയ്സ് ഡേറ്റ റിക്കോർഡർ (വിഡിആർ) കണ്ടെടുത്തു.

മൂന്നു മലയാളികൾ ഉൾപ്പെടെ അഞ്ച് ഒഎൻജിസി ഡപ്യൂട്ടി ജനറൽ മാനേജർമാർ, രണ്ടു പൈലറ്റുമാർ എന്നിവരാണു കോപ്റ്ററിൽ ഉണ്ടായിരുന്നത്. രണ്ടു മലയാളികളുടേത് ഉൾപ്പെടെ ആറു മൃതദേഹങ്ങൾ കണ്ടെടുത്തു. ചാലക്കുടി സ്വദേശി വി.കെ. ബിന്ദുലാൽ ബാബുവിനായി തിരച്ചിൽ തുടരുകയാണ്. ആറാമത്തെ മൃതദേഹം ബാബുവിന്റേതല്ലെന്നു കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചതായി ഒഎൻജിസി കേന്ദ്രങ്ങൾ പറഞ്ഞു. ഇതോടെ, പൈലറ്റായ വി.സി. കടോചിന്റേതാണു മൃതദേഹമെന്ന നിഗമനത്തിലാണ് അധികൃതർ.  

മരിച്ച മലയാളികളായ ജോസ് ആന്റണിയുടെ മൃതദേഹം സ്വദേശമായ കോതമംഗലത്തും തൃശൂർ പൂങ്കുന്നം സ്വദേശി പി.എൻ. ശ്രീനിവാസന്റെ മൃതദേഹം അന്ധേരി സഹാർ റോഡിലെ ശ്മശാനത്തിലും സംസ്കരിച്ചു. തമിഴ്നാട് സ്വദേശിയായ ശരവണൻ, മുംബൈ കലീന നിവാസിയായ പങ്കജ് ഗാർഗ്, പൈലറ്റുമാരിൽ ഒരാളായ രമേഷ് ഓത്കർ എന്നിവരാണു മരിച്ച മറ്റുള്ളവർ.